വേദന നിറഞ്ഞ ഐവിഎഫ് കാലത്തേക്കുറിച്ചു പങ്കുവെച്ച് നടിയും മോഡലുമായ തേജസ്വിനി കോലാപുരെ. ഐവിഎഫ് തന്നെ മാനസികവും ശാരീരികവുമായി സമ്മർദത്തിലാഴ്ത്തിയെന്നും തേജസ്വിനി പറഞ്ഞു. ഒരു പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കവേയാണ് തേജസ്വിനി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
അഞ്ച് ഐവിഎഫുകളിലൂടെ താൻ കടന്നുപോയിരുന്നുവെന്നും നടി പറഞ്ഞു. ഐവിഎഫ് എന്നത് കഠിനമായ ഒരു പ്രക്രിയയാണ്. ആദ്യത്തേതും രണ്ടാമത്തേതും കഠിനമായിരുന്നു. മൂന്നും നാലും അഞ്ചും വലിയ കുഴപ്പമില്ലാതെ പോയി. ഐവിഎഫ് ഇഞ്ചക്ഷനുകൾ സ്വീകരിക്കാൻ നിങ്ങൾ അത്രത്തോളം മാനസികമായി കരുത്തരായിരിക്കണം. വളരെ വേദനാജനകമായ പ്രക്രികയയാണതെന്നും തേജസ്വിനി പറഞ്ഞു.
താൻ വളരെ വൈകിയാണ് അമ്മയായതെന്നും മുപ്പത്തിയഞ്ചു വയസ്സിനു മുമ്പ് അമ്മയാകൂ എന്നാണ് സ്ത്രീകളോടു പറയാനുള്ളതെന്നും തേജസ്വിനി പറഞ്ഞു. ഐവിഎഫ് മാനസികമായും ശാരീരികമായും തകർത്തു. മാനസികമായി താൻ കരുത്തയായിരുന്നു. എന്നാൽ നിരവധി ഇഞ്ചക്ഷനുകളുടെ ഫലമായി ശരീരത്തിൽ മാറ്റങ്ങൾ സംഭവിച്ചു. ആയിരത്തിലേറെയാണ് തനിക്കെടുത്തത്.
അഞ്ചുതവണയാണ് താൻ ആ ഘട്ടത്തിലൂടെ കടന്നുപോയതെന്നും തേജസ്വിനി പറയുന്നു. അഞ്ചാംതവണ തനിക്ക് ഭാഗ്യമുണ്ടായി. അതിനുമുമ്പ് രണ്ടുതവണ അബോർഷനായി. അത്തരം ഘട്ടങ്ങളിൽ മാനസികമായി തകർന്നുപോവുമെന്നും കഠിനകാലമായിരുന്നു അതെന്നും തേജസ്വിനി കൂട്ടിച്ചേർത്തു.
നടൻ പങ്കജ് സരസ്വത് ആണ് തേജസ്വിനിയുടെ ഭർത്താവ്, വേദികയാണ് മകൾ. എട്ടുവർഷങ്ങൾക്കുശേഷമാണ് ഇരുവർക്കും 2015-ൽ പെൺകുഞ്ഞു പിറന്നത്.
ഐ.വി.എഫ്.
സ്വാഭാവികമായി നടക്കേണ്ട അണ്ഡ-ബീജ സംയോജനം ശരീരത്തിന് പുറത്ത്, ലാബിൽ കൃത്രിമമായി സാധ്യമാക്കുന്ന പ്രക്രിയയാണ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്). അങ്ങനെ ലാബിൽ വളർത്തിയെടുക്കുന്ന ഭ്രൂണത്തെ ഗർഭപാത്രത്തിൽ തിരികെ നിക്ഷേപിക്കുകയും ചെയ്യുന്നു.
ആർക്കൊക്കെ അനുയോജ്യം ?
അണ്ഡവാഹിനിക്കുഴലിന് തടസ്സം, എൻഡോമെട്രിയോസിസ് എന്നീ പ്രശ്നങ്ങളുള്ളവരിൽ ഐ.വി.എഫ്. പ്രയോജനപ്പെടുത്താറുണ്ട്. കൂടാതെ ബീജത്തിന്റെ ചലനക്കുറവും എണ്ണക്കുറവും ഉള്ളവർക്കും ഐ.വി.എഫ്. ആവശ്യമായി വരാം. കൃത്യമായി കാരണം കണ്ടെത്താൻ കഴിയാത്ത വന്ധ്യതയുള്ളവർക്കും ഐ.വി.എഫ്. നിർദേശിക്കാറുണ്ട്. ഇൻട്രായൂട്ടറൈൻ ഇൻസെമിനേഷൻ (ഐ.യു.ഐ.) ചികിത്സ പരാജയപ്പെട്ടവർക്കും ഐ.വി.എഫ്. വേണ്ടിവരും.
ചികിത്സാരീതി
കൂടുതൽ അണ്ഡങ്ങളെ ഒരേസമയം പാകമാക്കാൻ ഗൊണോഡോട്രോപ്പിൻ എന്ന ഹോർമോൺ ഇഞ്ചക്ഷൻ നൽകും. വജൈനൽ അൾട്രാസൗണ്ട് വഴി അണ്ഡത്തിന്റെ വളർച്ച നിരന്തരം വിലയിരുത്തും. അതിനനുസരിച്ച് ഹോർമോൺ ഇഞ്ചക്ഷന്റെ അളവിലും മാറ്റം വരുത്തും.
അണ്ഡമുള്ള ഫോളിക്കളുകൾക്ക് 18 മില്ലി മീറ്ററെങ്കിലും വലുപ്പം ആകുന്നതോടെ അണ്ഡവിസർജനത്തിന് പാകമാക്കാൻ സഹായിക്കുന്ന ഹ്യൂമൺ കോറിയോണിക് ഗൊണാഡോട്രോഫിൻ ഇഞ്ചക്ഷൻ നൽകും. ഈ ഇഞ്ചക്ഷൻ നൽകിയശേഷം 34-36 മണിക്കൂറുകൾക്കുശേഷമാണ് അണ്ഡങ്ങൾ ശേഖരിക്കുക.
അൾട്രാസൗണ്ട് പ്രോബ് ഉപകരണത്തോട് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സൂചി ഉപയോഗിച്ചാണ് ഇരു അണ്ഡാശങ്ങളിൽനിന്നും അണ്ഡങ്ങൾ ശേഖരിക്കുന്നത്. ശേഖരിച്ച അണ്ഡങ്ങൾ ഉടൻ ലാബിലെ കൾച്ചർ മീഡിയമുള്ള ഡിഷിലേക്ക് മാറ്റും. 4-5 മണിക്കൂറിനുള്ളിൽ ഇതിലേക്ക് ഏറ്റവും ഗുണമേന്മയുള്ള ബീജങ്ങളെ നിക്ഷേപിക്കും. 16-20 മണിക്കൂറിനുശേഷം പരിശോധിക്കുമ്പോൾ ബീജസങ്കലനം നടന്നോ എന്ന് മനസ്സിലാക്കാനാകും.
ബീജസങ്കലനത്തിനുശേഷം അഞ്ചുദിവസംവരെ ലാബിൽതന്നെ വളരാൻ അനുവദിക്കും. അതിൽ ഏറ്റവും മികച്ച ഭ്രൂണത്തെയാണ് ഗർഭപാത്രത്തിൽ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുക. ആറുമുതൽ പത്തുവരെ കോശങ്ങളുള്ള ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) എന്ന ഭ്രൂണവളർച്ചാ ഘട്ടത്തിലാണ് ഇതിനെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. ഗർഭാശയമുഖത്തിലൂടെ കടത്തുന്ന കത്തീറ്ററിലൂടെ അൾട്രാസൗണ്ട് സഹായത്തോടെയാണ് ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുക. അതിനുമുൻപുതന്നെ ഭ്രൂണത്തെ സ്വീകരിക്കാൻ ഗർഭപാത്രത്തെ സജ്ജമാക്കാൻ സഹായിക്കുന്ന മരുന്നുകൾ നൽകും. കഴിയുന്നതും ഒരു ഭ്രൂണംമാത്രമാണ് നിക്ഷേപിക്കുക. 35 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ ഒന്നിലധികം ഭ്രൂണങ്ങളെ നിക്ഷേപിക്കാറുണ്ട്. ബാക്കിയുള്ള ഭ്രൂണത്തെ ഭാവിയിൽ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ശീതീകരിച്ച് സൂക്ഷിക്കുകയും ചെയ്യാം.
Content Highlights: Tejaswini Kolhapure endured five IVF cycles to conceive., The process involved over a thousand injections causing physical and mental strain., She suffered two abortions before successfully giving birth to her daughter, Vedika
Published: 22 Jul 2026, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented