രുപതുകളുടെ രണ്ടാംപകുതിയിലെത്തിയിരിക്കുകയാണ് ജെന്‍ സി (Gen Z) തലമുറ. തൊണ്ണൂറുകളിലെ 'പിള്ളേരെ' അപേക്ഷിച്ച് സാങ്കേതികവിദ്യയെ കുറിച്ചും ലോകത്തെ കുറിച്ചുമെല്ലാമുള്ള അറിവ് താരതമ്യേനെ കൂടുതലുള്ള തലമുറ കൂടിയാണ് ജെന്‍ സി. അതനുസരിച്ചുള്ള മാറ്റങ്ങള്‍ അവരുടെ പ്രണയത്തിലുമുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഡേറ്റിങ് നടത്തി മാത്രം റിലേഷന്‍ഷിപ്പിലേക്ക് ചുവടുവെക്കുന്ന ഇന്ത്യയിലെ ജെന്‍ സി 'പിള്ളേരുടെ' പ്രണയത്തിന്റെ സവിശേഷതകള്‍ പങ്കുവെക്കുകയാണ് ഐല്‍ നെറ്റ്‌വര്‍ക്ക് മേധാവി ചാന്ദ്‌നി ഗഗ്‌ലാനി. 

To advertise here,

പൂര്‍ണതയല്ല, 'തനിനിറ'മാണ് വേണ്ടത്

സാധാരണ പ്രണയങ്ങളില്‍ നമ്മള്‍ കാണുന്നത് എല്ലാം തികഞ്ഞവരാണ് തങ്ങളെന്ന പ്രദര്‍ശനപരത പരസ്പരവും മറ്റുള്ളവരോടും നടത്തുന്ന പങ്കാളികളെയാണ്. എന്നാല്‍ ചാന്ദ്‌നിയുടെ അഭിപ്രായത്തില്‍ ജെന്‍ സിക്കാര്‍ക്ക് ഇതിനോട് താത്പര്യമില്ല. പൂര്‍ണതയല്ല, യഥാര്‍ഥ മുഖം കാണിച്ചുകൊണ്ട് സുതാര്യമായ റിലേഷന്‍ഷിപ്പാണ് ജെന്‍ സി ആഗ്രഹിക്കുന്നത്. ഈ മാറ്റം അര്‍ഥപൂര്‍ണമായ ബന്ധങ്ങള്‍ക്ക് വഴിതുറക്കുമെന്നും അവര്‍ പറയുന്നു. 

സ്റ്റീരിയോടൈപ്പുകളുടെ പൊളിച്ചെഴുത്ത്

പരമ്പരാഗതമായി പിന്തുടര്‍ന്നുവന്നിരുന്ന പ്രണയത്തിന്റെ നിയമങ്ങള്‍ പൊളിച്ചെഴുതുന്നതും ഇന്ത്യയിലെ ജെന്‍ സിയുടെ സവിശേഷതയാണ്. ആണായാലും പെണ്ണായാലും മറ്റേതെങ്കിലും ജെന്‍ഡറായാലും കരിയര്‍, യാത്രകള്‍, ജോലി തുടങ്ങിയ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്നു. അതുപോലെ തന്നെ തങ്ങളുടെ പ്രണയത്തിന്റെ പൂര്‍ണനിയന്ത്രണവും (ശ്രദ്ധിക്കുക, പങ്കാളിയുടെ നിയന്ത്രണമല്ല, പ്രണയത്തിന്റെ) സ്വന്തം കയ്യിലാണെന്ന് അവര്‍ ഉറപ്പാക്കുന്നു. 

പ്രണയത്തെ പുരോഗമനപരമായി സമീപിക്കുന്ന ജെന്‍ സി തലമുറ തുല്യതയെ ഓക്‌സിജന് സമാനമായി കാണുന്നു. തുല്യത ഉറപ്പുള്ള പ്രണയങ്ങളാണ് അവര്‍ തേടുന്നത്. ഇത്തരം താത്പര്യങ്ങള്‍ അടിസ്ഥാനമാക്കി പങ്കാളിയെ കണ്ടെത്താന്‍ ഡേറ്റിങ് ആപ്പുകളില്‍ സൗകര്യമുള്ളതിനാല്‍ മുന്‍കാലത്തെക്കാള്‍ ഇത് എളുപ്പമാണ്. 

പാരമ്പര്യം + ആധുനികത

പുരോഗമനപരമായ സമീപനമാണെങ്കിലും നമ്മുടെ നാടിന്റെ സാംസ്‌കാരിക പൈതൃകത്തെ പൂര്‍ണമായി കൈവിടുന്നവരല്ല ജെന്‍ സി 'പിള്ളേര്‍'. തങ്ങള്‍ക്കിഷ്ടപ്പെട്ടയാളെയാണ് പങ്കാളിയായി സ്വീകരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നതെങ്കിലും അതിലേക്ക് കുടുംബത്തെ കൂടി ഉള്‍പ്പെടുത്താനും തങ്ങളുടെ പ്രണയത്തിന് സമൂഹത്തിന്റെ അംഗീകാരം നേടാനും അവര്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ വ്യക്തിത്വത്തിനും താത്പര്യത്തിനും മുന്‍ഗണന നല്‍കി മാത്രം ഇത് നടപ്പാക്കുക എന്ന തരത്തില്‍ ആ പാരമ്പര്യത്തെ അവര്‍ പുനര്‍നിര്‍വചിക്കുകയാണ്. 

'നാറ്റോ' ഡേറ്റിങ്

ജെന്‍ സി പ്രണയത്തിന്റെ പ്രധാന സവിശേഷതയാണ് നാറ്റോ. നോട്ട് അറ്റാച്ച്ഡ് ടു ആന്‍ ഔട്ട്കം എന്നാണ് നാറ്റോയുടെ പൂര്‍ണരൂപം. ഈ നിമിഷത്തില്‍ ജീവിക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യേക ലക്ഷ്യങ്ങളൊന്നും ആഗ്രഹിക്കാതെ വര്‍ത്തമാനകാലത്ത് പ്രണയം ആസ്വദിച്ചുകൊണ്ടുള്ള ഡേറ്റിങ്ങാണ് ഇത്. ദീര്‍ഘകാലം ഒന്നിച്ചുള്ള ജീവിതമോ വിവാഹമോ ഒന്നും മനസില്‍ കണ്ടുള്ള ബന്ധമായിരിക്കില്ല ഇത്.