ഐ.വി.എഫ്. ചികിത്സാകാലത്ത് നേരിട്ട വെല്ലുവിളികളേക്കുറിച്ചു തുറന്നുപറഞ്ഞ് നടിയും മോഡലുമായ അനുഷ്ക രഞ്ജൻ. ഒരു പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കവേയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുന്നതിനുമുമ്പ് ക‌‌ടന്നുപോയ പ്രതിസന്ധികളേക്കുറിച്ച് അനുഷ്ക പങ്കുവെച്ചത്.

To advertise here,

താനും ഭർത്താവും നടനുമായ ആദിത്യ സീലും ചേർന്ന് സ്വാഭാവിക ഗർഭധാരണത്തിനാണ് ശ്രമിച്ചത്. ആറുമാസംമുതൽ ഒരുവർഷത്തിനുള്ളിൽ സ്വാഭാവിക ഗർഭധാരണത്തിനു ശ്രമിക്കൂയെന്നാണ് ഡോക്ടർമാരും പറഞ്ഞത്. ക്രമേണ ഐ.വി.എഫ്. തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. പക്ഷേ അതുമുതൽ തന്റെ മാനസികനില പ്രശ്നമായിരുന്നുവെന്ന് അനുഷ്ക പറയുന്നു. തന്റെ ശരീരത്തിൽ എന്തോ കുറവുണ്ടെന്ന തോന്നലായിരുന്നു. കുട്ടികൾക്കുവേണ്ടി ശ്രമിക്കുന്നുണ്ടെന്ന് പറയാൻ എളുപ്പമാണ്. പക്ഷേ ചില സ്ത്രീകൾക്ക് അത് കഷ്ടമാണ്. നിങ്ങളെ മുൻവിധിയോടെ മറ്റുള്ളവർ സമീപിക്കുമോയെന്ന തോന്നലുണ്ടാകും- അനുഷ്ക പറയുന്നു.

ഐ.വി.എഫ്. കാലത്ത് അനുഷ്ക കടന്നുപോയ ശാരീരിക വേദനയേക്കുറിച്ച് ആദിത്യയും പങ്കുവെച്ചു. ഒരുഘട്ടമെത്തിയപ്പോൾ ഐ.വി.എഫ് വിജയകരമായില്ലെങ്കിൽ ഇനിയൊരിക്കൽ അതേ പ്രക്രിയയിലൂടെ കടന്നുപോവില്ലെന്നും തീരുമാനിച്ചു. ഒരിക്കൽക്കൂടി അനുഷ്കയെ അത്തരം ശാരീരിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകാൻ അനുവദിക്കരുത് എന്നതുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത്. ഇരുവരും കുഞ്ഞിനെ ദത്തെടുക്കുന്നതിനേക്കുറിച്ചുപോലും ചിന്തിച്ചിരുന്നുവെന്നും അനുഷ്ക പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അനുഷ്കയും ആദിത്യയും ഇരട്ടക്കുട്ടികളുടെ അച്ഛനമ്മമാരായത്.

ഐ.വി.എഫിലൂടെ കുഞ്ഞിനു ജന്മം നൽകിയതിനേക്കുറിച്ച് അടുത്തിടെ ബോളിവുഡ് സംവിധായിക ഫറാ ഖാനും തുറന്നുപറഞ്ഞിരുന്നു. ഐവിഎഫിനായി ശ്രമിക്കുമ്പോൾ തനിക്ക് നാൽപ്പത്തിരണ്ട് വയസ്സായിരുന്നുവെന്നും നാൽപ്പത്തിമൂന്നാം വയസ്സിൽ താൻ അമ്മയായെന്നുമാണ് ഫറാ പറഞ്ഞത്. മൂന്നു മക്കൾ ആയിരിക്കുമെന്ന് താൻ കരുതിയിരുന്നില്ല. ഒരാളെങ്കിലും ഉണ്ടാകുമെന്നാണ് കരുതിയത്. പൊതുവേ പ്രസവിക്കാനുള്ള പ്രായം കടന്നാണ് താൻ ആദ്യത്തെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്നും ഫറാ പറഞ്ഞിരുന്നു.

ഐ.വി.എഫ്.

സ്വാഭാവികമായി നടക്കേണ്ട അണ്ഡ-ബീജ സംയോജനം ശരീരത്തിന് പുറത്ത്, ലാബിൽ കൃത്രിമമായി സാധ്യമാക്കുന്ന പ്രക്രിയയാണ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്). അങ്ങനെ ലാബിൽ വളർത്തിയെടുക്കുന്ന ഭ്രൂണത്തെ ഗർഭപാത്രത്തിൽ തിരികെ നിക്ഷേപിക്കുകയും ചെയ്യുന്നു.

ആർക്കൊക്കെ അനുയോജ്യം ?

അണ്ഡവാഹിനിക്കുഴലിന് തടസ്സം, എൻഡോമെട്രിയോസിസ് എന്നീ പ്രശ്നങ്ങളുള്ളവരിൽ ഐ.വി.എഫ്. പ്രയോജനപ്പെടുത്താറുണ്ട്. കൂടാതെ ബീജത്തിന്റെ ചലനക്കുറവും എണ്ണക്കുറവും ഉള്ളവർക്കും ഐ.വി.എഫ്. ആവശ്യമായി വരാം. കൃത്യമായ കാരണം കണ്ടെത്താൻ കഴിയാത്ത വന്ധ്യതയുള്ളവർക്കും ഐ.വി.എഫ്. നിർദേശിക്കാറുണ്ട്. ഇൻട്രായൂട്ടറൈൻ ഇൻസെമിനേഷൻ (ഐ.യു.ഐ.) ചികിത്സ പരാജയപ്പെട്ടവർക്കും ഐ.വി.എഫ്. വേണ്ടിവരും.

ചികിത്സാരീതി

കൂടുതൽ അണ്ഡങ്ങളെ ഒരേസമയം പാകമാക്കാൻ ഗൊണോഡോട്രോപ്പിൻ എന്ന ഹോർമോൺ ഇഞ്ചക്ഷൻ നൽകും. വജൈനൽ അൾട്രാസൗണ്ട് വഴി അണ്ഡത്തിന്റെ വളർച്ച നിരന്തരം വിലയിരുത്തും. അതിനനുസരിച്ച് ഹോർമോൺ ഇഞ്ചക്ഷന്റെ അളവിലും മാറ്റം വരുത്തും.

അണ്ഡമുള്ള ഫോളിക്കളുകൾക്ക് 18 മില്ലി മീറ്ററെങ്കിലും വലുപ്പം ആകുന്നതോടെ അണ്ഡവിസർജനത്തിന് പാകമാക്കാൻ സഹായിക്കുന്ന ഹ്യൂമൺ കോറിയോണിക് ഗൊണാഡോട്രോഫിൻ ഇഞ്ചക്ഷൻ നൽകും. ഈ ഇഞ്ചക്ഷൻ നൽകിയശേഷം 34-36 മണിക്കൂറുകൾക്കുശേഷമാണ് അണ്ഡങ്ങൾ ശേഖരിക്കുക.

അൾട്രാസൗണ്ട് പ്രോബ് ഉപകരണത്തോട് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സൂചി ഉപയോഗിച്ചാണ് ഇരു അണ്ഡാശങ്ങളിൽനിന്നും അണ്ഡങ്ങൾ ശേഖരിക്കുന്നത്. ശേഖരിച്ച അണ്ഡങ്ങൾ ഉടൻ ലാബിലെ കൾച്ചർ മീഡിയമുള്ള ഡിഷിലേക്ക് മാറ്റും. 4-5 മണിക്കൂറിനുള്ളിൽ ഇതിലേക്ക് ഏറ്റവും ഗുണമേന്മയുള്ള ബീജങ്ങളെ നിക്ഷേപിക്കും. 16-20 മണിക്കൂറിനുശേഷം പരിശോധിക്കുമ്പോൾ ബീജസങ്കലനം നടന്നോ എന്ന് മനസ്സിലാക്കാനാകും.

ബീജസങ്കലനത്തിനുശേഷം അഞ്ചുദിവസംവരെ ലാബിൽതന്നെ വളരാൻ അനുവദിക്കും. അതിൽ ഏറ്റവും മികച്ച ഭ്രൂണത്തെയാണ് ഗർഭപാത്രത്തിൽ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുക. ആറുമുതൽ പത്തുവരെ കോശങ്ങളുള്ള ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) എന്ന ഭ്രൂണവളർച്ചാ ഘട്ടത്തിലാണ് ഇതിനെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. ഗർഭാശയമുഖത്തിലൂടെ കടത്തുന്ന കത്തീറ്ററിലൂടെ അൾട്രാസൗണ്ട് സഹായത്തോടെയാണ് ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുക. അതിനുമുൻപുതന്നെ ഭ്രൂണത്തെ സ്വീകരിക്കാൻ ഗർഭപാത്രത്തെ സജ്ജമാക്കാൻ സഹായിക്കുന്ന മരുന്നുകൾ നൽകും. കഴിയുന്നതും ഒരു ഭ്രൂണംമാത്രമാണ് നിക്ഷേപിക്കുക. 35 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ ഒന്നിലധികം ഭ്രൂണങ്ങളെ നിക്ഷേപിക്കാറുണ്ട്. ബാക്കിയുള്ള ഭ്രൂണത്തെ ഭാവിയിൽ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ശീതീകരിച്ച് സൂക്ഷിക്കുകയും ചെയ്യാം.