
ഇക്കഴിഞ്ഞ ഏപ്രില്‍ 22-നാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്ക്കും തമിഴ് നടന്‍ വിഷ്ണു വിശാലിനും പെണ്‍കുഞ്ഞ് പിറന്നത്. ഇരുവരുടേയും നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ തന്നെ പൊന്നോമന എത്തിയതിന്റെ സന്തോഷം ദമ്പതിമാര്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞദിവസമായിരുന്നു കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടന്നത്. സാക്ഷാല്‍ ആമിര്‍ ഖാനാണ് കുഞ്ഞിന് പേരിട്ടത്. ഹൈദരാബാദിലേക്ക് പറന്നെത്തിയാണ് ആമിര്‍ ചടങ്ങില്‍ പങ്കെടുത്തത്. കുഞ്ഞിനെ കിട്ടാനായുള്ള ഐവിഎഫ് ചികിത്സയ്ക്ക് ആമിർ തങ്ങളെ എങ്ങനെയൊക്കെയാണ് സഹായിച്ചതെന്ന് പറയുകയാണ് ഇപ്പോൾ വിഷ്ണു വിശാൽ.
വീണ്ടും അമ്മയാകാനുള്ള ആഗ്രഹം ജ്വാല ഉപേക്ഷിച്ച ഘട്ടത്തില്‍ ആമിര്‍ ഖാനാണ് തങ്ങളെ സഹായിച്ചതെന്ന് വിഷ്ണു വിശാല്‍ പറഞ്ഞു. ഡോക്ടറുടെയടുത്ത് കൊണ്ടുപോയത് ആമിറാണെന്നും 10 മാസം അദ്ദേഹത്തിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ് ജ്വാല താമസിച്ചതെന്നും വിഷ്ണു വിശാല്‍ പറഞ്ഞു.
'അതൊരു സ്‌പെഷ്യല്‍ മൊമെന്റായിരുന്നു. ഞാനും ജ്വാലയും രണ്ട് വര്‍ഷത്തോളം കുഞ്ഞിനെ കിട്ടാനായി ശ്രമിച്ചു. അവള്‍ക്ക് 41 വയസായിരുന്നതിനാല്‍ അത് സംഭവിച്ചില്ല. ഞങ്ങള്‍ ഒരുപാട് ഐവിഎഫ് ചികിത്സകള്‍ നടത്തി. അഞ്ചോ ആറോ തവണ ശ്രമിച്ച് പരാജയപ്പെട്ടതോടെ ജ്വാല വീണ്ടും അമ്മയാകാനുള്ള തന്റെ ആഗ്രഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ആമിര്‍ സാര്‍ വരുന്നത്.' -വിഷ്ണു വിശാല്‍ പറഞ്ഞു.
'ഞാന്‍ ആമിര്‍ സാറിനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. 'എല്ലാം നിര്‍ത്തി മുംബൈയിലേക്ക് വരൂ' എന്ന് അദ്ദേഹം പറഞ്ഞു. അവിടെ അദ്ദേഹം ഞങ്ങളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. 10 മാസം ജ്വാലയെ സ്വന്തം വീട്ടില്‍ സ്വന്തം കുടുംബത്തോടൊപ്പം താമസിപ്പിച്ചു. ഓരോ തവണയും ഞാന്‍ അവിടെ പോയിവരുമ്പോള്‍ സ്വന്തം കുടുംബത്തിലെ ഒരാളെന്ന പോലെയാണ് അവരെന്നെ പരിഗണിച്ചത്. അദ്ദേഹം ഞങ്ങള്‍ക്കായി ചെയ്തത് അനുഗ്രഹമാണ്.' -വിഷ്ണു തുടര്‍ന്നു.
'അങ്ങനെ രണ്ടോ മൂന്നോ ഐവിഎഫ് ശ്രമങ്ങള്‍ക്കുശേഷം ജ്വാല ഗര്‍ഭിണിയായി. ആ സമയത്ത് തന്നെ ഞാന്‍ ആമിര്‍ സാറിനോട് പറഞ്ഞു, താങ്കളാണ് ഈ കുഞ്ഞിന് പേരിടാന്‍ പോകുന്നതെന്ന്. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ മിറയെ ഞങ്ങള്‍ക്ക് കിട്ടില്ലായിരുന്നു. അതുകൊണ്ടാണ് ചടങ്ങിനിടെ സംസാരിക്കുമ്പോള്‍ ജ്വാല കരഞ്ഞത്.' -വിഷ്ണു വിശാല്‍ പറഞ്ഞുനിര്‍ത്തി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Also Read: 'ഗൗരിയുമായുള്ള വിവാഹം നേരത്തേ കഴിഞ്ഞു, എന്റെ ഹൃദയത്തില്‍'; പ്രണയത്തേക്കുറിച്ച് വാചാലനായി ആമിര്‍ ഖാൻ
Content Highlights: Vishnu Vishal says Aamir Khan hosted Jwala Gutta for 10 months during her IVF journey
Published: 10 Jul 2025, 08:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented