തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ. മുൻപ് സമരപ്പന്തൽ നിന്നിടത്ത് താൽക്കാലികമായി രണ്ട് കമ്പുകൾ നാട്ടിയ ശേഷം ടാർപോളിൻ വലിച്ചുകെട്ടിയാണ് പുതിയ സമരപ്പന്തൽ നിർമ്മിച്ചിരിക്കുന്നത്.

To advertise here,

പന്തൽ വീണ്ടും കെട്ടുന്നത് പോലീസ് തടഞ്ഞത് സ്ഥലത്ത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. സമരപ്പന്തൽ പുനഃസ്ഥാപിക്കുന്നിടത്തേക്ക് പോലീസ് വന്നെങ്കിലും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് അവരെ പിൻവലിച്ചു. നിലവിൽ സെക്രട്ടറിയേറ്റിന്റെ സമരഗേറ്റിന് സമീപത്താണ് പോലീസ് നിലയുറപ്പിച്ചിരിക്കുന്നത്.

അതേസമയം, പുനഃസ്ഥാപിച്ച സമരപ്പന്തലിൽ റാങ്ക് ഹോൾഡർമാർ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന്, ഉദ്യോഗാർത്ഥിയായ ജയകൃഷ്ണന്റെ നേതൃത്വത്തിൽ 10 മുതൽ 15 വരെയുള്ള റാങ്ക് ഹോൾഡർമാർ ഇവിടെ സമരം തുടരുകയാണ്.

സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ വൻതോതിൽ പന്തലിനരികിലേക്ക് എത്തിയിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുതിർന്ന നേതാക്കളായ നേതാക്കളായ സി.എസ്. സുജാത, പി.കെ. ബിജു തുടങ്ങിയവരും സമരപ്പന്തലിലേക്ക് എത്തി.

സമാധാനപരമായി സമരം ചെയ്യുന്നവരെ പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതിയാണ് സർക്കാർ തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു.