വിഷമങ്ങൾ പങ്കുവെക്കാൻ ആളുണ്ടാകുന്നതും കൂടെയുണ്ടെന്ന് ഉറപ്പുനൽകാൻ അവർക്കാകുന്നതും ഒരാൾക്കുനൽകുന്ന ധൈര്യം ചെറുതല്ല. ഇത്തരത്തിൽ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് തെലുങ്ക് സിനിമയിലെ പ്രമുഖ നടൻ ജഗപതി ബാബു. സൂപ്പർ താരം പ്രഭാസിൻ്റെ വിനയത്തെയും അദ്ദേഹം തനിക്ക് നൽകിയ മാനസിക പിന്തുണയെയും കുറിച്ച് മണികൺട്രോളിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മനസ്സ് തുറന്നു.

To advertise here,

കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോയ ഘട്ടത്തിൽ പ്രഭാസ് തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്ന് ജഗപതി ബാബു വെളിപ്പെടുത്തി.  ‘ഞാൻ കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന സമയത്ത് പ്രഭാസിനോട് സംസാരിക്കണം എന്ന് തോന്നി. അന്ന് പ്രഭാസ് ജോർജിയയിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. വിവരം അറിഞ്ഞയുടൻ അവൻ എന്നോട് പറഞ്ഞു, ഡാർലിങ്, ഞാൻ ഇവിടുണ്ട്. എന്താണ് പ്രശ്നമെന്ന് പറയൂ, പരിഹരിക്കാം. ആ വാക്കുകൾ എനിക്ക് വലിയ ആത്മവിശ്വാസവും ധൈര്യവും നൽകി. എന്നേക്കാൾ പ്രായം കുറവാണെങ്കിലും വലിയൊരു ഹൃദയത്തിന് ഉടമയാണ് പ്രഭാസ്. എല്ലാവരെയും സ്നേഹിക്കാനും കരുതാനും അവനറിയാം'- അദ്ദേഹം പറഞ്ഞു.

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിവരുന്ന വഴിയിൽ പ്രഭാസ് തന്നെ നേരിട്ട് വന്ന് കണ്ട് സംസാരിച്ചതായും ആ കൂടിക്കാഴ്ച തനിക്ക് വലിയ ആശ്വാസമായെന്നും ജഗപതി ബാബു കൂട്ടിച്ചേർത്തു. പുഷ്പ 2, സലാർ, ഗുണ്ടൂർ കാരം തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ജഗപതി ബാബു, അടുത്തതായി രാം ചരൺ നായകനാകുന്ന പെഡ്ഡി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലിയെക്കുറിച്ചും ജഗപതി ബാബു അഭിമുഖത്തിൽ സംസാരിച്ചു. ഓസ്കാർ അടക്കമുള്ള വലിയ പുരസ്കാരങ്ങൾ നേടിയിട്ടും രാജമൗലിയും അദ്ദേഹത്തിൻ്റെ കുടുംബവും ഇപ്പോഴും എളിമയുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ രാജമൗലിക്ക് വ്യക്തിപരമായ അടുപ്പങ്ങൾ മാനദണ്ഡമല്ലെന്നും, കഥാപാത്രത്തിന് ആര് ചേരുമെന്ന് നോക്കി മാത്രമാണ് അദ്ദേഹം കാസ്റ്റിങ് നടത്തുന്നതെന്നും ജഗപതി ബാബു വ്യക്തമാക്കി.