ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ട് ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ ഐശ്വര്യാ റായ് കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റിൽ എത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യാ ബച്ചനും കാനിലെ റെഡ് കാർപ്പറ്റിൽ ചുവടുവെച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ആരാധ്യ കാനിലെ റെഡ് കാർപ്പറ്റിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

To advertise here,

അമ്മ ഐശ്വര്യയുടെ കൈ പിടിച്ചുകൊണ്ടാണ് ആരാധ്യ റെഡ് കാർപ്പറ്റിലേക്ക് നടന്നത്. നേരത്തേ നീല ഗൗണിൽ ഐശ്വര്യാ റായ് റെഡ് കാർപ്പെറ്റിൽ ചുവടുവെച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് മകൾക്കൊപ്പം ഐശ്വര്യ വീണ്ടും റെഡ് കാർപ്പെറ്റിലെത്തിയത്. രണ്ടാം വരവിൽ പിങ്ക് നിറത്തിലുള്ള ഗൗണാണ് ഐശ്വര്യാ റായ് ധരിച്ചിരുന്നത്. സോഫി കൊച്ചറാണ് ഇത് രൂപകൽപ്പന ചെയ്തത്. 3ഡി അലങ്കാരപ്പണികളാണ് ഐശ്വര്യയുടെ ഗൗണിലുണ്ടായിരുന്നത്.

 

അതേസമയം അമ്മയേക്കാൾ ശ്രദ്ധയാകർഷിച്ചത് 14-കാരിയായ മകൾ ആരാധ്യയാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. ചുവന്ന ഗൗണിലാണ് താരപുത്രി തിളങ്ങിയത്. ഐശ്വര്യയുടേയും ആരാധ്യയുടേയും കാൻ റെഡ് കാർപ്പറ്റിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അമ്മയും മകളും ഒന്നിച്ചുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഒട്ടേറെ പേരാണ് ഇരുവേയും പ്രശംസിച്ച് കമന്റുകളിട്ടത്. 'രാജ്ഞിയും രാജകുമാരിയും' എന്നാണ് ഒരാളുടെ കമന്റ്. 'ആരാധ്യയെ കാണാൻ അമ്മയെ പോലെ തന്നെയുണ്ട്' എന്ന് മറ്റൊരാൾ. 'ലോകത്തെ ഏറ്റവും സുന്ദരിയായ അമ്മ ലോകത്തെ ഏറ്റവും സുന്ദരിയായ മകൾക്കൊപ്പം' എന്നായിരുന്നു ഇനിയൊരാൾ കുറിച്ചത്.