
തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് ഗ്ലാമർ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നമിത. സിനിമയിൽ തിളങ്ങിനിന്ന കാലത്ത് വ്യക്തിജീവിതത്തിൽ നേരിട്ട കടുത്ത മാനസിക പീഡനങ്ങളും വിഷാദവും തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. പതിമൂന്ന് വർഷം നീണ്ട ബന്ധത്തിൽനിന്ന് പുറത്തുകടക്കാൻ മാതാപിതാക്കളുടെ പിന്തുണ വേണ്ടിവന്നെന്നും ഒരുഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നുവെന്നും നമിത വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് നടി ജീവിതത്തിലെ വേദനാജനകമായ അനുഭവങ്ങൾ പങ്കുവച്ചത്.
സിനിമയിൽ സജീവമായിരുന്ന കാലത്ത് തന്റെ വ്യക്തിജീവിതം ഒട്ടും സന്തോഷകരമായിരുന്നില്ലെന്നാണ് നമിത പറയുന്നത്. 2011 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ കടുത്ത വിഷാദത്തിലൂടെ കടന്നുപോയി. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. സ്വാർത്ഥനായ, മറ്റുള്ളവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സ്വഭാവമുള്ള ഒരാളുമായിട്ടായിരുന്നു താൻ ബന്ധത്തിലായിരുന്നതെന്ന് നമിത പറയുന്നു. എന്നാൽ, ആ ബന്ധം തന്നെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വർഷങ്ങളെടുത്തു. ഒരുദിവസം സ്‌നേഹത്തോടെ പെരുമാറുകയും അടുത്ത ദിവസം അകറ്റിനിർത്തുകയും ചെയ്യുന്ന സമീപനമായിരുന്നു അയാളുടേത്. മറ്റുള്ളവരുടെ മുന്നിൽ ആരെങ്കിലും തന്നെ പ്രശംസിച്ചാൽപോലും അത് അയാൾക്ക് സഹിക്കാനാകുമായിരുന്നില്ല. പിന്നീട് തന്റെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലായിരിക്കും പെരുമാറ്റം.
കുടുംബാംഗങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും തന്നെ അകറ്റിയെന്നും നമിത വെളിപ്പെടുത്തുന്നു. സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നതും പുതിയ ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നതുമെല്ലാം ക്രമേണ ഇല്ലാതായി. ഒരുകാലത്ത് ആളുകളുമായി ഇടപഴകാൻപോലും ബുദ്ധിമുട്ടുള്ള വ്യക്തിയായി താൻ മാറിയെന്നും നടി പറഞ്ഞു.
അമ്മയോട് സഹായം ചോദിച്ചു
ബന്ധത്തിൽനിന്ന് പുറത്തുകടക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള ധൈര്യം കണ്ടെത്താൻ നമിതയ്ക്ക് കഴിഞ്ഞിരുന്നില്ല. പതിമൂന്ന് വർഷം ഒരാളോടൊപ്പം ജീവിച്ചതിനുശേഷം എങ്ങനെ ഒറ്റയ്ക്ക് മുന്നോട്ടുപോകുമെന്ന ഭയമായിരുന്നു പ്രധാന തടസ്സം. ഒരുഘട്ടത്തിൽ സഹായത്തിനായി അമ്മയെ വിളിച്ച് അപേക്ഷിക്കേണ്ടിവന്നുവെന്നും നമിത പറയുന്നു. തന്റെ അവസ്ഥ മനസ്സിലാക്കിയ അമ്മയും അച്ഛനും ഉറച്ച പിന്തുണ നൽകി. താൻ അമ്മയ്ക്ക് ഒരിക്കലും ഭാരമല്ലെന്നും ശേഷിക്കുന്ന ജീവിതം ഇത്തരമൊരു ബന്ധത്തിൽ തുടരാൻ അനുവദിക്കില്ലെന്നും അമ്മ പറഞ്ഞത് തനിക്ക് വലിയ ആശ്വാസമായി. ഒടുവിൽ 2014-ൽ ആ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ വേർപിരിയലോടെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചില്ല. വർഷങ്ങളായി ആശ്രയിച്ചിരുന്ന ഒരാളിൽനിന്ന് അകന്നപ്പോൾ ഒറ്റയ്ക്ക് ജീവിക്കാനാകുമോ എന്ന ആശങ്ക കൂടുതൽ ശക്തമായി. ബന്ധം അവസാനിപ്പിച്ചതിനുശേഷം വിഷാദം കൂടുതൽ രൂക്ഷമായെന്നും നടി പറയുന്നു.
ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ച കാലം
ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നുവെന്ന് നമിത തുറന്നുപറഞ്ഞു. ആ ബന്ധം അവസാനിപ്പിച്ചതിനുശേഷം പരിചയപ്പെട്ട മറ്റൊരാളിലും സമാനമായ സ്വഭാവസവിശേഷതകൾ കണ്ടതോടെ മാനസികമായി വീണ്ടും തകർന്നു. എന്തുകൊണ്ടാണ് താൻ വീണ്ടും വീണ്ടും ഒരേ സ്വഭാവമുള്ള ആളുകളെ തിരഞ്ഞെടുക്കുന്നതെന്ന ചോദ്യം അലട്ടിക്കൊണ്ടിരുന്നു. സ്വന്തം തീരുമാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ വിഷാദം കൂടുതൽ ആഴത്തിലായി. ഈ അനുഭവങ്ങളാണ് മനഃശാസ്ത്രത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് നമിത പറയുന്നു.
മനുഷ്യരുടെ പെരുമാറ്റരീതികളും ബന്ധങ്ങളിലെ മാനസിക നിയന്ത്രണങ്ങളും മനസ്സിലാക്കാൻ ശ്രമിച്ചു. ആത്മീയതയും ധ്യാനവും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്നും അവർ പറഞ്ഞു. 2015 ജൂലൈ 29-ന് ധ്യാനം ആരംഭിച്ചതായും ആ അനുഭവം ജീവിതത്തെ മാറ്റിമറിച്ചതായും നമിത പറയുന്നു. മാനസികമായി പഴയ നിലയിലേക്ക് തിരിച്ചെത്താൻ ഏകദേശം ആറുവർഷമെടുത്തുവെന്നും അവർ വെളിപ്പെടുത്തി. ആ കാലയളവിൽ സിനിമയിലെ അവസരങ്ങളും നഷ്ടമായി. എന്നാൽ, തൊഴിൽപരമായി വലിയ നഷ്ടങ്ങളുണ്ടായെങ്കിലും സ്വന്തം വ്യക്തിത്വത്തെ തിരിച്ചുപിടിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് നമിത പറയുന്നു.
ആത്മവിശ്വാസമില്ലാതാക്കി
മുൻബന്ധം തന്റെ സ്വാതന്ത്ര്യത്തെയും ആത്മവിശ്വാസത്തെയും എത്രത്തോളം ബാധിച്ചിരുന്നുവെന്ന് വ്യക്തമാക്കാൻ നമിത പങ്കുവച്ച മറ്റൊരു അനുഭവമാണ് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ടത്. തനിക്ക് കാർ ഓടിക്കാൻ കഴിയില്ലെന്ന് മുൻപങ്കാളി നിരന്തരം പറഞ്ഞിരുന്നതായി നടി വെളിപ്പെടുത്തി. അതോടെ സ്വന്തം കഴിവുകളെക്കുറിച്ചുപോലും സംശയം തോന്നിത്തുടങ്ങി. എന്നാൽ ബന്ധം അവസാനിപ്പിച്ചശേഷം നമിത സ്വയം വാഹനമോടിക്കാൻ പഠിച്ചു. പിന്നീട് ഒറ്റയ്ക്ക് ബെംഗളൂരുവിലേക്ക് കാറോടിച്ചുപോയ അനുഭവവും നടി പങ്കുവച്ചു. നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായിരുന്നു ആ യാത്ര.
വിവാഹത്തിന് മുമ്പ് ഭർത്താവിനെ മനഃശാസ്ത്രപരമായി വിലയിരുത്തി
മുൻബന്ധത്തിൽനിന്നുണ്ടായ അനുഭവങ്ങൾ കാരണം മറ്റൊരു വിവാഹത്തെക്കുറിച്ച് തീരുമാനമെടുക്കുമ്പോൾ നമിത ഏറെ ശ്രദ്ധാലുവായിരുന്നു. ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുന്ന വ്യക്തി മാനസികമായി പക്വതയുള്ളവനും നല്ല മനസ്സുള്ളവനുമായിരിക്കണമെന്ന് ഉറപ്പിച്ചിരുന്നു. ഇതിനായി മനഃശാസ്ത്രം പഠിച്ചുകൊണ്ടിരുന്ന അടുത്ത സുഹൃത്തിന്റെ സഹായം തേടിയെന്നും നമിത വെളിപ്പെടുത്തി. അന്ന് പ്രണയത്തിലായിരുന്ന വ്യക്തിയുടെ സ്വഭാവം മനസ്സിലാക്കാനായിരുന്നു ശ്രമം. സുഹൃത്തിന്റെ വിലയിരുത്തലിൽ അദ്ദേഹം മികച്ച വ്യക്തിയാണെന്ന് ബോധ്യപ്പെട്ടശേഷമാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് നമിത പറയുന്നു. മുൻകാല അനുഭവങ്ങളിൽനിന്ന് പഠിച്ച പാഠങ്ങളാണ് പുതിയ ജീവിതത്തിൽ ശരിയായ തീരുമാനമെടുക്കാൻ സഹായിച്ചതെന്നും നടി വ്യക്തമാക്കി.
നാൽപ്പതിനുശേഷമുള്ള മാതൃത്വവും വെല്ലുവിളികളും
വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും നമിത അഭിമുഖത്തിൽ സംസാരിച്ചു. വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിലേക്ക് കടക്കാൻ താൻ ആഗ്രഹിച്ചിരുന്നെങ്കിലും ഭർത്താവ് അതിന് മാനസികമായി തയ്യാറാകാൻ സമയമെടുത്തുവെന്ന് താരം പറയുന്നു. ഏകദേശം അഞ്ചുവർഷത്തിനുശേഷമാണ് ഇരുവരും കുട്ടികൾ വേണമെന്ന തീരുമാനത്തിലെത്തിയത്. ഇരട്ടക്കുട്ടികളുടെ അമ്മയാണ് നമിത. പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ഡോക്ടറുടെ നിർദേശങ്ങൾക്കാണ് മുൻഗണന നൽകിയതെന്നും അവർ പറഞ്ഞു. സാധാരണ പ്രസവത്തിനായിരുന്നു ആഗ്രഹമെങ്കിലും ഇരട്ടക്കുട്ടികളായതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം ശസ്ത്രക്രിയയിലൂടെയാണ് പ്രസവിച്ചത്. കുട്ടികളുടെ ജനനത്തോടെ ജീവിതത്തിന്റെ മുൻഗണനകൾ മാറിയെന്നും നമിത പറയുന്നു. ഉറക്കമില്ലാത്ത രാത്രികളും കുട്ടികളുടെ പരിചരണവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്.കുട്ടികൾക്ക് ഇപ്പോൾ നാലുവയസ്സാണെന്നും അവരുടെ കുസൃതികൾ പലപ്പോഴും തന്നെ വലയ്ക്കാറുണ്ടെന്നും നമിത ചിരിയോടെ പറയുന്നു.
ആർത്തവവിരാമത്തെക്കുറിച്ചും തുറന്നുപറച്ചിൽ
സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നമിത അഭിമുഖത്തിൽ സംസാരിച്ചു. പ്രത്യേകിച്ച് ആർത്തവവിരാമത്തിന് മുമ്പുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചാണ് താരം അനുഭവങ്ങൾ പങ്കുവച്ചത്.
ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഉറക്കക്കുറവ്, പെട്ടെന്നുള്ള ചൂടനുഭവപ്പെടൽ, അസ്വസ്ഥത, ക്ഷമ കുറയുക തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാമെന്ന് നമിത പറയുന്നു.ഇത്തരം മാറ്റങ്ങളെക്കുറിച്ച് പങ്കാളികൾക്കും ധാരണയുണ്ടാകേണ്ടത് പ്രധാനമാണെന്നാണ് നടിയുടെ അഭിപ്രായം. തന്റെ ഭർത്താവ് ഗൈനക്കോളജിസ്റ്റിനെ കാണാൻ ഒപ്പം വന്നിരുന്നുവെന്നും ഡോക്ടറുമായി വിശദമായി സംസാരിച്ചതിനുശേഷം തന്റെ ബുദ്ധിമുട്ടുകളെ കൂടുതൽ മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും നമിത വ്യക്തമാക്കി.സ്ത്രീകൾ ഇത്തരം ശാരീരിക മാറ്റങ്ങളെ അവഗണിക്കാതെ ഡോക്ടറുടെ സഹായം തേടണമെന്നും നമിത അഭിപ്രായപ്പെട്ടു.
ഗ്ലാമറും ആത്മീയതയും ഒരുമിച്ചുകൊണ്ടുപോകാം
സിനിമയിലെ ഗ്ലാമർ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നമിതയ്ക്ക് വസ്ത്രധാരണത്തെക്കുറിച്ചും വ്യക്തമായ നിലപാടുകളുണ്ട്. ആത്മീയജീവിതം നയിക്കുന്നതുകൊണ്ട് ഗ്ലാമറസ് വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ടതില്ലെന്നാണ് നടിയുടെ അഭിപ്രായം. തനിക്ക് ഗ്ലാമറസ് വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമാണെന്നും അതുപോലെ കോട്ടൺ സാരികളോടും വലിയ താൽപര്യമുണ്ടെന്നും നമിത പറയുന്നു. പൂജയും ധ്യാനവും ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ അതൊന്നും സ്വന്തം ഇഷ്ടങ്ങൾ ഉപേക്ഷിക്കാനുള്ള കാരണമല്ല. സിനിമയിലെ ഗ്ലാമർ വേഷങ്ങൾ കാരണം സമൂഹമാധ്യമങ്ങളിൽ മോശമായ സന്ദേശങ്ങളും അശ്ലീല പരാമർശങ്ങളും നേരിടേണ്ടിവന്നിട്ടുണ്ടെന്നും നമിത വെളിപ്പെടുത്തി. ഇത്തരം അനുഭവങ്ങൾക്കിടയിലും സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വന്തം നിലപാടുകൾക്കും വേണ്ടി സംസാരിക്കാൻ മടിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.
Content Highlights: Actress Namitha revealed she suffered from severe depression due to a 13-year abusive and controlling relationship., She contemplated suicide before seeking her parents' help and ending the relationship in 2014., Meditation, spirituality, and studying psychology helped her emotionally recover over six years., She is now a mother of four-year-old twins and advocates for mental health and women's rights.
Published: 30 Oct 2026, 09:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented