വിവാഹം ആഘോഷിക്കാമെങ്കില്‍ വിവാഹമോചനത്തിനുശേഷം പുതിയൊരു ജീവിതം തുടങ്ങാനുള്ള ഒരു വ്യക്തിയുടെ തീരുമാനം എന്തുകൊണ്ട് ആഘോഷിച്ചുകൂടാ എന്നാണ് ചോ ചോദിക്കുന്നത്.

മിന്നിത്തിളങ്ങുന്ന സിൽവർ ഗൗൺ ധരിച്ച് കയ്യിൽ ബൊക്കേയുമായി കാത്തുനിന്ന സുഹൃത്തുക്കളുടെ കയ്യടികളേറ്റുവാങ്ങി വേദിയിലേക്ക് ചോ സ്യൂങ് യോൺ എന്ന മുപ്പത്തിയേഴുകാരി നടന്നുകയറി. ആറു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ അമ്മയായ ചോ ആഘോഷിച്ചത് വിവാഹമല്ല, വിവാഹമോചനമായിരുന്നു. ഗംഭീരമായ വിരുന്നും, കേക്ക് കട്ടിങ്ങും, കരിമരുന്ന് പ്രയോഗങ്ങളും, ഡാൻസ് പാർട്ടിയും ഗെയിമും നിറഞ്ഞ ഒരു ആഘോഷത്തിലേക്കായിരുന്നു അവളുടെ എൻട്രി. വിവാഹമോചനത്തെ ഉൾക്കൊള്ളാൻ മടിച്ചിരുന്ന ഒരുകാലത്തുനിന്ന് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വന്തം സന്തോഷത്തിനും മുൻഗണന നൽകുന്ന ഒരുകാലത്തിലേക്കുള്ള യാത്രയുടെ ഭാഗമാണ് ചോയുടെ ഈ ഡിവോഴ്‌സ് പാർട്ടി. വിവാഹമോചനം എന്നത് വെറുമൊരു നിയമപരമായ വേർപിരിയൽ മാത്രമല്ല, മറിച്ച് ആഘോഷിക്കപ്പെടേണ്ട ഒരു പുതിയ തുടക്കമാണെന്ന് പറയുകയാണ് ദക്ഷിണ കൊറിയയിലെ കണ്ടന്റ് ക്രിയേറ്ററായ ചോ. സിയോളിലെ പ്രശസ്തമായ ബുക്‌ചോൺ ഹനോക് വില്ലേജിലാണ് ചോയുടെ വിവാഹമോചന പാർട്ടി നടന്നത്. പരമ്പരാഗത കൊറിയൻ വിവാഹത്തിന്റെ മാതൃകയിലായിരുന്നു വിവാഹമോചന ആഘോഷവും.
പക്ഷെ ചില ചടങ്ങുകളിൽ അവൾ മാറ്റം വരുത്തി. അതിഥികൾക്ക് സമ്മാനങ്ങൾക്ക് പകരം നന്ദി കുറിപ്പുകളും ലോട്ടറി ടിക്കറ്റുകളും നൽകി. മെഴുകുതിരി കത്തിക്കുന്നതിന് പകരം മെഴുകുതിരി അണയ്ക്കുന്ന ചടങ്ങാണ് നടത്തിയത്. വിവാഹ പ്രതിജ്ഞയ്ക്ക് പകരമായി ചോ തനിക്കിഷ്ടപ്പെട്ട അഞ്ച് കാര്യങ്ങൾ ഉറക്കെ പ്രഖ്യാപിച്ചു, അതിങ്ങനെയായിരുന്നു. സ്‌നേഹിക്കപ്പെടാൻ വേണ്ടി സ്വയം ചെറുതാകാതിരിക്കുക, സ്വന്തം മനസ്സ് പറയുന്നതിൽ വിശ്വസിക്കുക, പ്രണയത്തിലുള്ള വിശ്വാസം കൈവിടരുത്, സന്തോഷം ഒരിക്കലും മാറ്റിവെക്കാതിരിക്കുക, എപ്പോഴും സ്വന്തം നിലപാടുകൾക്കായി ഉറച്ചുനിൽക്കുക. വിവാഹമോചനത്തെ വെറുമൊരു പരാജയമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കത് എന്നെത്തന്നെ മെച്ചപ്പെടുത്താനും സ്വന്തം ജീവിതം പുനർനിർമിക്കാനുമുള്ള ഒരു പാഠമായിരുന്നു. ചോ സ്യൂങ്-യോൺ പറയുന്നു. വിവാഹമോചനത്തിന് എല്ലാവർക്കും അവരുടേതായ കാരണങ്ങളുണ്ടായിരിക്കും. അത് അവരുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളും വ്യത്യസ്തമാണ്. താൻ എത്രത്തോളം സ്‌നേഹിക്കപ്പെടുന്നുണ്ടെന്നും പിന്തുണയ്ക്കപ്പെടുന്നുണ്ടെന്നും മനസ്സിലാക്കാൻ ഡിവോഴ്‌സ് സെറിമണി സഹായിച്ചെന്നും അത് മുന്നോട്ട് പോകാൻ തന്നെ സഹായിക്കുമെന്നും അവർ ചോ കൂട്ടിച്ചേർത്തു.
'വിവാഹമോചിതരായ സ്ത്രീകൾ ജീവിതത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും ഓർത്ത് സങ്കടപ്പെട്ടിരിക്കണമെന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ ഞാൻ ആ ചിന്താഗതിയുടെ തടവിലല്ല. വിവാഹമോചനത്തിന് ശേഷം മനോഹരമായ ജീവിതം നയിക്കുന്ന സ്ത്രീഎന്ന ഉഹാദരണമെന്നോണം എന്റെ ജീവിതവുമായി ബന്ധപ്പെട്ട കണ്ടന്റുകൾ ഞാൻ പങ്കുവയ്ക്കും' അവർ വ്യക്തമാക്കി.
