വീട്ടിലും നാട്ടിലും പള്ളിയിലും ഓടിനടന്ന് എല്ലാം ചെയ്തുകൊണ്ടിരുന്ന റാഹേലേടത്തി (സാങ്കൽപ്പിക പേര്) പതിയെപ്പതിയെ മുറിയിൽനിന്ന് പുറത്തിറങ്ങാതായി. മക്കളോടും പേരക്കുട്ടികളോടും ഉൾപ്പെടെ ആരോടും മിണ്ടാതെയുമായി. ചോദിക്കുമ്പോഴും പറയുമ്പോഴുമൊക്കെ ദേഷ്യവും പൊട്ടിത്തെറിയും, അതവസാനിക്കുന്നതാകട്ടെ കരച്ചിലിലും. അമ്മയ്ക്ക് ഇത് എന്തുപറ്റിയെന്നറിയാതെ മക്കളും മരുമക്കളും ഒരുപാടു കുഴങ്ങി. ഒടുവിൽ ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് സംഗതി മനസ്സിലായത്. സമപ്രായക്കാരിയും അടുത്തസുഹൃത്തുമായ ഏലിക്കുട്ടിക്ക് അർബുദമാണെന്ന് അറിഞ്ഞതോടെ, അവരുടെ രോഗലക്ഷണങ്ങൾ തനിക്കും ഉണ്ടെന്നു സംശയിച്ചുള്ള പേടിയാണ് ഡിപ്രഷന്റെ ആദ്യഘട്ടത്തിലേക്കു നയിച്ചത്.
മുതിർന്ന പൗരരിലെ മൂഡ് സ്വിങ്‌സ് പ്രായത്തിന്റെ പ്രശ്നങ്ങളാണെന്നു പറഞ്ഞ് തള്ളിക്കളയേണ്ടവയല്ല. പല രോഗങ്ങളുടെയും ലക്ഷണങ്ങളാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഓർമ്മക്കുറവും ഉറക്കക്കുറവും
ഓർമ്മക്കുറവ്, ഉറക്കക്കുറവ്, അനീമിയ, അണുബാധ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയാണ് മുതിർന്ന പൗരരിലെ മൂഡ് സ്വിങ്‌സിന് പ്രധാന കാരണങ്ങളായി വരാറുള്ളത്. സമൂഹത്തിൽനിന്ന് ഒറ്റപ്പെടുക, വ്യായാമക്കുറവ്, സമപ്രായക്കാരുമായി ബന്ധങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയവയും കാരണങ്ങളാവും. പങ്കാളികളുടെ മരണവും ഒറ്റപ്പെടലിലേക്കും ഡിപ്രഷനിലേക്കും നയിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിന്റെ പിന്തുണയാണ് ഈ അവസ്ഥയിൽ വേണ്ടത്.
ഡിമെൻഷ്യയും മാനസികപ്രശ്നങ്ങളും
ദേഷ്യം, കരച്ചിൽ, വിശപ്പില്ലായ്മ, താത്പര്യത്തോടെ ചെയ്തിരുന്ന പലതും ചെയ്യാതിരിക്കുക, ഒറ്റയ്ക്കിരിക്കുക തുടങ്ങി ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടേണ്ടതാണ്. ഇവ മിക്കപ്പോഴും ഡിമെൻഷ്യ, ഡിപ്രഷൻ തുടങ്ങി മറ്റു മാനസികപ്രശ്നങ്ങളുടെയും ലക്ഷണങ്ങളാകാൻ സാധ്യതയുണ്ടെന്ന് ആസ്റ്റർ മെഡിസിറ്റിയിലെ ജെറിയാട്രിക്‌സ് വിഭാഗം സീനിയർ ഡോക്ടർ എ.എസ്. അനുശ്രീ പറഞ്ഞു. ഒരുപാട് മരുന്നുകൾ കഴിക്കുന്നവരിലും മൂഡ് സ്വിങ്‌സിന് സാധ്യതയുണ്ട്.
ഡോക്ടറെ കാണേണ്ടത് എപ്പോൾ
രണ്ട് ആഴ്ചയിൽ കൂടുതൽ മൂഡ് സ്വിങ്സ് ഉണ്ടാവുക.
ഭക്ഷണംകഴിക്കാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും താത്പര്യക്കുറവ്.
ഉറക്കമില്ലായ്മ.
അനിയന്ത്രിതമായി ശരീരഭാരം കുറയുക.
പെട്ടെന്നുള്ള കരച്ചിൽ.
കുടുംബത്തിൽനിന്ന് ഒറ്റപ്പെട്ടു നിൽക്കുക.
മറവി.
Content Highlights: Mood swings in elderly can indicate underlying health issues. Learn about geriatric depression and when to seek medical advice for your loved ones.
Published: 25 Oct 2026, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented