ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാര്‍വതിയുടേയും മകന് കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഡലായ തരിണി കലിംഗരായരുടെ കഴുത്തില്‍ കാളിദാസ് താലിചാര്‍ത്തി. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.
രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകന് ഗോകുല്‍ സുരേഷ് തുടങ്ങി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു.
ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയില്‍ നിറയെ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു. മുല്ലപ്പൂ കൂടി ചൂടി കൂടുതല്‍ സുന്ദരിയായിരുന്നു വധു.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരുവരും ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇതില്‍ പങ്കെടുത്തത്. വയലറ്റ് നിറത്തിലുള്ള ദാവണിയായിരുന്നു തരിണയുടെ ഔട്ട്ഫിറ്റ്. ഗോള്‍ഡന്‍ നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു കാളിദാസിന്റെ വേഷം.
2023 നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. 2022-ല്‍ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്. നീലഗിരി സ്വദേശിയായ തരിണി 2019ല്‍ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടങ്ങള്‍ ചൂടി. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തില്‍ തരിണിയും പങ്കെടുത്തിരുന്നു.
കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂര്‍ കഴിഞ്ഞ മെയിലാണ് നടന്നത്. 1992 സെപ്റ്റംബര്‍ ഏഴിന് ജയറാമിന്റേയും പാര്‍വതിയുടേയും വിവാഹം ഗുരുവായൂരില്‍ തന്നെയായിരുന്നു.
Content Highlights: kalidas jayaram got married
Published: 08 Dec 2024, 08:00 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented