
മകനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹശേഷം സന്തോഷം പങ്കുനെച്ച് ജയറാമും പാര്‍വതിയും. ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷമാണെന്നും വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ലെന്നും ഇരുവരും വ്യക്തമാക്കി. 32 വര്‍ഷം മുമ്പ് നടന്ന തന്റേയും പാര്‍വതിയുടേയും വിവാഹം കാണാന്‍ ആളുകള്‍ ഗുരുവായൂരില്‍ എത്തിയതുപോലെ മകന്റെ വിവാഹത്തിനും പങ്കെടുക്കാനെത്തിയതില്‍ എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരില്‍ നടന്ന വിവാഹശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
മോഡലും നീലഗിരി സ്വദേശിയുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച്ച ചെന്നൈയില്‍ ഇരുവരുടേയും വിവാഹ വിരുന്ന് നടക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ച ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ആഘോഷവും ഒരുക്കിയിരുന്നു.
'ഞങ്ങളുടെ സന്തോഷം എത്രമാത്രം ആണെന്നത് വാക്കുകളില്‍ പറഞ്ഞുഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. 1992 സെപ്റ്റംബര്‍ ഏഴാം തിയ്യതി അശ്വതി (പാര്‍വതി)യുടെ കഴുത്തില്‍ ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് താലി ചാര്‍ത്താന്‍ ഭാഗ്യമുണ്ടായി. അന്ന് ഞങ്ങള്‍ രണ്ടുപേരും ഒതുങ്ങുന്ന കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെത്തി, കണ്ണന്. പിന്നീട് ചക്കി മോളെത്തി. ഇപ്പോള്‍ രണ്ട് അതിഥികള്‍ കൂടി ഞങ്ങളുടെ കൂടെയുണ്ട്. ഒരു മോനും മോളും. ഞങ്ങള്‍ക്ക് അവര്‍ മരുമകനും മരുമകളുമല്ല. മകനും മകളുമാണ്.
അത്രയധികം സന്തോഷം. പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് കണ്ണന് താരൂന്റെ കഴുത്തില്‍ താലിചാര്‍ത്താനായതില്‍ സന്തോഷം. ആളുകളുടെ പങ്കാളിത്തം പ്രത്യേകിച്ച് എല്ലാവരുടേയും പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്. കേരളത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ വന്നു. 32 വര്‍ഷംമുമ്പ് ഞങ്ങളുടെ കല്ല്യാണം കാണാന്‍ ആളുകള്‍ കൂടിയതുപോലെ മകന്റേയും മകളുടേയും കല്ല്യാണത്തിനും എത്തിയതില്‍ ഒരുപാട് സന്തോഷം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. അവരുടെ പ്രാര്‍ഥന ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതു തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.'-ജയറാം പറയുന്നു.
സുരേഷ് ഗോപി തന്റേയും പാര്‍വതിയുടേയും ജ്യേഷ്ഠനെപ്പോലെയാണെന്നും അദ്ദേഹം എല്ലാ കാര്യത്തിനും തങ്ങളുടെ കൂടെയുണ്ടാകാറുണ്ടെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.
''വളരെ സന്തോഷമുണ്ട്. ഈ വര്‍ഷം വളരേയധികം തിരക്കുപിടിച്ചതായിരുന്നു. രണ്ട് കല്ല്യാണ നിശ്ചയങ്ങളും രണ്ട് കല്ല്യാണവും. എല്ലാം ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് നന്നായി നടത്താന്‍ പറ്റി. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം മാത്രമാണ്. എന്നും കുട്ടികളുടെ ജീവിതത്തില്‍ ആ അനുഗ്രഹം ഉണ്ടാകട്ടെ.'-പാര്‍വതി പറയുന്നു.
വിവാഹത്തിന് മുമ്പ് ചെറിയൊരു പേടിയുണ്ടായിരുന്നെന്നും എന്നാല്‍ ഗുരുവായൂരിലെത്തിയതോടെ അതെല്ലാം മാറിയെന്നും കാളിദാസ് പറയുന്നു. മൂന്നു വര്‍ഷത്തോളമായി തരിണിയെ അറിയാം. എല്ലാവരും അനുഗ്രഹിച്ചതില്‍ ഒരുപാട് നന്ദി. വിവാഹത്തിന്റെ സമയത്ത് തിരക്കുമൂലം ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും കാളിദാസ് പറഞ്ഞു. ഭയങ്കര സന്തോഷത്തിലാണെന്നും വാക്കുകള്‍കൊണ്ട് ഒന്നും വിവരിക്കാനാകില്ലെന്നും തരണിയും പ്രതികരിച്ചു.
രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ് റിയാസ്, നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി, മകനും നടനുമായ ഗോകുല്‍ സുരേഷ്, സംവിധായകന് മേജര്‍ രവി തുടങ്ങി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു.
2023 നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. 2022-ല്‍ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്. തരിണി 2019ല്‍ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടങ്ങള്‍ ചൂടി. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിലും പങ്കെടുത്തിരുന്നു.
കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂര്‍ കഴിഞ്ഞ മെയിലാണ് നടന്നത്. 1992 സെപ്റ്റംബര്‍ ഏഴിന് ജയറാമിന്റേയും പാര്‍വതിയുടേയും വിവാഹം ഗുരുവായൂരില്‍ തന്നെയായിരുന്നു.
Content Highlights: jayaram and parvathy press meet after son kalidas jayarams marriage
Published: 08 Dec 2024, 09:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented