
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും മാധ്യമ പ്രവർത്തക നിധി റസ്ദാനും വിവാഹിതരായ വാർത്തയും ചിത്രങ്ങളുമാണ് ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ദീർഘകാലത്തെ സൗഹൃദത്തിനൊടുവിൽ ഡൽഹിയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. തങ്ങളുടെ വിവാഹവാർത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇരുവരും ഔദ്യോഗികമായി പങ്കുവെച്ചത്. ഒപ്പം വിവാഹ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. ജീവിതസായ്ഹനത്തിലൊരുമിച്ച ഇരുവരുടെയും പ്രായം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ വിചാരണ തുടങ്ങി.
ഒമർ അബ്ദുള്ളയുടെയും നിധി രാസ്ദാന്റെയും രണ്ടാം വിവാഹമാണിത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് ഒമർ അബ്ദുള്ളയുടെ മുൻ വിവാഹബന്ധം ഔദ്യോഗികമായി വേർപിരിഞ്ഞത്.
1994-ൽ പായൽ സിംഗുമായി വിവാഹിതനായ ഒമർ അബ്ദുള്ള 2011 മുതൽ അവരുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. തുടർന്ന് വിവാഹമോചന കേസ് വർഷങ്ങളോളം കോടതിയുടെ പരിഗണനയിലായിരുന്നു. ഒടുവിൽ കഴിഞ്ഞ ജൂലൈയിൽ പരസ്പര സമ്മതത്തോടെയും ധാരണയോടെയും സുപ്രീം കോടതി ഇവരുടെ വിവാഹബന്ധം ഔദ്യോഗികമായി വേർപെടുത്തി ഉത്തരവിടുകയായിരുന്നു. സാഹിർ, സമീർ എന്നീ രണ്ട് ആൺമക്കളാണ് ഈ ബന്ധത്തിലുള്ളത്.എൻ.ഡി.ടി.വിയിലൂടെ ദീർഘകാലം ദേശീയ രാഷ്ട്രീയവും അന്താരാഷ്ട്ര വിഷയങ്ങളും കവർ ചെയ്ത് ശ്രദ്ധേയായ മാധ്യമപ്രവർത്തകയാണ് നിധി രാസ്ദാൻ.
പ്രായവും പദവികളും മാറ്റിവെച്ച്, ജീവിതത്തിന്റെ പക്വമായ ഘട്ടത്തിൽ പരസ്പരം തുണയാകാൻ തീരുമാനിച്ച ഒമർ അബ്ദുള്ളയുടെയും നിധി രാസ്ദാന്റെയും ജീവിതയാത്ര, സ്നേഹത്തിനും കൂട്ടിനും പ്രായം ഒരു പ്രശ്നമല്ലെന്നതിന്റെ ഓർമപ്പെടുത്തലാണ്. വിവാഹത്തെ എപ്പോഴും ഒരു പരമ്പരാഗത ചട്ടക്കൂടിൽ നിർത്തി അളക്കാനാണ് പൊതുസമൂഹത്തിന് താല്പര്യം. അതിൽ പ്രായത്തിനും ജാതിക്കും അതിർവരമ്പുകളുണ്ട്. ആ അതിരുകൾ ലംഘിക്കപ്പെടുമ്പോൾ, അത് പ്രണയമാണെങ്കിൽപ്പോലും, അനുമോദനങ്ങൾക്ക് പകരം പരിഹാസങ്ങളും അധിക്ഷേപങ്ങളുമാണ് ഉയർന്നുവരും. വിവാഹവാർത്ത പുറത്തുവന്നപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ട പ്രതികരണങ്ങൾ ഇതിന് തെളിവാണ്. 'അൻപതുകളിലെ പ്രണയം' എന്നും 'ഈ വയസ്സിലാണോ വിവാഹം' എന്നുമുള്ള പരിഹാസശരങ്ങൾ ആ മനോഹരചിത്രങ്ങൾക്ക് അടിയിൽ കുറിക്കാൻ മടിക്കാത്തവരുണ്ടായിരുന്നു. നാൽപ്പതുകളിലോ അൻപതുകളിലോ എത്തിയ വ്യക്തികൾ ഒരു പങ്കാളിയെ കണ്ടെത്താനോ, വീണ്ടുമൊരു ജീവിതം ആരംഭിക്കാനോ തീരുമാനിക്കുമ്പോൾ അതിനെ കൗതുകത്തോടെയോ പരിഹാസത്തോടെയോ നോക്കിക്കാണുന്ന ഒരു വിചിത്ര പ്രവണത നമുക്കിടയിലുണ്ട്. ഇരുപതുകളിലെ പ്രണയം കേവലം ആവേശവും ശാരീരികമായ ആകർഷണവുമാണെങ്കിൽ, ജീവിതത്തിന്റെ പാതികഴിഞ്ഞ ശേഷം രൂപപ്പെടുന്ന ബന്ധങ്ങൾ ആഴത്തിലുള്ള പരസ്പര ധാരണയിലും സൗഹൃദത്തിലും അധിഷ്ഠിതമാണ്.
ഒമർ അബ്ദുള്ള ഒരു രാഷ്ട്രീയ നേതാവാണ്; നിധി രാസ്ദാൻ രാജ്യ ശ്രദ്ധ നേടിയ ഒരു മാധ്യമപ്രവർത്തകയുമാണ്. എന്നാൽ, തങ്ങളുടെ പദവികൾക്കപ്പുറം അവർക്ക് വ്യക്തിപരമായ ഒരിടമുണ്ട് എന്ന് പലപ്പോഴും ഓർക്കാറില്ല. ഒരുവശത്ത് ഇസ്ലാമിക ശരീയത്ത് നിയമങ്ങൾ ചൂണ്ടിക്കാണിച്ച് മതപുരോഹിതന്മാർ ഫത്വകളുമായി ഇറങ്ങുമ്പോൾ, മറുവശത്ത് സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണകാരികൾ ഇവരുടെ വയസ്സിനെയും മുൻകാല ജീവിതത്തെയും എടുത്തു കാട്ടി വിനോദത്തിൽ ഏർപ്പെടുന്നു. സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം മതം മാറാതെ, നിയമപരമായി ഒന്നിച്ച രണ്ടു വ്യക്തികൾക്ക് നേരെ ഉയരുന്ന ഇത്തരം കടന്നാക്രമണങ്ങൾ, നമ്മൾ ഇനിയും ഒരു ആധുനിക ജനാധിപത്യ സമൂഹമായി വളർന്നിട്ടില്ല എന്നതിന്റെ തെളിവാണ്.പ്രണയത്തിന് ഒരു കാലാധിയില്ല.രണ്ട് വ്യക്തികൾ തമ്മിലുള്ള ആത്മബന്ധത്തെ അവരുടെ പ്രായം വെച്ച് അളക്കുന്നത് സാംസ്കാരികമായ പിന്നോക്കാവസ്ഥയുടെ അടയാളമാണ്.
നിശബ്ദ പ്രണയം
രാഷ്ട്രീയത്തിലെയും മാധ്യമരംഗത്തെയും പ്രമുഖരായിരുന്ന ഇരുവരും ഇരുവരും തമ്മിലുള്ള പരിചയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങൾ നീണ്ട ഔദ്യോഗിക പരിചയമാണ് ഇരുവരും തമ്മിലുള്ളത്. എൻ.ഡി.ടി.വിയിൽ മുതിർന്ന മാധ്യമപ്രവർത്തകയായിരുന്ന നിധി രാസ്ദാൻ, ജമ്മു-കശ്മീർ രാഷ്ട്രീയവും വിദേശകാര്യ നയങ്ങളും നിരന്തരം അവതരിപ്പിച്ചിരുന്ന മാധ്യമപ്രവർത്തകയായിരുന്നു. ഈ സമയത്താണ് രഒമർ അബ്ദുള്ളയെ അവർ പരിചയപ്പെടുന്നത്.ചാനൽ ചർച്ചകളിലും പ്രത്യേക അഭിമുഖങ്ങളിലുമുള്ള ഇവരുടെ ആശയവിനിമയങ്ങൾ എപ്പോഴും പരസ്പര ബഹുമാനം നിറഞ്ഞതായിരുന്നു. മാധ്യമപ്രവർത്തകയെന്ന നിലയിൽ നിധിയുടെ മൂർച്ചയുള്ള ചോദ്യങ്ങളും, രാഷ്ട്രീയക്കാരനെന്ന നിലയിൽ ഒമറിന്റെ വ്യക്തതയുള്ള മറുപടികളും ഇരുവരും തമ്മിലുള്ള പ്രൊഫഷണൽ അടുപ്പത്തിന് അടിത്തറയിട്ടു.
ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയും തിരിച്ചടികളിലൂടെയും കടന്നുപോയ വ്യക്തികളാണ് രണ്ടുപേരും.1994-ൽ പായൽ സിംഗുമായി വിവാഹിതനായ ഒമർ, 2011 മുതൽ അവരുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. നീണ്ട വർഷങ്ങളിലെ വിചാരണകൾക്ക് ശേഷം കഴിഞ്ഞ ജൂലൈയിലാണ് സുപ്രീം കോടതി ഇവരുടെ വിവാഹബന്ധം ഔദ്യോഗികമായി വേർപെടുത്തിയത്. മാധ്യമപ്രവർത്തകനായ നീലേഷ് മിശ്രയുമായുള്ള ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം, തന്റെ കരിയറിലും വ്യക്തിജീവിതത്തിലും ശക്തമായി മുന്നോട്ടുപോവുകയായിരുന്നു നിധി. ജീവിതത്തിന്റെ സങ്കീർണ്ണമായ ഈ ഘട്ടങ്ങളിലാണ് ഇവരുടെ പ്രൊഫഷണൽ സൗഹൃദം കൂടുതൽ ആഴത്തിലുള്ള ഒരു ആത്മബന്ധമായി മാറിയത്. പരസ്പരം നൽകിയ മാനസിക പിന്തുണയും, സമാനമായ ലോകവീക്ഷണവുമാണ് ഒന്നിച്ചുള്ള യാത്രയിലേക്ക് ഇവരെ കൈപിടിച്ചുനടത്തിയത്. ഗോസിപ്പുകൾക്ക് ഇടനൽകാതെ, ഡൽഹിയിലെയും ശ്രീനഗറിലെയും അടുത്ത സുഹൃദ്വലയങ്ങളിൽ മാത്രം ഒതുങ്ങിനിന്നതായിരുന്നു ഇവരുടെ പ്രണയം. ഒടുവിൽ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം ലളിതമായി വിവാഹം രജിസ്റ്റർ ചെയ്ത ശേഷമാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ വാർത്ത പുറത്തുവിട്ടത്.
'മതമല്ല, വ്യക്തിസ്വാതന്ത്ര്യം'
വിവാഹത്തിന് പിന്നാലെ, ഈ വിവാഹം ഇസ്ലാമിക നിയമങ്ങൾക്കും ശരീയത്തിനും വിരുദ്ധമാണെന്നും അതിനാൽ അസാധുവാണെന്നും പ്രഖ്യാപിച്ച് പ്രമുഖ ഇസ്ലാമിക പുരോഹിതന്മാരും ദാറുൽ ഉലൂം സ്ഥാപനങ്ങളും രംഗത്തെത്തി. സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം മതം മാറാതെ നടന്ന ഈ വിവാഹം വലിയ തോതിലുള്ള മത-രാഷ്ട്രീയ ചർച്ചകൾക്കാണ് ഇതോടെ വഴിതുറന്നത്. എന്നാൽ, ഉയർന്നുവന്ന വിമർശനങ്ങളോടും ഫത്വയോടും പൂർണ്ണമായ ആത്മാഭിമാനത്തോടെയും ഭരണഘടനാപരമായ അവകാശങ്ങളെ ചൂണ്ടിക്കാണിച്ചുമാണ് ഒമർ അബ്ദുള്ള പ്രതികരിച്ചത്.
ദാറുൽ ഉലൂം ദേവബന്ദ് ഉൾപ്പെടെയുള്ള പ്രമുഖ ഇസ്ലാമിക സ്ഥാപനങ്ങളിൽ നിന്നും പുരോഹിതന്മാരിൽ നിന്നും പുറത്തുവന്ന ഫത്വയിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് ഇസ്ലാമിക ശരീയത്ത് നിയമങ്ങളാണ്. ഇസ്ലാമിക ആചാരപ്രകാരം ഒരു മുസ്ലിം പുരുഷൻ മുസ്ലിം അല്ലാത്ത സ്ത്രീയെയല്ലാതെ വിവാഹം കഴിക്കുമ്പോൾ, വധു ഇസ്ലാം മതം സ്വീകരിക്കേണ്ടതുണ്ട്. നിധി രാസ്ദാൻ മതം മാറാതെ നടന്ന ഈ വിവാഹത്തിന് ഇസ്ലാമിക ആചാരപ്രകാരമുള്ള നിക്കാഹ് സാധുതയില്ലെന്ന് അവർ വാദിക്കുന്നു. ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ ഇസ്ലാമിക നിയമങ്ങളെ അവഗണിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ചില മതസംഘടനകൾ ആരോപിച്ചു.
തനിക്കെതിരെ ഉയർന്ന ഫത്വകളോടും അനാവശ്യ വിവാദങ്ങളോടും ഒമർ അബ്ദുള്ള തികച്ചും വ്യക്തിപരമായ കാഴ്ചപ്പാടിലാണ് മറുപടി നൽകിയത്. 'ഭരണഘടനാപരമായ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും അനുസരിച്ചാണ് ഞങ്ങൾ ഒന്നായത്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് പ്രത്യേക മാര്യേജ് ആക്റ്റ് പ്രകാരം ജീവിക്കാനും ആരെയും പങ്കാളിയായി തിരഞ്ഞെടുക്കാനും ഏതൊരു പൗരനും അവകാശമുണ്ട്. ഞങ്ങളുടെ വ്യക്തിജീവിതത്തിൽ ആരും അനാവശ്യമായി കടന്നുകയറേണ്ടതില്ല.' മതം എന്നത് വ്യക്തിഗതമായ അനുഭവമാണെന്നും, രണ്ടു വ്യക്തികൾ പരസ്പര സമ്മതത്തോടെയും സ്നേഹത്തോടെയും ഒന്നിക്കുമ്പോൾ അതിൽ മതപരമായ തടസ്സങ്ങൾ കൊണ്ടുവരുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമപരമായ വശങ്ങളും ഭരണഘടനയും
ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കുക എന്നത്. 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്റ്റ് അനുസരിച്ച്, പങ്കാളികൾ രണ്ടുപേരും സ്വന്തം മതം ഉപേക്ഷിക്കാതെ തന്നെ നിയമപരമായി വിവാഹിതരാകാൻ സാധിക്കും.കോടതികൾ പലതവണ വ്യക്തമാക്കിയതുപോലെ, ഭരണഘടനാപരമായ നിയമങ്ങൾക്കാണ് ഏതൊരു മതപരമായ ഫത്വകളെക്കാളും അല്ലെങ്കിൽ സമുദായ വിധികളെക്കാളും മേൽക്കൈയുള്ളത്. അതിനാൽ, നിയമപരമായി ഈ വിവാഹം പൂർണ്ണമായും സാധുവാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: Social media reacts to Omar Abdullah and Nidhi Razdan's marriage, sparking discussions on age, societal norms, and the essence of companionship.
Published: 02 Nov 2026, 03:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented