റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്തതിനാല്‍ തിരിച്ചടവ് ക്രമീകരിക്കാന്‍ യോജിച്ച സമയമാണിപ്പോള്‍. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ പലിശ കൂടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ കൈയിലുള്ള അധിക പണം ഉപയോഗിച്ച് ഇഎംഐ തുക വര്‍ധിപ്പിച്ച് പലിശയിനത്തില്‍ ലക്ഷങ്ങള്‍ ലാഭിക്കാം.

റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനം മുമ്പൊക്കെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ റിപ്പോ അധിഷ്ഠിത വായ്പകൾ വ്യാപകമായതോടെ പണനയ പ്രഖ്യാപനങ്ങൾ അതീവ ജാഗ്രതയോടെയാണ് ഓരോ കുടുംബങ്ങളും വീക്ഷിക്കുന്നത്. പലിശ നിരക്ക് വീണ്ടും കൂടുമോ, അതോ തിരിച്ചടവ് കാലയളവ് കൂടുമോയെന്ന ആശങ്കയാണ് അവരെ പിടികൂടുക. എന്നാൽ ഇത്തവണയും വായ്പയെടുത്തവർക്ക് കുറച്ചുകാലത്തേക്കെങ്കിലും ആശ്വസിക്കാം.
നിരക്കിൽ മാറ്റമില്ല
റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ 5.25 ശതമാനത്തിൽതന്നെ നിലനിർത്തിയിരിക്കുകയാണ്. തുടർച്ചയായി നാലാമത്തെ തവണയാണ് മാറ്റം വരുത്താതെ നിലനിർത്തിയത്. അതുകൊണ്ടുതന്നെ ബാങ്കുകൾ പലിശ കൂട്ടാൻ സാധ്യതയില്ല. നിലവിൽ പൊതുമേഖലാ ബാങ്കുകൾ ഏഴ് ശതമാനം മുതൽ 9.4 ശതമാനം വരെയാണ് ഭവന വായ്പയ്ക്ക് പലിശ ഈടാക്കുന്നത്.
റിപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചതായിരിക്കണം വായ്പയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. നിരക്കിലെ വ്യതിയാനം വേഗത്തിൽ ലഭിക്കാൻ അത് ഉപകരിക്കും. മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള (എംസിഎൽആർ) വായ്പകളിൽ നിരക്കിളവ് പ്രതിഫലിക്കാൻ സമയമെടുത്തേക്കാം. അതുകൊണ്ടാണ് റിപ്പോ നിരക്കിൽ കുറവ് വന്നാലും ഇഎംഐയിൽ പ്രതിഫലിക്കാത്തത്.
പലിശ കൂടുമോ?
നിലവിൽ നിരക്ക് കൂട്ടിയിട്ടില്ലെങ്കിലും പണപ്പെരുപ്പം ഭീഷണിയായി തുടരുന്നുണ്ട്. ഉപഭോക്തൃ വിലസൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയിൽ 2.74 ശതമാനമായിരുന്നത് ജൂണിൽ 4.83 ശതമാനമായി. ആർബിഐയുടെ ക്ഷമതാപരിധിയായ ആറ് ശതമാനം കടന്നാൽ റിപ്പോ നിരക്ക് കൂട്ടാനിടയുണ്ട്.
ഇന്ധന വിലയും ഇറക്കുമതിയുമൊക്കെ പണപ്പെരുപ്പ ഭീഷണിക്ക് കാരണമാണ്. രൂപയുടെ മൂല്യം താഴുന്നത് ഇറക്കുമതി ചെലവ് കൂട്ടാനിടയാക്കും. ഇന്ധന വിലയെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ഇത് ബാധിക്കും. പശ്ചിമേഷ്യയിലെ സംഘർഷം മൂലമുള്ള അനിശ്ചിതത്വവും അസംസ്‌കൃത വസ്തുക്കളുടെ വില വർധനവും പണപ്പെരുപ്പത്തെ ബാധിക്കും.
കടബാധ്യത വേഗത്തിൽ തീർക്കാം
പലിശ നിരക്ക് ഭീഷണി കാലാകാലങ്ങളിൽ നിലനിൽക്കുന്നതിനാൽ വായ്പകൾ എത്രയും വേഗം തിരിച്ചടയ്ക്കുകയെന്നതാണ് സ്വീകരിക്കാവുന്ന തന്ത്രം. ഭവന വായ്പ ബാധ്യത കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗം പ്രതിമാസ തിരിച്ചടവ് തുക കൂട്ടുകയെന്നതാണ്. പലിശ ഭാരം വൻതോതിൽ കുറയ്ക്കുന്നതിനും വായ്പ വേഗം തീർക്കുന്നതിനും അതിലൂടെ കഴിയും. ഇഎംഐയിൽ തുക അധികം ചേർത്ത് അടച്ചാലുള്ള നേട്ടക്കണക്കുകൾ നോക്കാം.
30 ലക്ഷം രൂപ 20 വർഷ കാലയളവിൽ എട്ട് ശതമാനം പലിശയ്ക്ക് വായ്പയെടുത്തുവെന്ന് കരുതുക. ഇതുപ്രകാരം മൊത്തം വരുന്ന പലിശ ബാധ്യത 30.22 ലക്ഷം രൂപയാണ്. മുതലും ഉൾപ്പെടെ 60.22 ലക്ഷം രൂപയുമാണ് അടയ്‌ക്കേണ്ടത്.
