മുംബൈ: കരിയറിന്റെ തുടക്കകാലത്ത് ഒന്നര വർഷത്തോളം കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോയിരുന്നെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര. 2003-ൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതാണ് താരത്തെ ഈ പ്രയാസകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടത്. മുൻ ഇന്ത്യൻ ഓപ്പണറും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്രയുമായുള്ള സംഭാഷണത്തിനിടെയായിരുന്നു അമിത് മിശ്രയുടെ വെളിപ്പെടുത്തൽ.

To advertise here,

തനിക്ക് എന്താണ് സംഭവിച്ചതെന്നും എന്താണ് താൻ ചെയ്ത തെറ്റെന്നും ആലോചിച്ച് ഒന്നര വർഷത്തോളം വിഷാദത്തിലായിരുന്നുവെന്ന് മിശ്ര പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലും മോശം ഫോമിലായതോടെ ദുലീപ് ട്രോഫി, സോണൽ ഇന്ത്യ എ ടീമുകൾ എന്നിവയിൽ നിന്നും അദ്ദേഹം പുറത്തായി. ടീമിൽ നിന്ന് പുറത്തായതിനുശേഷം തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സെലക്ടർ പ്രകടനം പോരെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോഴാണ്, ഇന്ത്യൻ ടീമിൽ കളിക്കുന്നതിനെക്കുറിച്ചുമാത്രം ചിന്തിക്കാതെ ആഭ്യന്തര ക്രിക്കറ്റിൽ പ്രകടനം പുറത്തെടുക്കണമെന്ന കാര്യം താൻ തിരിച്ചറിഞ്ഞതെന്ന് മിശ്ര പറഞ്ഞു. ഈ പ്രയാസകരമായ സമയത്ത് കാര്യങ്ങൾ തുറന്നുപറയാൻ തനിക്ക് ആരുമുണ്ടായിരുന്നില്ലെന്നും, കുടുംബത്തോട് പറഞ്ഞാൽ അവർ കൂടുതൽ വിഷമിക്കുമെന്ന് കരുതി അത് ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

തനിക്ക് ക്രിക്കറ്റിൽ ഗോഡ്ഫാദർമാർ ആരുമില്ലാത്തതിനാൽ സ്വയം പ്രകടനം നടത്തി തെളിയിക്കുക മാത്രമായിരുന്നു വഴിയെന്ന് അദ്ദേഹം മനസ്സിലാക്കി. ബാറ്റിങ്ങിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം ലഭിച്ചതോടെ അദ്ദേഹം ബാറ്റിങ്ങിലും പ്രകടനം മെച്ചപ്പെടുത്തുകയും തുടർന്ന് ദുലീപ് ട്രോഫിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

തുടർന്ന് 2008 ഒക്ടോബറിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അമിത് മിശ്ര ഇന്ത്യൻ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. ഇന്ത്യയ്ക്കായി 22 ടെസ്റ്റുകളിലും 36 ഏകദിനങ്ങളിലും 10 ട്വന്റി20 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. കൂടാതെ, ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ അദ്ദേഹം 162 മത്സരങ്ങളിൽ നിന്ന് 174 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഐപിഎല്ലിൽ മൂന്ന് ഹാട്രിക്കുകൾ നേടിയ ഏക താരം എന്ന അപൂർവ റെക്കോർഡും അമിത് മിശ്രയുടെ പേരിലാണ്.