തന്നേക്കാൾ 12 വയസ്സ് പ്രായക്കൂടുതലുള്ള നടൻ പ്രകാശ് രാജിനെ വിവാഹം കഴിക്കാനുള്ള തീരുമാനം സുഹൃത്തുക്കളെ ഞെട്ടിച്ചിരുന്നുവെന്ന് ഡാൻസ് കൊറിയോഗ്രാഫർ പോണി വർമ്മ. എന്നാൽ ആ പ്രായവ്യത്യാസം തങ്ങളുടെ ദാമ്പത്യജീവിതത്തിന് ഗുണകരമായെന്ന് തുറന്നുപറയുകയാണ് പോണി. ജീവിതത്തിൽ തിരക്കുപിടിച്ചു ഓടിനടന്നിരുന്ന തനിക്ക് സമാധാനവും ക്ഷമയും പകർന്നത് പ്രകാശ് രാജാണെന്ന് അവർ പറയുന്നു. ആദ്യ വിവാഹത്തിലെ പ്രകാശ് രാജിന്റെ മക്കളായ പൂജയുമായും മേഘനയുമായും തനിക്കുള്ള അടുപ്പത്തെക്കുറിച്ചും പോണി മനസ്സുതുറന്നു.

To advertise here,

2010 ഓഗസ്റ്റ് 24-നായിരുന്നു പ്രകാശ് രാജും പോണി വർമ്മയും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള 12 വയസ്സിന്റെ പ്രായവ്യത്യാസം അന്ന് വലിയ ചർച്ചയായിരുന്നു. പോണിയുടെ അടുത്ത സുഹൃത്തുക്കൾക്കുപോലും ഈ വിവാഹത്തോട് തുടക്കത്തിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ ഇന്ന് പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ആ പ്രായവ്യത്യാസം തങ്ങളുടെ ബന്ധത്തിന്റെ കരുത്തായി മാറിയെന്നാണ് പോണി പറയുന്നത്. ഒരു അഭിമുഖത്തിലാണ് പ്രകാശ് രാജിനോടുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും പോണി തുറന്നുപറഞ്ഞത്.

12 വയസ്സിന്റെ പ്രായവ്യത്യാസം എനിക്ക് ഗുണം ചെയ്തു

'12 വയസ്സ് പ്രായക്കൂടുതലുള്ള ഒരാളെയാണ് ഞാൻ വിവാഹം കഴിക്കുന്നതെന്ന കാര്യം എന്റെ സുഹൃത്തുക്കളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു. എന്നാൽ ആ പ്രായവ്യത്യാസം ഉണ്ടായതിൽ എനിക്ക് സന്തോഷമുണ്ട്. പ്രകാശിനെപ്പോലൊരു വ്യക്തിക്ക് എന്റെ ജീവിതത്തിന്റെ ആഴവും ഞാൻ കടന്നുവന്ന സാഹചര്യങ്ങളും എന്റെ ചിന്തകളും ജീവിതത്തിൽ നേരിട്ട പോരാട്ടങ്ങളും മനസ്സിലാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നി- പോണി പറഞ്ഞു. പ്രകാശ് രാജിന്റെ ജീവിതാനുഭവങ്ങളാണ് തന്നെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിച്ചതെന്നാണ് പോണിയുടെ വിശ്വാസം.വിവാഹത്തിന് മുൻപ് തന്റെ ജീവിതം എപ്പോഴും തിരക്കുപിടിച്ച ഓട്ടത്തിലായിരുന്നുവെന്നും പോണി പറയുന്നു. എന്നാൽ പ്രകാശ് ജീവിതത്തിലേക്ക് വന്നതോടെ ആ കാഴ്ചപ്പാടിൽ മാറ്റമുണ്ടായി. പ്രകാശ് രാജ് എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് വലിയൊരു ശാന്തതയാണ്. ഒന്ന് വിശ്രമിക്കൂ, ഭക്ഷണം ആസ്വദിച്ച് കഴിക്കൂ, എല്ലാം ശരിയാകും. ഒന്നും നഷ്ടപ്പെടുന്നില്ല, സമയം തീർന്നുപോകുന്നില്ല, ജീവിതത്തിൽ നിങ്ങൾ പിന്നിലാകുന്നുമില്ല. എല്ലാം ശരിയാകും എന്നായിരുന്നു അദ്ദേഹം എന്നെ പഠിപ്പിച്ചത്,' പോണി പറഞ്ഞു. ജീവിതത്തിലെ പല പ്രതിസന്ധികളിലൂടെയും കടന്നുപോയ ഒരാളുടെ പക്വതയും അനുഭവസമ്പത്തും തനിക്ക് വലിയ ആശ്വാസമായെന്നും അവർ കൂട്ടിച്ചേർത്തു.

പ്രകാശിന്റെ മക്കളുമായുള്ള അടുപ്പം

പ്രകാശ് രാജിന്റെ ആദ്യ വിവാഹത്തിലെ മക്കളായ പൂജയുമായും മേഘനയുമായും തനിക്കുള്ള ബന്ധത്തെക്കുറിച്ചും പോണി വാചാലയായി. നടി ലളിത കുമാരിയുമായുള്ള ആദ്യ വിവാഹത്തിൽ ജനിച്ചവരാണ് ഇരുവരും. വിവാഹശേഷം ക്രമേണ വളർന്നുവന്ന ബന്ധമല്ല ഇതെന്നും തുടക്കംമുതൽ തന്നെ സ്‌നേഹവും അടുപ്പവും ഉണ്ടായിരുന്നുവെന്നും പോണി പറയുന്നു. വിവാഹച്ചടങ്ങുകളിലും ഇരുവരും സജീവമായി പങ്കെടുത്തിരുന്നു. വിവാഹത്തിലെ പ്രധാന ചടങ്ങുകൾ നടക്കുമ്പോൾ പൂജയും മേഘനയും തന്റെ തൊട്ടടുത്തുണ്ടായിരുന്നുവെന്ന് പോണി ഓർത്തെടുത്തു. അച്ഛന്റെ കൈകളിൽ മെഹന്ദിയും മഞ്ഞളും പുരട്ടി വിവാഹാഘോഷങ്ങളിൽ അവരും പങ്കുചേർന്നു.'പൂജയും മേഘനയും വീട്ടിലേക്ക് വരാറുണ്ട്. എല്ലാ ഡിസംബറിലും ഞങ്ങൾ ഒരുമിച്ചുണ്ടാകും. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലും എല്ലാ സന്തോഷങ്ങളിലും തങ്ങൾ ഒരുമിച്ചാണെന്നും പോണി പറഞ്ഞു. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കുടുംബാംഗങ്ങൾ തമ്മിലുള്ള ഈ അടുപ്പം നിലനിൽക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

ആകർഷിച്ചത് പ്രകാശിന്റെ ലാളിത്യവും സത്യസന്ധതയും

പ്രകാശ് രാജിനോട് പ്രണയം തോന്നാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ലാളിത്യവും സത്യസന്ധതയുമാണെന്ന് പോണി പറയുന്നു. സിനിമയിലെ താരപരിവേഷം ഉപയോഗിച്ച് തന്നെ ആകർഷിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. മുംബൈയിൽനിന്നുള്ള പെൺകുട്ടിയായ തന്നെ ആഡംബരങ്ങളിലൂടെയോ വലിയ സമ്മാനങ്ങളിലൂടെയോ സ്വാധീനിക്കാനും ശ്രമിച്ചില്ല.'അദ്ദേഹം എന്നോട് വളരെ സത്യസന്ധമായാണ് പെരുമാറിയത്. എന്നെ ആകർഷിക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. കാര്യങ്ങൾ ആഡംബരമാക്കാനും ശ്രമിച്ചില്ല. അദ്ദേഹം അദ്ദേഹമായി തന്നെ നിന്നു. ആ ലാളിത്യമാണ് എനിക്ക് ഇഷ്ടമായത്,' പോണി പറഞ്ഞു. ആദ്യകാല കൂടിക്കാഴ്ചകളിൽത്തന്നെ വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാട് പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു.എനിക്ക് ദീർഘകാലം നിലനിൽക്കുന്ന ഒരു ബന്ധമാണ് വേണ്ടത്. വിവാഹം കഴിക്കാനാണ് ആഗ്രഹം. വെറുതെ സമയം കളയാനല്ല ഞാൻ വന്നിരിക്കുന്നത്,' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും പോണി പറഞ്ഞു.

മുംബൈ വിട്ട് ഹൈദരാബാദിലേക്ക്

വിവാഹം പോണിയുടെ ജീവിതത്തിൽ വലിയൊരു മാറ്റത്തിനും വഴിയൊരുക്കി. 2000 മുതൽ മുംബൈയിലെ മാധ്യമ-സിനിമാ മേഖലയിൽ നൃത്തസംവിധായികയായി പ്രവർത്തിച്ചുവരികയായിരുന്നു അവർ. സ്വന്തം കരിയർ കെട്ടിപ്പടുത്ത നഗരമായ മുംബൈ വിട്ട് മറ്റൊരിടത്ത് താമസിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.'ബോംബെ വിട്ട് മറ്റൊരിടത്ത് താമസിക്കുമെന്ന് എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല,' പോണി പറഞ്ഞു.എന്നാൽ വിവാഹശേഷം ഹൈദരാബാദിലേക്ക് താമസം മാറി. ഇന്ന് അവിടെ കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് പോണി. ചെറുപ്പത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു ജീവിതമാണ് തനിക്ക് ലഭിച്ചതെന്നും അവർ പറയുന്നു.

16 വർഷത്തെ ദാമ്പത്യജീവിതം; മകനുവേണ്ടി വീണ്ടും വിവാഹം

കുടുംബാംഗങ്ങളുടെയും പ്രകാശിന്റെ അമ്മയുടെയും മക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ പഞ്ചാബി ആചാരപ്രകാരമായിരുന്നു പ്രകാശ് രാജിന്റെയും പോണി വർമ്മയുടെയും വിവാഹം

2016-ൽ ദമ്പതികൾക്ക് വേദാന്ത് എന്ന മകൻ ജനിച്ചു. 2021-ൽ വിവാഹത്തിന്റെ പതിനൊന്നാം വാർഷികത്തിൽ ഇരുവരും വീണ്ടും വിവാഹിതരായി. ആദ്യ വിവാഹസമയത്ത് ജനിച്ചിട്ടില്ലാതിരുന്ന മകന് മാതാപിതാക്കളുടെ വിവാഹച്ചടങ്ങുകൾ നേരിൽ കാണണമെന്ന ആഗ്രഹം സാധ്യമാക്കാനായിരുന്നു ഈ രണ്ടാം വിവാഹം. അതേസമയം, പോണി വർമ്മയെ വിവാഹം കഴിക്കുന്നതിന് മുൻപ് 1994-ലായിരുന്നു പ്രകാശ് രാജ് നടി ലളിത കുമാരിയെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ പൂജ, മേഘന, സിദ്ധു എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. മകൻ സിദ്ധു 2004-ൽ പത്താം വയസ്സിൽ അന്തരിച്ചു.