ഇഎംഐയോടൊപ്പം 5,000 രൂപ കൂടുതൽ അടച്ചാൽ മൊത്തം പലിശ ബാധ്യത 19.47 ലക്ഷം രൂപയായി കുറയും. അതായത് പലിശയിനത്തിൽ മാത്രം 10.74 ലക്ഷം രൂപ ലാഭം. വായ്പയാകട്ടെ 13 വർഷവും ഒൻപത് മാസവുംകൊണ്ട് അടച്ചുതീരുകയും ചെയ്യും.
50 ലക്ഷം രൂപയാണ് വായ്പയെടുത്തിട്ടുള്ളതെങ്കിൽ ഇഎംഐയോടൊപ്പം 10,000 രൂപ കൂടുതൽ അടച്ചാൽ മൊത്തം അടയ്ക്കുന്ന പലിശ 30.38 ലക്ഷം രൂപയായി കുറയും. ഇവിടെ 19.98 ലക്ഷം രൂപയാണ് ലാഭം. 13 വർഷംകൊണ്ട് വായ്പ അടച്ചുതീരുകയും ചെയ്യും.
ഇഎംഐയോടൊപ്പം 10,000 രൂപ കൂട്ടിയടച്ചില്ലെങ്കിൽ പലിശമാത്രം മൊത്തം 50.37 ലക്ഷം രൂപവരും. മുതലും അടക്കം മൊത്തം അടയ്‌ക്കേണ്ടിവരിക ഒരു കോടിയിലേറെ രൂപയാണ്.
| വായ്പ തുക | തിരിച്ചടവ് കാലയളവ് | പലിശ നിരക്ക് | പ്രതിമാസ തിരിച്ചടവ് തുക | അധിക തിരിച്ചടവ് തുക | ആകെ ലാഭിക്കുന്ന പലിശ | പുതുക്കിയ തിരിച്ചടവ് കാലയളവ് | |
|---|---|---|---|---|---|---|---|
| 50 ലക്ഷം | 20 വർഷം | 8% | 41,822 | 10,000 രൂപ | 19.98 ലക്ഷം രൂപ | 13 വർഷം | |
| 30 ലക്ഷം | 20 വർഷം | 8% | 25,093 | 5,000 രൂപ | 10.74 ലക്ഷം രൂപ | 13 വർഷം 9 മാസം |
മാസംതോറും കൂട്ടിയടക്കാൻ കഴിയാത്തവർക്ക് ബോണസായോ മറ്റോ ലഭിക്കുന്ന തുക വർഷത്തിലൊരിക്കൽ മുതലിലേക്ക് അടച്ചും അതിന് അനുസരിച്ചുള്ള നേട്ടമുണ്ടാക്കാം. നിലവിലെ ബാങ്കിനേക്കാൾ കുറഞ്ഞ നിരക്കിൽ പലിശ നൽകുന്ന മറ്റൊരു ബാങ്കിലേക്ക് ലോൺ മാറ്റിയും നേട്ടമുണ്ടാക്കാം. ക്രെഡിറ്റ് സ്‌കോർ 700ന് മുകളിലാണെങ്കിലും കൃത്യമായ തിരിച്ചടവ് ചരിത്രം ഉണ്ടെങ്കിലും ബാങ്കുകൾ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്‌തേക്കാം. ഉദാഹരണത്തിന്, 50 ലക്ഷം രൂപയുടെ വായ്പ 8.5 ശതമാനം പലിശയിൽനിന്ന് 7.5 ശതമാനം പലിശയുള്ള മറ്റൊരു ബാങ്കിലേക്ക് മാറ്റിയാൽ 20 വർഷംകൊണ്ട് ഏഴ് ലക്ഷത്തിലേറെ രൂപ ലാഭിക്കാൻ കഴിയും.
ആക്ഷൻ പ്ലാൻ:
- വായ്പ റിപ്പോ നിരക്കുമായി (Repo-linked) ബന്ധിപ്പിച്ചതാണെന്ന് ഉറപ്പുവരുത്തുക.
- മാസവരുമാനത്തിൽ നിന്ന് അധികമായി അടയ്ക്കാൻ കഴിയുന്ന തുക മാറ്റിവെക്കുക.
- ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുക (700+ ആണെന്ന് ഉറപ്പാക്കുക).
- പലിശ കുറഞ്ഞ മറ്റ് ബാങ്ക് ഓഫറുകൾ താരതമ്യം ചെയ്യുക.
- ബോണസ് തുക വായ്പയുടെ മുതലിലേക്ക് തിരിച്ചടയ്ക്കാൻ ഉപയോഗിക്കുക.
റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തതിനാൽ തിരിച്ചടവ് ക്രമീകരിക്കാൻ യോജിച്ച സമയമാണിപ്പോൾ. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ ഭാവിയിൽ പലിശ കൂടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ കൈയിലുള്ള അധിക പണം ഉപയോഗിച്ച് ഇഎംഐ തുക വർധിപ്പിച്ച് പലിശയിനത്തിൽ ലക്ഷങ്ങൾ ലാഭിക്കാം.
Content Highlights: RBI maintains repo rate at 5.25%, keeping current loan interest rates stable., Repo-linked loans provide faster transmission of rate changes compared to MCLR., Increasing monthly EMI payments can significantly reduce total interest burden and tenure., Strategic options include making lump-sum payments from bonuses or opting for a loan balance transfer., High credit scores (above 700) can help negotiate lower interest rates with new lenders.
Published: 05 Aug 2026, 02:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented