ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്ന വ്യത്യസ്തമായ ചിത്രം ലോകോത്തര ചലച്ചിത്രമേളയായ ഫ്രാൻസിലെ കാൻ മേളയിൽ പ്രദർശിപ്പിച്ചത് ഇന്ത്യൻ സിനിമയുടെ അഭിമാനമുഹൂർത്തമായിരുന്നു. മലയാള സിനിമയിൽ ഒരു കൾട്ട് ഫിഗർ ആയിരുന്നു ജോൺ എബ്രഹാം. നിർമാണ രീതിയാലും കഥാപാത്രസൃഷ്ടി കൊണ്ടും ചിത്രീകരണത്താലും വേറിട്ടുനിന്ന സൃഷ്ടിയാണ് അമ്മ അറിയാൻ. പ്രഥമ പ്രദർശനത്തിന് (1986) ശേഷം നാല് പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ പടത്തിന്റെ റീസ്റ്റോർഡ് പ്രിന്റ് കാനിൽ വേൾഡ് പ്രീമിയർ ആയാണ് പ്രദർശിപ്പിച്ചത്. ഇങ്ങനെ പ്രദർശിപ്പിക്കുന്ന ആദ്യപടം അരവിന്ദന്റെ തമ്പായിരുന്നു. ശിവേന്ദ്ര സിങ് ദുൻഗാപൂറിന്റെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ആണ് റീസ്റ്റോറേഷൻ നടത്തിയത്.

To advertise here,

ഇന്ത്യൻ സിനിമയിലെ ആദ്യ ജനകീയ രചനയായാണ് അമ്മ അറിയാൻ വിശേഷിപ്പിക്കപ്പെട്ടത്. ജനങ്ങൾ നൽകിയ സംഭാവനകൾ കൊണ്ടും അഭ്യുദയകാംക്ഷികളുടെയും ചലച്ചിത്ര ആസ്വാദകരുടെയും സഹായംകൊണ്ടും നിർമാണം പൂർത്തിയാക്കിയ പടത്തിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള നിരവധി ചെറുപ്പക്കാർ ഭാഗബാക്കുകളായി. അക്കാലത്തെ നെക്സ്‌ലൈറ്റ് പ്രസ്ഥാനത്തെപ്പറ്റിയും യുവാക്കളുടെ തിരോധാനത്തെക്കുറിച്ചും എല്ലാം ഒരു കലാകാരൻ ഉറക്കെ ചിന്തിച്ചതിന്റെ പരിണിതഫലമാണ് അമ്മ അറിയാൻ. ഒന്നല്ല ഒരുപാട് അമ്മമാരെ വസ്തുതകൾ അറിയിക്കുവാനുള്ള ഒരു യത്നം കൂടിയായിരുന്നു അത്.

ജോൺ എബ്രഹാമിന്റെ സാന്നിധ്യത്തിൽ പടം ഡൽഹിയിൽ പ്രദർശിപ്പിച്ചപ്പോഴാണ് കണ്ടത്. അദ്ദേഹത്തിന്റെ പ്രസിദ്ധികൊണ്ടും പുതിയ പടം ആയതിനാലും നിറഞ്ഞ സദസ്സിൽ ആയിരുന്നു പ്രദർശനം. തുടക്കത്തിൽ തന്നെ ജോൺ പറഞ്ഞു. 'മുഖവുരയായി എനിക്കൊന്നും പറയാനില്ല. പടം നിങ്ങളോട് സംവദിക്കും'. സ്‌ക്രീനിങ്ങിനു ശേഷം ജോണുമായി സംസാരിക്കുവാൻ കാണികൾക്ക് അവസരം ഒരുക്കിയിരുന്നു. വ്യായാമം ചെയ്യുമ്പോൾ നെൽസൺ മണ്ടേല എന്ന് ഉറക്കെ വിളിക്കുന്നത് ചോദ്യം ചെയ്യപ്പെട്ടപ്പോൾ ജോൺ പറഞ്ഞു 'നെൽസൺ മണ്ടേല ഒരു വ്യക്തിയല്ല പ്രസ്ഥാനം തന്നെയാണ്. ഒരു ചരിത്രവും'.

അമ്മ അറിയാൻ ചിത്രീകരണം പണമില്ലാതെ നിലച്ചുപോയ പല അവസരങ്ങളെക്കുറിച്ചും ചെലവൂർ വേണു പറയുമായിരുന്നു. ഒരിക്കൽ പണത്തിന് അത്യാവശ്യം സന്ദർഭത്തിൽ ചെലവൂർ വേണുവും ജോൺ എബ്രഹാമും കൂടി കഥാകൃത്ത് പട്ടത്തുവിള കരുണാകരനെ പോയി കാണാൻ തീരുമാനിച്ചു. വിവരമെല്ലാം കേട്ട ശേഷം പട്ടത്തുവിള അവരോട് അടുത്ത ദിവസം വരുവാൻ പറഞ്ഞപ്പോൾ പ്രതീക്ഷയോടെ അവർ ഇരുവരും മടങ്ങി. പിറ്റേന്ന് പട്ടത്ത് വിളയുടെ വീട്ടിലെത്തിയ ചെലവൂർ വേണുവിനെയും ജോൺ എബ്രഹാമിനെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം നൽകിയത് 5000 രൂപയായിരുന്നു. അന്ന് അതൊരു വലിയ സംഖ്യയാണ്. അങ്ങനെ പല വ്യക്തികളിൽ നിന്ന് അപ്രതീക്ഷിതമായി സഹായം ലഭിച്ച അനുഭവങ്ങൾ ചെലവൂർ പറഞ്ഞിട്ടുണ്ട്. പടത്തിന്റെ ചിത്രീകരണത്തോടൊപ്പം സഞ്ചരിച്ചവരിൽ ഹരിനാരായണനും മധു മാഷും പ്രേംചന്ദുമെല്ലാം ഉൾപ്പെടുന്നു.

അമ്മ അറിയാന് വേണ്ടി ക്യാമറ ചലിപ്പിച്ച വേണു പിന്നീട് മലയാളത്തിലെ മികച്ച ചായാഗ്രഹകരിൽ ഒരാളായി. പത്മരാജൻ- വേണു കൂട്ടുകെട്ട് മലയാളത്തിലെ മികച്ച സിനിമകളിൽ ചിലതിന്റെ കാരണക്കാരായി. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജോയ് മാത്യു നാടകരംഗത്തും സിനിമയിലും ശോഭിച്ച അഭിനേതാവാണ്. കൂടെ അരങ്ങത്തും അണിയറയിലും നിരവധി നവാഗതരായ ചെറുപ്പക്കാർ അണിനിരക്കുകയും ചെയ്തിരുന്നു. കാൻ ചലച്ചിത്രമേളയിലെ പ്രത്യേക പ്രദർശനത്തിന് ജോയ് മാത്യു, പടത്തിന്റെ എഡിറ്റർ ബീനാപോൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കാനിലെ റെഡ് കാർപെറ്റിലൂടെ ജോയ് മാത്യുവും സംഘവും നടന്നത് മലയാള സിനിമയുടെയും ഇന്ത്യൻ സിനിമയുടെയും മാസ്മരമുഹൂർത്തം തന്നെ. യാത്ര ഒരു മെറ്റഫറായി ഉപയോഗിച്ച് സൃഷ്ടിയാണ് അമ്മ അറിയാൻ. അക്കാലത്തെ സംഭവവികാസങ്ങൾക്കും ആശയസംഹിതകൾക്കും നേരെ പിടിച്ച ഒരു കണ്ണാടി പോലെ ലളിതവും സുതാര്യവും.

ജോൺ തിരക്കഥ എഴുതിയ പടത്തിന്റെ എഡിറ്റിങ് നിർവഹിച്ച ബീന പോളും സൗണ്ട് റെക്കോർഡ് ചെയ്ത കൃഷ്ണനുണ്ണിയും പടം നൽകിയത് നവീനമായ അനുഭവം തന്നെയെന്ന് സാക്ഷ്യപ്പെടുത്തുന്നു. എഡിറ്റിങ്ങിൽ ഒരു റിലേണിങ്ങാണ് ജോൺ നൽകിയത് എന്ന് ബീനാപോൾ പറഞ്ഞിട്ടുണ്ട്. ഡബ്ബിങ്ങിന്റെയും മിക്സിങ്ങിന്റെയും അവസരത്തിൽ ജോണിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നത് കൃഷ്ണനുണ്ണി ഓർക്കുന്നു. അദ്ദേഹം വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിരുന്നത് കൃഷ്ണനുണ്ണി ഓർമിക്കുന്നു. പ്രിന്റ് ആയതിനാലും ചില സ്ഥലങ്ങളിലെ അശ്രദ്ധമായ പ്രദർശനം കൊണ്ടും സൗണ്ട് ട്രാക്കിന് ദോഷം പറ്റിയതും ശബ്ദ ചിത്രീകരണത്തെ ബാധിച്ചതും കൃഷ്ണനുണ്ണി പറഞ്ഞു. 'പലപ്പോഴും ശബ്ദം മുറിഞ്ഞു പോകുന്നതുപോലെയും അനുഭവപ്പെടുന്നു. പ്രിന്റിനുണ്ടാകുന്ന പ്രശ്നം തന്നെയാണ് ഇത്'.

ഡൽഹിയിൽ വെച്ച് ജോൺ എബ്രഹാമിനെ പലതവണ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഫിറ്റ് അല്ലെങ്കിൽ നർമത്തോടെ കാര്യമാത്ര പ്രസക്തമായി സംസാരിക്കുന്ന ജോൺ പച്ചയല്ലെങ്കിൽ എന്തും പറയുന്ന അവസ്ഥയായിരുന്നു. അരവിന്ദന്റെ ഒരിടത്ത് പ്രദർശനത്തിന് സത്യജിത് റായ് വന്നപ്പോൾ പരിസരത്ത് ജോൺ ഉണ്ടായിരുന്നു. കാണുന്നില്ലേ എന്ന് ചോദിച്ചപ്പോൾ. ഈ കണ്ടീഷനിൽ കാണുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്.

കൊണോട്ട് പ്ലേസിൽ ഒരു ദിവസം ജോൺ എബ്രഹാമിനെ യാദൃച്ഛികമായി കണ്ടപ്പോൾ കോഫി ഹൗസിലേക്ക് ക്ഷണിച്ചു. ഉടനെ അദ്ദേഹം ചോദിച്ചു 'ഇവിടെ കോഫി അല്ലാതെ പട്ട കിട്ടുന്ന സ്ഥലം അറിയില്ലേ'.

‘ഇല്ല’.

‘ഒരു ജേണലിസ്റ്റ് ആദ്യം അറിയേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്’, ചെറുപുഞ്ചിരിയോടെ ജോൺ പറഞ്ഞു. 'ഇവിടെ അടുത്ത് ബാർ ഉണ്ട്'.

'അതല്ല നാടൻ സാധനം. പാഹാഡ് ഗഞ്ചിലും മറ്റും കിട്ടും'.

'അത് ദൂരെയാണ്'.

'ഓക്കേ ബൈ.'

പതിയെ നടന്ന ആൾക്കൂട്ടത്തിൽ മറഞ്ഞ ജോൺ എബ്രഹാം എന്ന സംവിധായകനെ നോക്കി നിന്നപ്പോൾ അമ്മ അറിയാനിലെ ചില രംഗങ്ങൾ മനസ്സിലേക്ക് എത്തി. അകാലത്തിൽ കാലയവനികക്കുള്ളിൽ മറിയുന്നതിനു മുമ്പ് അദ്ദേഹം സംവിധാനം ചെയ്ത ശ്രദ്ധേയമായ ചിത്രങ്ങളാണ് വിദ്യാർഥികളെ ഇതിലെ ഇതിലെ, അഗ്രഹാരത്തിൽ കഴുതൈ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്നിവ. അന്നത്തെപ്പോലെ ഇന്നും പ്രസക്തമായ സൃഷ്ടികൾ.