കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ് രമേഷ്. നിശ്ചിത വരുമാനത്തിൽ കുടുംബ കാര്യങ്ങളും മക്കളുടെ വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോകുന്ന രമേഷിന്റെ ഫോണിലേക്ക് ബാങ്കിൽനിന്ന് അപ്രതീക്ഷിതമായി ആ സന്ദേശമെത്തി. താൻ എടുത്തിട്ടുള്ള ഭവനവായ്പയുടെ പലിശനിരക്കിൽ ബാങ്ക് വർധന വരുത്തിയിരിക്കുന്നു. കുറച്ചുവർഷങ്ങളായി പലിശനിരക്ക് താരതമ്യേന താഴ്ന്ന നിലവാരത്തിൽ തുടർന്നുപോന്ന സാഹചര്യത്തിലാണ് രമേഷ് ദീർഘകാല കാലാവധിയുള്ള ഭവനവായ്പ എടുത്തത്. കുറഞ്ഞ പലിശനിരക്കുകൾ ദീർഘകാലത്തേക്ക് തുടരുമെന്ന കണക്കുകൂട്ടലിൽ സ്വന്തം വരുമാനത്തിനനുസരിച്ച് പ്രതിമാസ ബജറ്റ് കൃത്യമായി ക്രമീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ, പലിശനിരക്ക് ഉയർന്നതോടെ പ്രതിമാസ തിരിച്ചടവ് തുകയിൽ (ഇ.എം.ഐ.) പെട്ടെന്നുണ്ടായേക്കാവുന്ന വർധന മാസബജറ്റിന്റെ താളം തെറ്റിക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു.

To advertise here,

പ്രതിമാസ തിരിച്ചടവ് തുകയിലുണ്ടാകുന്ന ചെറിയൊരു വർധനപോലും രമേഷിനെപ്പോലൊരു സാധാരണക്കാരന്റെ കുടുംബത്തിൽ കാര്യമായ പ്രതിസന്ധി സൃഷ്ടിക്കും. വീട്ടുചെലവ്, മക്കളുടെ ഫീസുകൾ, കുടുംബത്തിന്റെ ചികിത്സാച്ചെലവ്, വരാനിരിക്കുന്ന അടിയന്തര ആവശ്യങ്ങൾക്കായി മാറ്റിവെക്കുന്ന സമ്പാദ്യം എന്നിവയിലെല്ലാം വെട്ടിച്ചുരുക്കലുകൾ വരുത്താൻ അദ്ദേഹം നിർബന്ധിതനാകുന്നു.

ധനവിപണിയിലെ ഇത്തരം അപ്രതീക്ഷിത മാറ്റങ്ങൾ കുടുംബങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ തകിടംമറിക്കുന്നു. വിലക്കയറ്റത്തോടൊപ്പം ഭവനവായ്പാ തിരിച്ചടവ് തുക വർധിക്കുന്നത് വ്യക്തിഗത സാമ്പത്തിക ആസൂത്രണത്തെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പലിശനിരക്ക് ഉയരാനുള്ള കാരണങ്ങളെക്കുറിച്ചും പ്രതിസന്ധിയെ മറികടക്കാനുള്ള സാമ്പത്തിക ആസൂത്രണ തന്ത്രങ്ങളെക്കുറിച്ചും ധാരണയുണ്ടാക്കേണ്ടതുണ്ട്.

പലിശ ഉയരുന്നത് എന്തുകൊണ്ട്?

രാജ്യത്തെ ബാങ്കിങ് മേഖലയിലെ പണനയ മാറ്റങ്ങളും വായ്പാ പലിശനിരക്കുകളും പ്രാഥമികമായി നിയന്ത്രിക്കുന്നത് ആർ.ബി.ഐ. ആണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനുമായി ആർ.ബി.ഐ. നടപ്പിലാക്കുന്ന ധനനയ തീരുമാനങ്ങൾ വാണിജ്യ ബാങ്കുകളുടെ വായ്പാനിരക്കുകളിൽ മാറ്റം വരുത്തുന്നു. ഇതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ (0.25%) വർധന വരുത്തിയത്. 2025-ൽ റിസർവ് ബാങ്ക് വിവിധ ഘട്ടങ്ങളിലായി വരുത്തിയ 1.25 ശതമാനത്തിന്റെ പലിശ ഇളവുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇപ്പോഴത്തെ 0.25 ശതമാനം വർധന മുൻപ് നൽകിയ ആകെ ഇളവുകളുടെ അഞ്ചിലൊന്ന് (1/5) മാത്രമാണ്. എങ്കിലും, ചെറിയൊരു വർധനപോലും ബാങ്കിങ് മേഖലയിലുണ്ടാക്കുന്ന ചലനങ്ങൾ അത്ഭുതകരമാംവിധം വലുതാണ്.

വാണിജ്യ ബാങ്കുകൾക്ക് അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ഇതുയരുമ്പോൾ റിസർവ് ബാങ്കിൽനിന്നും പണം സമാഹരിക്കുന്നതിന് വാണിജ്യ ബാങ്കുകൾക്ക് വരുന്ന ചെലവ് കൂടും. ഈ അധിക സാമ്പത്തിക ഭാരം സ്വയം വഹിക്കുന്നതിനുപകരം, പുതിയതും നിലവിലുള്ളതുമായ ഫ്ളോട്ടിങ് റേറ്റ് വായ്പക്കാരിലേക്ക് പലിശവർധനയായി ബാങ്കുകൾ കൈമാറുന്നു. നിക്ഷേപ പലിശനിരക്കുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനേക്കാൾ വളരെ വേഗത്തിൽ വായ്പാ പലിശനിരക്കുകളിൽ വർധനവരുത്താൻ ബാങ്കുകൾ ശ്രദ്ധിക്കുന്നു.

എപ്രകാരം ബാധിക്കും?

റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് വരുത്തുന്ന മാറ്റങ്ങൾ എല്ലാ വായ്പക്കാരെയും ഒരേ രീതിയിലോ ഒരേ വേഗതയിലോ അല്ല ബാധിക്കുന്നത്. വായ്പ എടുക്കുമ്പോൾ കരാറിൽ തിരഞ്ഞെടുത്തിട്ടുള്ള പലിശനിരക്ക് ഘടന ഏതാണെന്നതിനെ ആശ്രയിച്ചായിരിക്കും ഇതിലെ വ്യത്യാസം.

  • വിപണിയിലുള്ള ഭൂരിഭാഗം ഭവനവായ്പകളും റിപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളവയാണ്. അതിനാൽത്തന്നെ, ആർ.ബി.ഐ. റിപ്പോ നിരക്ക് ഉയർത്തുമ്പോൾ മുതൽ അതിവേഗത്തിൽ വായ്പകളുടെ പലിശനിരക്ക് ഉയരുകയും, പ്രതിമാസ ഇ.എം.ഐ. തുകയിലോ വായ്പാ കാലാവധിയിലോ അതിന്റെ പ്രതിഫലനം ഉടനടി ഉണ്ടാവുകയും ചെയ്യുന്നു.
  • മാർജിനൽ കോസ്റ്റ് (MCLR) അടിസ്ഥാനമാക്കിയുള്ള വായ്പകളിൽ നിരക്ക് വർധനയുടെ ആഘാതം തൽക്ഷണം പ്രകടമാവില്ല. ബാങ്കുകളുടെ ഫണ്ട് സമാഹരണ ചെലവ് പുനഃപരിശോധിക്കുന്ന നിശ്ചിത കാലയളവുകൾക്കുശേഷം മാത്രമേ ഇത്തരം വായ്പകളിൽ പലിശവർധന പ്രാബല്യത്തിൽ വരികയുള്ളൂ.
  • സ്ഥിര പലിശനിരക്ക് നിശ്ചയിച്ചിട്ടുള്ള വായ്പകളെ നിരക്ക് വർധന ബാധിക്കുകയില്ല. റിസർവ് ബാങ്കിന്റെ ധനനയ മാറ്റങ്ങൾ എന്തുതന്നെയായാലും ഇത്തരം വായ്പക്കാരുടെ പലിശനിരക്കിലോ, പ്രതിമാസ ഇ.എം.ഐ.യിലോ, വായ്പാ കാലാവധിയിലോ യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകുന്നില്ല. നിലവിൽ സ്ഥിര നിരക്കുകളിൽ അപൂർവമായാണ് വായ്പകൾ നൽകുന്നത്. ഉയർന്ന പലിശയാണ് ഈ വായ്പയിൽ ബാങ്കുകൾ ഈടാക്കുന്നത്.

ഇ.എം.ഐ. വർധന ഇപ്രകാരം

20 വർഷ കാലാവധിയുള്ള വായ്പകളുടെ പലിശ ഉയരുമ്പോഴുള്ള ബാധ്യത നോക്കാം:

വായ്പാ തുക

ഇ.എം.ഐ
(7.75% പലിശ)

ഇ.എം.ഐ

(8% പലിശ)

പ്രതിമാസ

ഇ.എം.ഐ

വർധന

₹ 25 ലക്ഷം

₹ 20,523.71

₹ 20,911.00

₹ 387.29

₹ 50 ലക്ഷം

₹ 41,047.43

₹ 41,822.00

₹ 774.58

₹ 75 ലക്ഷം

₹ 61,571.14

₹ 62,733.01

₹ 1,161.86

₹ 1 കോടി

₹ 82,094.86

₹ 83,644.01

₹ 1,549.15

പലിശ ബാധ്യത കുറയ്ക്കാം

പലിശ ഉയരുന്ന സാഹചര്യത്തിൽ വായ്പാ ബാധ്യത കുറയ്ക്കാനുള്ള മാർഗം തിരിച്ചടവ് തുക കൂട്ടുകയെന്നതാണ്. കമ്പനികളിൽനിന്ന് വർഷാന്ത്യത്തിൽ ലഭിക്കുന്ന ബോണസുകൾ, മറ്റ് അധിക സാമ്പത്തിക നേട്ടങ്ങൾ, അല്ലെങ്കിൽ പ്രതിമാസ ബജറ്റിൽനിന്നു കണ്ടെത്തുന്ന അധിക സമ്പാദ്യം എന്നിവ വായ്പയുടെ മുൻകൂർ തിരിച്ചടവിനായി ഉപയോഗപ്പെടുത്താം. വർഷത്തിൽ നിശ്ചിത തുക മുതലിലേക്ക് വകയിരുത്തി അടയ്ക്കുകയോ അല്ലെങ്കിൽ പ്രതിവർഷം ഒന്നോ രണ്ടോ അധിക ഇ.എം.ഐ.കൾ അടച്ചുതീർക്കുകയോ ചെയ്യുന്നത് വായ്പാഭാരം ലഘൂകരിക്കാൻ സഹായിക്കും.

വായ്പാ കാലാവധിയുടെ ആദ്യ വർഷങ്ങളിൽ മുൻകൂർ തിരിച്ചടവുകൾ നടത്തിയാൽ പലിശഭാരം കാര്യമായി കുറയും. വായ്പാ തിരിച്ചടവ് പരിശോധിച്ചാൽ, ആദ്യ വർഷങ്ങളിൽ അടയ്ക്കുന്ന ഇ.എം.ഐ.യുടെ ഭൂരിഭാഗം വിഹിതവും പലിശയിനത്തിലേക്കാണ് പോകുന്നതെന്ന് കാണാം. മുതലിലേക്ക് വളരെ കുറഞ്ഞ തുകമാത്രമേ മാറ്റുന്നുള്ളൂ. അതുകൊണ്ടുതന്നെ വായ്പയുടെ ആദ്യഘട്ടങ്ങളിൽത്തന്നെ മുതലിലേക്ക് അധിക തുക മുൻകൂറായി അടയ്ക്കുമ്പോൾ, അത് വായ്പാ ബാലൻസിനെ (Principal Balance) നേരിട്ട് കുറയ്ക്കുന്നു. മുതൽ കുറയുന്നതോടെ, ബാക്കിക്കാലയളവിലേക്ക് കണക്കാക്കപ്പെടുന്ന കൂട്ടുപലിശയുടെ പ്രഭാവം വലിയ തോതിൽ ഇല്ലാതാകുന്നു. ഇത് ദീർഘകാലയളവിൽ വായ്പക്കാരന് നൽകേണ്ടിവരുന്ന മൊത്തം പലിശഭാരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുന്നു.

ഈ രീതികൾ സ്വീകരിക്കാം

  1. മുൻകൂർ തിരിച്ചടവിന് ശേഷം നിലവിലുള്ള വായ്പാ കാലാവധി മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട് പ്രതിമാസ ഇ.എം.ഐ. തുക മാത്രം കുറയ്ക്കാം.
  2. മുൻകൂറായി മുതലിലേക്ക് പണമടയ്ക്കുകയും നിലവിലെ ഉയർന്ന ഇ.എം.ഐ. തുക തന്നെ തുടർന്നും അടയ്ക്കുകയും, മുൻകൂർ തിരിച്ചടവിന് ആനുപാതികമായി വായ്പാ കാലാവധി കുറയ്ക്കുകയും ചെയ്യുന്ന രീതിയാണിത്.

ഇതിൽ രണ്ടാമത്തേതാണ് പലിശയിനത്തിൽ വൻ നേട്ടം നൽകുക.  ഇ.എം.ഐ. തുക തന്നെ തുടർന്നു അടയ്ക്കുന്നതിനാൽ നേരത്തേ കാലാവധി പൂർത്തിയാകും. അതോടൊപ്പം പലിശയിനത്തിലും നല്ലൊരു തുക ലാഭിക്കാനാകും.

കുറഞ്ഞ പലിശയുടെ കാലം അസ്തമിക്കുകയാണ്. റിസർവ് ബാങ്ക് കർശന പണനയ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്കവും മുൻകരുതലുകളും സ്വീകരിക്കുന്നതാകും ഉചിതം. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വായ്പാ ബാധ്യതകൾ വിലയിരുത്തുകയും അനുയോജ്യമായ സാമ്പത്തിക തന്ത്രങ്ങളിലൂടെ പുനഃക്രമീകരിക്കുകയും ചെയ്യാം.

ഇനി രമേഷിലേക്ക് വരാം. അദ്ദേഹമെടുത്ത വായ്പ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചതാണെന്ന് മനസ്സിലാക്കി കൂടുതൽ തുക തിരിച്ചടവിനായി കണ്ടെത്തി. വർഷാന്ത്യത്തിൽ ലഭിച്ച ബോണസ്, കുറികിട്ടിയ തുക എന്നിവ അതിനായി നീക്കിവെക്കാൻ തീരുമാനിച്ചു. അതോടൊപ്പം പ്രതിമാസ ഇ.എം.ഐ. തുക നിലവിലേതുപോലെ തുടർന്ന് അടയ്ക്കാനും. ഇതിലൂടെ കാലാവധി കുറയുകയും പലിശയിനത്തിൽ നല്ലൊരു തുക ലാഭിക്കുകയും ചെയ്യാം.