കഴിഞ്ഞദിവസമാണ് ബോളിവുഡ് താരം ഐശ്വര്യാ റായ് കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ വീണ്ടുമെത്തിയത്. ഐശ്വര്യ എത്തുമോ എന്ന ആശങ്ക ആദ്യമുണ്ടായിരുന്നെങ്കിലും അതെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ഐശ്വര്യ മകൾ ആരാധ്യയ്‌ക്കൊപ്പം കാനിലെത്തിയത്. അതേസമയം കാനിലെത്തിയ ഐശ്വര്യയെ പ്രായത്തിന്റെ പേരിൽ പലരും വിമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഐശ്വര്യാ റായിക്കെതിരായ വിമർശനങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണാ റണൗട്ട്.

To advertise here,

കാനിൽ മികച്ച ലുക്കിലാണ് ഐശ്വര്യാ റായ് എത്തിയത് എന്ന് കങ്കണാ റണൗട്ട് പറയുന്നു. ആരേയും സന്തോഷിപ്പിക്കാനല്ല ഐശ്വര്യാ റായ് കാനിലെത്തിയത്. പ്രായമുള്ള സ്ത്രീകൾ റെഡ് കാർപ്പറ്റിലേയും പൊതു ഇടങ്ങളിലേയും ആധിപത്യം തുടരുന്നത് കാണുമ്പോൾ അസ്വസ്ഥതയുണ്ടാകുന്നവർ അതുമായി പൊരുത്തപ്പെടേണ്ടതാണെന്നും കങ്കണാ റണൗട്ട് പറഞ്ഞു.

കാനിലെത്തിയ ഐശ്വര്യാ റായിയുടെ ചിത്രം കങ്കണ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരുന്നു. നീല ഗൗണിൽ അതീവസുന്ദരിയായ ഐശ്വര്യയുടെ ചിത്രമാണ് താരം പങ്കുവെച്ചത്. ഇതിനൊപ്പമാണ് വിമർശനങ്ങൾക്കെതിരായ തന്റെ നിലപാടും കങ്കണ കുറിച്ചത്.

'ഫാഷനും സ്റ്റൈലും ആത്മപ്രകാശനമാണ്. ജീവിതത്തേയും മനോഭാവത്തേയും കുറിച്ചുള്ള സ്വന്തം വ്യാഖ്യാനമാണ്. ഒരു സ്ത്രീയും ആരോടും കടപ്പെട്ടിരിക്കുന്നില്ല. ആഷിന്റെ ലുക്ക് അടിപൊളിയാണ്. അവരെ മറ്റൊരു രീതിയിൽ കാണാൻ ആഗ്രഹിക്കുന്നവർ നിങ്ങൾ എങ്ങനെയാണെന്ന് കാണിക്കൂ. നിങ്ങളെ സന്തോഷിപ്പിക്കാനല്ല അവർ ഇവിടെ എത്തിയത്. പ്രായമുള്ള സ്ത്രീകൾ റെഡ് കാർപ്പറ്റിലേയും പൊതു ഇടങ്ങളിലേയും ആധിപത്യം തുടരുന്നത് കാണുമ്പോൾ അസ്വസ്ഥതയുണ്ടാകുന്നവർ ഇനിയെങ്കിലും അതുമായി പൊരുത്തപ്പെടണം.' -ഇതാണ് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.