ദക്ഷിണ കൊറിയയിൽ പ്രൊഫഷണൽ കൗൺസിലിങ്് കേന്ദ്രങ്ങൾ പോലും ദമ്പതികൾക്ക് സൗഹൃദപരമായി പിരിയാൻ സഹായിക്കുന്ന 'ഡിവോർഴ്‌സ് സെറിമണികൾ' സംഘടിപ്പിക്കുന്നുണ്ട്. പരസ്പരം ശത്രുക്കളായി പിരിയുന്നതിന് പകരം പക്വതയോടെ പിരിയാൻ ഇത് സഹായിക്കും. സമൂഹമാധ്യമങ്ങളിലും ഈ മാറ്റം പ്രകടമാണ്. 'പ്രശ്‌നം പരിഹരിച്ചു', 'ഒടുവിൽ സ്വാതന്ത്ര്യം കിട്ടി' തുടങ്ങിയ വാചകങ്ങൾ എഴുതിയ കേക്കുകൾ മുറിച്ച് വിവാഹമോചനം ആഘോഷിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും തങ്ങളുടെ വിവാഹമോചന നടപടികളും കോടതി സന്ദർശനങ്ങളും വ്‌ളോഗുകളായി പങ്കുവെക്കുന്നവരും സൗത്ത് കൊറിയയിലുണ്ട്. തനിക്ക് നേരത്തേ ജന്മദിന കേക്കുകളുടെയും വിവാഹവാർഷിക കേക്കുകളുടെയും ഓർഡറാണ് കിട്ടിയിരുന്നതെങ്കിൽ നിലവിൽ ഡിവോഴ്‌സ് കേക്കുകളുടെ ഓർഡറും കിട്ടിത്തുടങ്ങിയതായി കേക്ക് ഷോപ്പ് നടത്തുന്ന ലീ ഹാ ഇയുൺ പറയുന്നു.
ഹാൻകൂകേ റിസർച്ച് നടത്തിയ സമീപകാല സർവേ പ്രകാരം, രാജ്യത്തെ 85 ശതമാനം ആളുകളും വിവാഹമോചനം എന്നത് അംഗീകരിക്കപ്പെടേണ്ട ഒന്നാണെന്ന് കരുതുന്നു. പരമ്പരാഗതമായ സാമൂഹിക സമ്മർദങ്ങളേക്കാൾ വ്യക്തികളുടെ മാനസിക സമാധാനത്തിനും സന്തോഷത്തിനും മുൻഗണന നൽകുന്ന രീതിയിലേക്ക് കൊറിയൻ സമൂഹം മാറിവരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് സർവേ പറയുന്നു. സാമൂഹിക പ്രതീക്ഷകളേക്കാൾ വ്യക്തിപരമായ സന്തോഷത്തിനും തിരഞ്ഞെടുപ്പുകൾക്കും ഇന്നത്തെ ആളുകൾ പ്രധാന്യം നൽകുന്നതിനാൽ വിവാഹമോചനത്തെ പരാജയമായി ഇന്ന് കണക്കാക്കുന്നില്ല. വിവാഹമോചനം പരസ്യമായി ആഘോഷിക്കുന്നതിലൂടെ തങ്ങളുടെ തീരുമാനത്തെ അവർ ഒന്നുകൂടി ഉറപ്പിക്കുകയും മുന്നോട്ട് നീങ്ങാൻ തീരുമാനിക്കുകയുമാണ് ചെയ്യുന്നത്. സാങ്മ്യുങ് സർവകലാശാലയിലെ കുടുംബക്ഷേമ പ്രൊഫസറായ ചോയ് യോൺ സിൽ പറയുന്നു.
എങ്കിലും, ഈ മാറ്റങ്ങൾ പൂർണ്ണമായി എല്ലാവരും അംഗീകരിക്കുന്നില്ല. വിവാഹമോചനം ഒരിക്കലും ആഘോഷിക്കേണ്ട ഒന്നല്ലെന്നും അത് മുൻപങ്കാളിയോടുള്ള അനാദരവാണെന്നും വാദിക്കുന്നവരും സമൂഹത്തിലുണ്ട്. ചോ സ്യൂങ് യോണിന്റെ വിവാഹമോചന ആഘോഷ വീഡിയോ പുറത്തുവന്നപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പൂർവപങ്കാളിയെ അപമാനിക്കുന്നതാണ് ചോയുടെ പ്രവൃത്തിയെന്ന് കുറ്റപ്പെടുത്തിയവരുമുണ്ട്. എന്നാൽ ഇതിനെയെല്ലാം ചോ തള്ളിക്കളഞ്ഞിരിക്കുകയാണ്. വിവാഹം ആഘോഷിക്കാമെങ്കിൽ വിവാഹമോചനത്തിനുശേഷം പുതിയൊരു ജീവിതം തുടങ്ങാനുള്ള ഒരു വ്യക്തിയുടെ തീരുമാനം എന്തുകൊണ്ട് ആഘോഷിച്ചുകൂടാ എന്നാണ് ചോ ചോദിക്കുന്നത്.
Content Highlights: Cho Seung-yeon celebrates her divorce with a party in Seoul, redefining traditional ceremonies with personal vows and symbolic gestures.
Published: 30 Oct 2026, 10:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented