തന്റെ വളർച്ചയിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് സ്ഥിരോത്സാഹവും വിനയവുമാണെന്ന് കെസിയ വിശ്വസിക്കുന്നു.

കാൻ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി തിരുവല്ല സ്വദേശി കെസിയ തോമസ്. വിഖ്യാതമായ ചലച്ചിത്രമേളയിൽ രണ്ട് പ്രധാനപ്പെട്ട പുരസ്കാരങ്ങളാണ് കെസിയയെ തേടിയെത്തിയത്. ബെസ്റ്റ് കംപോസർ ഓഫ് ദ ഫ്യൂച്ചർ, ബെസ്റ്റ് സൗണ്ട്ട്രാക്ക് എന്നീ പുരസ്കാരങ്ങളാണ് കെസിയ സ്വന്തമാക്കിയത്. മൈലോ എന്ന ഹ്രസ്വചിത്രമാണ് കെസിയയെ ഈ നേട്ടങ്ങൾക്ക് അർഹയാക്കിയത്. ഇറ്റലിയിൽ നടന്ന വെറോണ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ലോസ് ആഞ്ചലിസിൽ നടന്ന ഇൻഡിപെൻഡന്റ് ഷോർട്സ് അവാർഡ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ സെമി ഫൈനലിസ്റ്റുമായിരുന്നു മൈലോ സിനിമയും കെസിയയും.
ബെംഗളൂരുവിൽ ജനിച്ച് ഇപ്പോൾ ബോസ്റ്റണിലെ ബെർക്ലി കോളേജ് ഓഫ് മ്യൂസിക്കിൽ (Berklee College of Music) അവസാന സെമസ്റ്റർ പൂർത്തിയാക്കുകയാണ് കെസിയ. തന്റെ ജീവിതാനുഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഓർക്കസ്ട്രൽ സംഗീതത്തെ ആധുനിക ഇലക്ട്രോണിക് ശൈലിയുമായും എത്ത്നിക് സ്വാധീനങ്ങളുമായും കോർത്തിണക്കിയാണ് കെസിയ സൃഷ്ടികൾ നടത്തുന്നത്. സിനിമയോടും സംഗീതത്തോടുമുള്ള അഭിനിവേശം ഒരേപോലെ കൊണ്ടുപോകാൻ സാധിക്കുന്നതിനാൽ ചലച്ചിത്ര സംഗീത സംവിധാനം ഇവർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സംഗീതത്തിലൂടെ ഒരു കഥയുടെ വൈകാരികാനുഭവങ്ങളെ എങ്ങനെ രൂപപ്പെടുത്താം എന്ന് പര്യവേക്ഷണം ചെയ്യാനാണ് കെസിയയുടെ ആഗ്രഹം.
പഠനത്തിന് പുറമെ, വിമെൻസ് ഫിലിം ഇനിഷ്യേറ്റീവ് ക്ലബ്ബിന്റെ (Women’s Film Initiative Club) പ്രസിഡന്റ് എന്ന നിലയിൽ, വനിതാ സംഗീതസംവിധായകർക്കും സിനിമാപ്രവർത്തകർക്കും പിന്തുണ നൽകുന്ന ഒരു സർഗ്ഗാത്മക കൂട്ടായ്മ വളർത്തിയെടുക്കാൻ കെസിയയ്ക്ക് സാധിച്ചു. ബെർക്ലിയിലെ 'വാലിഡിക്ടോറിയൻ', 'കമ്മെൻസ്മെന്റ് സ്പീക്കർ' എന്നീ ഉന്നതമായ ബഹുമതികൾക്കും ഇവർ അർഹയായി. സൗത്ത് ഈസ്റ്റ് ഏഷ്യൻ അമേരിക്കൻ ജേർണീസ്, റോബോയൂജെനിക് എന്നിവയാണ് കെസിയയുടെ മറ്റ് പ്രോജക്റ്റുകൾ.
തന്റെ വളർച്ചയിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് സ്ഥിരോത്സാഹവും വിനയവുമാണെന്ന് കെസിയ വിശ്വസിക്കുന്നു. പരാജയങ്ങളിൽ തളരാതെ പരിശ്രമം തുടരുക എന്നത് പ്രധാനമാണ്. വളർച്ചയ്ക്ക് സമയമെടുക്കുമെന്നും പൂർണ്ണതയേക്കാൾ പ്രധാനം തുടർച്ചയായ പരിശ്രമമാണെന്നും കെസിയ വ്യക്തമാക്കുന്നു. എത്ര വലിയ നേട്ടങ്ങൾ കൈവരിച്ചാലും വിനയത്തോടെയിരിക്കുകയും മറ്റുള്ളവരിൽ നിന്ന് പഠിക്കാനുള്ള സന്നദ്ധത നിലനിർത്തുകയുമാണ് വേണ്ടത്. അഹങ്കാരം വളർച്ചയെ തടയുമെന്നും വിനയം പുതിയ അറിവുകളിലേക്ക് വഴിതുറക്കുമെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.
Content Highlights: Kottayam native Keziah Thomas made history at the Cannes Film Festival by winning the Best Composer of the Future and Best Soundtrack awards for her music in the film Milo.
Published: 28 Jul 2026, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented