ഇടുക്കി വള്ളക്കടവ് റേഞ്ചിലെ മാനംമുട്ടി മലയുടെ അടിവാരത്തിലെ പച്ചപ്പിനിടയില്‍ ചൂട് മാറ്റാന്‍ പൂഴി മണ്ണ് വാരിയെറിയുകയായിരുന്ന ഒറ്റക്കൊമ്പന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് വനംവകുപ്പ് സംഘമെത്തിയത്. കുറച്ചകലെയായിനിന്ന അവനെ കൂട്ടത്തിലുണ്ടായിരുന്ന ഓഫിസര്‍ മരങ്ങള്‍ക്ക് പുറകിലിരുന്ന് ലക്ഷ്യം വെച്ചു. പോയിന്റ് ബ്ലാങ്ക് റേഞ്ചിലെത്തിയതും വലതു കൈവിരല്‍ ട്രിഗറിലമര്‍ന്നു. ഒറ്റ ക്ലിക്കില്‍ കൊമ്പനും അവന്‍ വാരിയെറിഞ്ഞ പുഴിയും പിന്നിലെ മാനം മുട്ടിമലയും ലെന്‍സില്‍നിന്നും മെമ്മറി കാര്‍ഡിന്റെ താഴ്‌വാരത്തിലേക്ക് ചെരിഞ്ഞു. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ബിസ്മി വില്‍സിന്റെ ശേഖരത്തിലേക്ക് ഒരു മനോഹരചിത്രം കുടി.

To advertise here,

സംസ്ഥാന വനംവകുപ്പില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി പാഷനായി കൊണ്ടുനടക്കുന്ന ഏക വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് വള്ളക്കടവ് റേഞ്ചില്‍ ജോലിചെയ്യുന്ന നന്തപുരം പാറശാല സ്വദേശിനി ബിസ്മി. വനംവകുപ്പിന്റെ സാമൂഹിക മാധ്യമ പോസ്റ്റുകളില്‍ ബിസ്മിയുടെ ചിത്രങ്ങള്‍ പലകുറി വന്നു. പെരിയാറിലെ ജൈവ വൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൂടിയാണവ.

വനംവകുപ്പിലെത്തിയ ബിസ്മിക്ക് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയോട് തോന്നിയ പ്രണയവും അപ്രതീക്ഷിതമായിരുന്നു. 2018-ല്‍ അഴുത റെയിഞ്ചില്‍ മൂഴിക്കല്‍ സെക്ഷനിലെത്തുമ്പോള്‍ പൂമ്പാറ്റകളെ കൗതുകത്തിന് ആന്‍ഡ്രോയിഡ് ഫോണില്‍ പകര്‍ത്തിത്തുടങ്ങി. തുടര്‍ന്ന് പമ്പ റേഞ്ചിലെത്തുമ്പോള്‍ ഡിജിറ്റല്‍ ക്യാമറയിലേക്ക് സ്വപ്നം വളര്‍ന്നു. ചിത്രശലഭങ്ങളെ കൂടാതെ പക്ഷികളും ചെറുജീവികളും ഇഷ്ടങ്ങളുടെ പട്ടികയില്‍ കയറിവന്നു. വള്ളക്കടവ് റേഞ്ചിലെത്തി കാടിനുള്ളിലൂടെ യാത്ര തുടങ്ങിയപ്പോഴാണ് തിരിച്ചറിഞ്ഞത് വന്യജീവിതം പകര്‍ത്താല്‍ കൈയിലുള്ളതൊന്നും പോരെന്ന്. പിന്നെ പ്രൊഫഷണല്‍ ക്യാമറ വാങ്ങി. വിഷ്ണുവെന്ന സഹപ്രവര്‍ത്തകന്‍ എല്ലാം പഠിപ്പിച്ച് പിന്തുണ നല്‍കി.

ഡ്യൂട്ടിക്കിടയില്‍ ക്യാമറ ഒപ്പം കരുതും. ഒഴിവ് സമയങ്ങളിലും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചിത്ര ങ്ങള്‍ക്കായി കാടുകയറും. വന്യമൃഗങ്ങളെ ശല്യം ചെയ്യാതെ അവരുടെ കണ്ണില്‍പ്പെടാതെ വേണം ഫോക്കസ് ചെയ്യാന്‍. ഒരിക്കല്‍ ഗ്രാമ്പിയിലേക്കുള്ള യാത്രക്കിടയില്‍ ചെന്നായയും കരടിയും ഏറ്റുമുട്ടുന്നത് നേരില്‍ കണ്ടതും ചിത്രം പകര്‍ത്തിയതും മറക്കാനാകാത്ത അനുഭവം. പുല്‍മേട്ടില്‍ മേയുകയായിരുന്ന 18 ആനകളെ ഒറ്റ ഫ്രെയിമില്‍ കിട്ടിയതും സന്തോഷം നല്‍കി.

 

കടുവ സങ്കേതമാണ് പെരിയാറെങ്കിലും കടുവകള്‍ മാത്രം ഇതു വരെ ആ ഫ്രെയിമിലേക്ക് വന്നിട്ടില്ല. അതിനുള്ള കാത്തിരിപ്പിലാണ് ബിസ്മി. പുതുച്ചേരി അക്വാ ജെന്‍ ഷ്രിംപ് ഹാച്ചറിയിലെ മാനേജരായ ഭര്‍ത്താവ് എസ്.ദിനഹറും എല്ലാ പിന്തുണയും നല്‍കുന്നു എട്ടാം ക്ലാസുകാരി ഡിയ ബിയാന്‍സിയാണ് മകള്‍.