നടന്മാരും സഹോദരങ്ങളുമായ സൂര്യയുടേയും കാര്‍ത്തിയുടേയും നേതൃത്വത്തിലുള്ള ചാരിറ്റി സംഘടനയായ അഗരം ഫൗണ്ടേഷന്റെ 15-ാം വാര്‍ഷികം കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഈ ഫൗണ്ടേഷന്റെ ലക്ഷ്യം. അഗരത്തിലൂടെ മികച്ച വിദ്യാഭ്യാസം നേടി ജോലി കണ്ടെത്തിയവരെ ആഘോഷത്തിന്റെ ഭാഗമായി ആദരിച്ചിരുന്നു. ഇതില്‍ പല വിദ്യാര്‍ഥികളും തങ്ങളുടെ ജീവിതകഥ പറഞ്ഞപ്പോള്‍ വേദിയിലിരിക്കുകയായിരുന്ന സൂര്യ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്.
ജയപ്രിയ എന്ന പെണ്‍കുട്ടി തന്റെ വിജയകഥ പറഞ്ഞപ്പോള്‍ സൂര്യയുടെ കണ്ണുകള്‍ നിറയുകയും ചെയ്തു. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന, വൈദ്യുതി പോലുമില്ലാത്ത കടലൂരിലെ ഒരു വീട്ടില്‍നിന്ന് വന്ന് അഗരത്തിന്റെ സഹായത്തോടെ പഠിച്ച് ഇന്‍ഫോസിസില്‍ പത്ത് ലക്ഷത്തോളം വാര്‍ഷിക ശമ്പളമുള്ള ടെക്നോളജി ലീഡ് ജോലി കിട്ടിയതിനെ കുറിച്ചാണ് ജയപ്രിയ സംസാരിച്ചത്.
അന്ന് തങ്ങളുടെ കൊച്ചുവീട് ചില ആളുകള്‍ തട്ടിയെടുത്തുവെന്നും ഇന്ന് തന്റെ അമ്മയുടെ പേരില്‍ രണ്ട് വീടുകളുണ്ടെന്നും ജയപ്രിയ പറയുന്നു. പത്ത് വര്‍ഷത്തെ പഠനത്തിനിടയില്‍ പെണ്‍കുട്ടികള്‍ പഠിച്ചിട്ട് എന്താണ് കാര്യം എന്ന ചോദ്യം താന്‍ പലപ്പോഴും നേരിട്ടുവെന്നും അവര്‍ക്കുള്ള മറുപടിയാണ് തന്റെ ജീവിതമെന്നും ജയപ്രിയ പറയുന്നു.
ജയപ്രിയയുടെ വാക്കുകള്‍
'കടലൂരില്‍ നിന്ന് വരുന്ന എന്റെ പേര് ജയപ്രിയ എന്നാണ്. 2014 ബാച്ചിലുള്ള വിദ്യാര്‍ഥിയാണ് ഞാന്‍. ഇപ്പോള്‍ വളരേയധികം സന്തോഷകരമായ ജീവിതമാണ് എനിക്കുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ എംഎന്‍സികളില്‍ ഒന്നായ ഇന്‍ഫോസിസില്‍ ടെക്നോളജി ലീഡായി ജോലി ചെയ്യുകയാണ് ഞാനിപ്പോള്‍.
ഇനി ഞാന്‍ എന്റെ കഥ പറയാം. എണ്‍പതുകളിലെ സിനിമകള്‍ പോലെയാണ് എന്റെ ജീവിതം തുടങ്ങുന്നത്. എന്റെ നാടും വീടുമെല്ലാം വളരെ ചെറുതാണ്. നഗരത്തില്‍ നിന്ന് അകന്ന് ഏറെ ദൂരെയായി മരങ്ങളുടേയും ചെടികളുടേയും നടുവിലാണ് എന്റെ വീട് സ്ഥിതി ചെയ്യുന്നത്. മണ്‍ചുമരുള്ള വീടായിരുന്നു. ഒരു ചെറിയ മഴ പെയ്താല്‍ ഉടന്‍ വെള്ളം കയറും. ഇടയ്ക്കിടെ അതിഥികളായി പാമ്പും പല്ലിയുമെല്ലാം വരും. വീട്ടില്‍ കറന്റ് ഉണ്ടായിരുന്നില്ല. വെള്ളം ഉണ്ടായിരുന്നില്ല. എന്നിട്ടും എനിക്ക് പഠിക്കാന്‍ ഒരുപാട് ഇഷ്ടമായിരുന്നു. ആളുകള്‍ എന്നെ തിരിച്ചറിഞ്ഞിരുന്നത് ഞാന്‍ പഠിക്കാന്‍ മിടുക്കിയാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ്. ഞാന്‍ നന്നായി പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും രാത്രി എന്റെ കയ്യില്‍ എപ്പോഴും പാഠപുസ്തകങ്ങള്‍ കാണും. ഞാന്‍ എപ്പോഴും പഠിച്ചു കൊണ്ടേയിരിക്കും.
വേറൊരു കാര്യം കൂടി പറയാനുണ്ട്. ഞാന്‍ നേരത്തേ എന്റെ വീടിനെക്കുറിച്ച് നിങ്ങളോട് പറഞ്ഞില്ലേ. ഇടക്ക് ഞങ്ങളുടെ വീട് ചിലര്‍ തട്ടിയെടുത്തു. ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികളാണ്. എന്റെ അച്ഛനും അമ്മയും വിദ്യാഭ്യാസമില്ലാത്തവരാണ്. അവര്‍ തീര്‍ത്തും ദരിദ്രരാണ്. അതോടെ ഞങ്ങള്‍ക്ക് വീട് ഇല്ലാതെയായി. ഞാന്‍ പ്ലസ് ടുവിന് നല്ല മാര്‍ക്ക് വാങ്ങി വിജയിച്ചു. സ്കൂളിലെ ടോപ്പര്‍ ആയിരുന്നു. പക്ഷേ അതിനുശേഷം എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയായിരുന്നു ഞാന്‍ ആ സമയത്ത് കടന്ന് പോയിരുന്നത്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് എന്റെ വിദ്യാഭ്യാസം, മറ്റൊന്ന് അഗരം. അഗരം ഫൗണ്ടേഷന് എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തില്‍ സംഭവിച്ച മനോഹരമായൊരു ആക്സിഡന്റ് ആയിരുന്നു എന്ന് പറയാം.
കാരണം എനിക്ക് അഗരം ഫൗണ്ടേഷനെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ആരും എന്നോട് ആ സ്ഥാപനത്തെക്കുറിച്ച് പറഞ്ഞിട്ടില്ലായിരുന്നു. ഒരിക്കല്‍ എന്റെ ഹെഡ്മിസ്ട്രസ് ഒരു പത്തക്കനമ്പര്‍ എന്റെ കയ്യില്‍ തന്നു. എന്നിട്ട് എന്നോട് പറഞ്ഞു. 'നീ ഒരു കാര്യം ചെയ്യൂ. ഈ നമ്പറിലേക്ക് ഒന്ന് വിളിക്കൂ. നിനക്ക് എന്താണോ വേണ്ടത് അത് നിനക്ക് ഇവിടെ നിന്ന് കിട്ടും'.
അങ്ങനെ 2014 മാര്‍ച്ച് മാസം ഞാന്‍ അവര്‍ തന്ന ആ നമ്പര്‍ ഡയല് ചെയ്തു. എന്റെ ജീവിതം അതിന് ശേഷം ഏറെ മനോഹരമായി മാറി. തമിഴ്നാട്ടിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സായ് റാമില്‍ പഠിക്കാനുള്ള അവസരം ലഭിച്ചു. അന്ന് കോളേജില്‍ ചേര്‍ന്ന സമയത്ത് ഞാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചു. എനിക്ക് ഇംഗ്ലീഷ് വഴങ്ങില്ലായിരുന്നു. ഞാന്‍ തമിഴ് മീഡിയത്തിലാണ് പഠിച്ചിരുന്നത്. ഇംഗ്ലീഷ് അത്ര പെട്ടെന്ന് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ഞാന്‍ വീണ്ടും അഗരത്തില്‍ ചെന്ന് എന്നെ സഹായിക്കണം എന്നവരോട് പറഞ്ഞു. അവര്‍ എനിക്ക് വേണ്ട കരിയര്‍ ഗൈഡന്‍സ് തന്നു. ഞാന്‍ അത് കൃത്യമായി പിന്തുടര്ന്നു. പിന്നീട് അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ പഠനം പൂര്‍ത്തിയാക്കി.
അതിനുശേഷം ഞാന്‍ ടിസിഎസ്എയില് ജോലി തുടങ്ങി. ഇപ്പോള്‍ ഞാന്‍ ഇന്‍ഫോസിസില്‍ ജോയിന്‍ ചെയ്തു. ഇത്രയൊക്കെ നേടിയിട്ടും എന്റെ ഒരു ആഗ്രഹം ബാക്കിയായി നിന്നു. അച്ഛനമ്മമാര്‍ക്ക് സമാധാനമായി തലചായ്ക്കാന്‍ പാകത്തിന് ഒരു വീട് വേണം എന്ന ആഗ്രഹം. അതും സാധിച്ചു. ഇന്ന് ഞാന്‍ വളരെ വലിയൊരു വീട് വച്ചിട്ടുണ്ട്. ഞാന്‍ നേരത്തെ നിങ്ങളോട് പറഞ്ഞില്ലേ, എന്റെ പക്കല്‍ ഉണ്ടായിരുന്ന വീട് ചിലര്‍ തട്ടിയെടുത്തു എന്ന്. 10 വര്‍ഷമായി അഗരം എനിക്ക് നല്കിയ വിദ്യാഭ്യാസത്തിലൂടെ നിയമപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഞാന്‍ എന്റെ വീട് തിരിച്ചെടുത്തു.
ഇന്നിപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. ഒരുകാലത്ത് ഞങ്ങള്‍ക്ക് വീട് ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ അമ്മ രണ്ട് വീടുകളുടെ ഉടമസ്ഥയാണ്. എന്തിനാണ് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതെന്നും അവരെ വിവാഹം കഴിപ്പിച്ച് അയക്കേണ്ടതല്ലേ എന്നും ഈ പത്ത് വര്‍ഷത്തിനിടെ പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇപ്പോഴും അങ്ങനെ പറയുന്നവരുണ്ടോ എന്ന് എനിക്കറിയില്ല. ഇനിയും അങ്ങനെ പറയുന്നവര്‍ ഉണ്ടെങ്കില്‍ എനിക്ക് അവരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ 'പെണ്‍കുട്ടികള്‍ പഠിക്കട്ടെ..'
Content Highlights: agaram foundation suryas emotional moment
Published: 05 Aug 2025, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented