മാന്ത്രിക വടി വീശിയാലെന്നപോലെയാണല്ലോ അന്നുരാത്രിയില് പച്ചക്കാനത്തെ ക്വാര്ട്ടേഴ്സില് നിന്ന് ആ സാധുസ്ത്രീ അപ്രത്യക്ഷയായത്

കോരിച്ചൊരിയുന്ന മഴ രാവിലെയും ശമിച്ചിരുന്നില്ല. തലേന്ന് വൈകിട്ട് വരെ അതായിരുന്നില്ല സ്ഥിതി. ഒന്ന് മടിച്ചുനിന്നിരുന്ന ഇടവപ്പാതി തലേന്ന് പാതിരാത്രി മുതൽ ശക്തമായി. രാവിലെ കുട ചൂടിയിട്ടുപോലും നനഞ്ഞൊലിച്ച് വാച്ചർ ഓപിയിലേയ്ക്ക് ചെല്ലുമ്പോൾ കെട്ടിടം അപ്പാടെ അടഞ്ഞ് കിടക്കുകയാണ്. പുറത്തുനിന്ന് പൂട്ടിയിട്ടുമുണ്ട്! വൈകിട്ടും നമ്മുടെ ഫോറസ്റ്ററെ നേരിട്ട് കണ്ടതാണ് വാച്ചർ. അപ്പോൾ അദ്ദേഹം പുസ്തകം വായിക്കുകയായിരുന്നു. പാചകം കഴിഞ്ഞപാടെ അയാളോട് വീട്ടിലേയ്ക്ക് പൊയ്‌ക്കൊള്ളാൻ പറഞ്ഞതാണ്. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. എന്തായാലും പകരക്കാരനെത്താതെ ഫോറസ്റ്റർ ലാവണം വിട്ട് പോകില്ലെന്നുറപ്പാണ്. രാത്രിക്കുരാത്രി ആറ്റിൽ വെള്ളം പൊങ്ങി. ഏതാണ്ട് ഓപി കെട്ടിടത്തിന് അടുത്തോളം വെള്ളത്തിന്റെ നിരപ്പ് എത്തയിട്ടുണ്ട്. ഇനി അപകടം വല്ലതും...? അതാണ് പേടി തോന്നിയ കാര്യവും. അതിനാലാണ് തിരഞ്ഞു മടുത്തപ്പോൾ സ്റ്റേഷനിൽ അറിയിക്കാനെത്തിയതും. രാജീവ് കടന്നുചെല്ലുമ്പോൾ ഫോറസ്റ്ററുടെ വീട്ടിലേയ്ക്ക് ട്രങ്ക് കാൾ ബുക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സ്റ്റേഷനിലെ സ്റ്റാഫുകൾ. പോലീസിൽ അറിയിക്കാമെന്നും അഭിപ്രായങ്ങളുണ്ട്. ഓപിയിൽ ആളില്ലാതെ ഫോറസ്റ്റർ വീട്ടിലേയ്ക്ക് പോലും പോകാനിടയില്ലെന്ന് ഡെപ്യൂട്ടി റേഞ്ചർക്കും ഉറപ്പാണ്. അപ്പോഴാണ് രാജീവിലെ ഷെർലക്ക് ഹോംസ് ഉണർന്നത്. ബൈക്കിൽനിന്ന് ഇറങ്ങിയ കക്ഷി ധരിച്ചിരുന്ന മഴക്കോട്ടിന്റെ കുടുക്കുകൾ അഴിച്ച് ചുമരിൽ തൂക്കി. പിന്നെ സിഗററ്റ് ഒന്നെടുത്ത് കത്തിച്ച് പുകയൂതി വിട്ടു. അനന്തരം വാച്ചറെ വിളിച്ച് മാറ്റിനിറുത്തി ചില കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. പിന്നെ സിബിഐയിലെ സേതുരാമയ്യരെപ്പോലെ ഉള്ളസ്ഥലത്ത് ചിന്തിച്ചുകൊണ്ട് അഞ്ചാറുചാൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
കുറച്ച് നേരത്തെ കൂട്ടലും അഴിക്കലും ഗുണിക്കലുമായി ചില കണക്കുകൂട്ടലുകൾ നടത്തിയിട്ട് അദ്ദേഹം ഇങ്ങനെ പ്രവചിച്ചു. 'ഒൻപതര മണിവരെ നമുക്കൊന്ന് കാക്കാം. അതുകഴിഞ്ഞ് എന്തുവേണമെന്ന് തീരുമാനിക്കാം. വീട്ടിലും പോലീസിലും ഒക്കെ അറിയിക്കുന്നത് പിന്നീട് മതി!' പലരും ചോദിച്ചെങ്കിലും അതിൽ കൂടുതൽ വ്യക്തത വരുത്താനയാൾ തയ്യാറായില്ല. കൃത്യമായി ഒന്നും മനസ്സിലായില്ലെങ്കിലും കൂട്ടുസ്റ്റാഫായതിനാൽ അയാൾ പറഞ്ഞത് പോലെ ചെയ്യാം എന്ന് എല്ലാപേരും തീരുമാനിക്കുന്നു. പിന്നീട് വാച്ചുകളിൽ നോക്കിയും തമ്മിൽ ആശങ്കകൾ പങ്കുവച്ചും അവരെല്ലാം സമയം പോക്കുന്നു.
കൃത്യം ഒൻപത് ഇരുപത്തേഴിന് അതാ സ്റ്റേഷന്റെ മുന്നിലെ ബസ് സ്റ്റോപ്പിൽ അക്കരക്കരയിൽനിന്ന് സ്ഥിരമായി എത്തുന്ന ആ ബസ്സ് വന്ന് നിൽക്കുന്നു. അതിൽ നിന്നും കുളിച്ച് കുട്ടപ്പനായി പതിവില്ലാത്ത ജൂബയും മുണ്ടും വേഷത്തിൽ നമ്മുടെ ബഹുമാന്യനായ ഫോറസ്റ്റർ പുറത്തിറങ്ങുന്നു! സാധാരണയായി അലക്കിത്തേച്ച പാന്റ്‌സും അരക്കൈയ്യൻ ഷർട്ടുമാണ് പുറത്തിറങ്ങുമ്പോഴുള്ള അദ്ദേഹത്തിന്റെ സ്ഥിരം വേഷം. കയ്യിലുണ്ടായിരുന്ന വടിക്കുട ധൃതിയിൽ നിവർത്തി സ്റ്റേഷനിലോട്ട് ശ്രദ്ധിക്കുക പോലും ചെയ്യാതെ സ്റ്റാർട്ടാക്കി നിർത്തിയിരിക്കുന്ന ട്രിപ്പുജീപ്പിൽ (ട്രിപ്പ് സർവ്വീസ് നടത്തുന്ന
ജീപ്പ്) ധൃതിപ്പെട്ട് തിങ്ങിക്കടന്നിരുന്ന് ഓപിയിലേയ്ക്ക് വച്ചുപിടിച്ചു! ''$%#@&^' ..(പേര്) സാറേ...' എന്ന് ആരോ സ്റ്റേഷനിൽനിന്ന് അലറി വിളിച്ചപ്പോൾ പോകുന്ന പോക്കിൽ മഴ നനയാതെ ഇട്ടിരുന്ന പ്‌ളാസ്റ്റിക്ക് ഷീറ്റ് വകഞ്ഞ് അദ്ദേഹം കൈയ്യെടുത്ത് വീശിക്കാണിക്കുക മാത്രം ചെയ്ത് കാഴ്ചയിൽനിന്ന് മറഞ്ഞു. ഇതെന്താണ് പുകിലെന്നറിയാതെ തമ്മിൽത്തമ്മിൽ നോക്കി നിൽക്കുന്ന സ്റ്റാഫുകളും വാച്ചറന്മാരും! പിന്നീട് ഓരോന്ന് സംസാരിച്ചും സാധ്യതകൾ പങ്കുവച്ചും മഴ തോരുമ്പോൾ പുള്ളിയെ പോയിക്കാണാമെന്നും ഒക്കെ പറഞ്ഞ് അവരെല്ലാം പിരിഞ്ഞുപോയി. എന്തായാലും അന്നാരും (പതിവുപോലെ) ഫീൽഡിലേയ്‌ക്കൊന്നും പോയില്ല എന്നുറപ്പ്!
സ്റ്റേഷന്റെ ചാർജ്ജുണ്ടായിരുന്ന ഡെപ്യൂട്ടി റേഞ്ചർ അപ്പോഴും രാജീവിനെ തന്റെ മുറിയിൽ പിടിച്ചിരുത്തിയിരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് അറിയണം. മൊബൈൽ ഫോണൊന്നും നിലവിലില്ലാതിരുന്ന അക്കാലത്ത് ഒമ്പതരയ്ക്ക് തന്നെ ഫോറസ്റ്റർ വന്നെത്തുമെന്ന് അയാൾ എങ്ങനെ കൃത്യമായി പ്രവചിച്ചു എന്നറിയണം! അതും അപ്പോൾ മാത്രം വീട്ടിൽനിന്ന് എത്തിയ ആൾ. പിന്നെ പതിവില്ലാതെ ജൂബയിലോട്ടും വേഷ്ടിയിലോട്ടുമുള്ള ഫോറസ്റ്ററുടെ മേക്കോവറിനെക്കുറിച്ചും ഭാവപ്പകർച്ചയെക്കുറിച്ചും അറിയണം. മേപ്പടിയാൻ അതിനൊക്കെ തൃപ്തികരമായ മറുപടി കൊടുത്തുവോ എന്നൊന്നും സത്യത്തിൽ എനിക്കറിയില്ല.
പക്ഷെ, ബുദ്ധിമാനായ എന്റെ സുഹൃത്ത് ഉറക്കം മാറിനിന്ന അനേകം രാത്രികളിൽ നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങളിലൂടേയും കൂലങ്കഷമായ അപഗ്രഥനങ്ങളിലൂടേയും കൃത്യമായ വിശകലന ചാതുര്യത്തോടേയും അത്തരം നിഗമനത്തിൽ എത്തുന്നതിനായി കണക്കിലെടുത്ത ചില വസ്തുതകൾ മാത്രം ഇവിടെ പങ്കുവയ്ക്കാം. (വേറെ നല്ല കാര്യത്തിനെന്തിനെങ്കിലും വേണ്ടി അയാൾ ആ സമയവും ബുദ്ധിയും വ്യയം ചെയ്തിരുന്നെങ്കിൽ എന്ന് നമുക്ക് ആശിക്കാനേ കഴിയൂ!).
ഒന്നാമത്തേത് ആ വാച്ചറിൽ നിന്നറിഞ്ഞത് പ്രകാരം തലേന്നുരാത്രി നിനച്ചിരിക്കാതെ ആ മഴ കനക്കുമെന്ന് ആരും തീരെ പ്രതീക്ഷിക്കാത്താണ്. അതുകൊണ്ട് തന്നെ പെട്ടെന്ന് പുഴയിൽ വെള്ളം പെരുകിയാൽ പിന്നീട് ഒരാൾക്ക് നദി മുറിച്ചുകടക്കാൻ ആകുകയുമില്ല! അപ്പോൾപ്പിന്നെ എന്തെങ്കിലും കാരണവശാൽ അക്കരെ പെട്ടുപോകുന്ന ഒരാൾക്ക് ഇക്കരയിലേയ്ക്കും പിന്നീട് ഓപിയിലേയ്ക്കും എത്തണമെങ്കിൽ കാലത്ത് എട്ടരയോടെ അവിടെനിന്നും പുറപ്പെട്ട് ഒൻപതരയോടെ എത്തുന്ന പ്രൈവറ്റ് ബസ്സ് മാത്രമാണ് ശരണം. ആ ബസ്സിലാണ് ഫോറസ്റ്റർ എത്തിയതും!
രാവിലെ സ്റ്റാൻഡിൽ നിന്ന് ഓട്ടോയിൽ കയറുന്ന പക്ഷം കൊല്ലുന്ന റേറ്റിന് പുറമെ അതിരാവിലെ എവിടെപ്പോയി എന്തിനുപോയി ഏതിനുപോയി തുടങ്ങിയ അനാവശ്യ ചോദ്യങ്ങളും തദ്ദേശവാസികളായ ഡ്രൈവർ മുന്നോട്ട് വച്ചേക്കാം. ഇനി വീട്ടിലും ക്വാർട്ടേഴ്‌സിലും ധരിക്കുന്ന പഴയ ലുങ്കിയിലും ടീഷർട്ടിലുമായിട്ടാണ് പുഴകടന്ന് ഒരാൾ രാത്രിവൈകി അക്കരെയെത്തുന്നതെന്ന് കരുതുക. പിന്നീട് ഇടമുറിയാതെ പെയ്ത മഴയിലും തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിലും തിരിച്ച് വരാനാകാതെ മറുകരയിൽ പെട്ടുപോയാൽ എവിടെയെങ്കിലും സൗകര്യമായി തങ്ങിയതിന് ശേഷം പിറ്റേന്ന് രാവിലെ ബസ്സിൽ തിരികെ വരേണ്ടി വരുമ്പോൾ ധരിക്കാനായി ആരുടെയെങ്കിലും നല്ല വസ്ത്രങ്ങൾ കടം വാങ്ങാതെ തരമില്ലല്ലോ. എന്നാൽ അതാരുടേതാണെന്നതാണ് ഇവിടത്തെ വലിയ ചോദ്യം? (ഇവിടെ ചേർത്ത് വായിക്കേണ്ടത് അക്കരെക്കരയിൽ പതിവായി അലക്കാനെത്തുന്ന ആ ലലനാമണിയുമായുള്ള ഫോറസ്റ്ററുടെ അഗമ്യഗമനം അതിനകം ആ അപസർപ്പകന്റെ നിരീക്ഷണ റഡാറിൽ പെട്ടിരുന്നു എന്നതാണ്. അകലെ ടൗണിൽ ജോലി ചെയ്യുന്ന ആളായിരുന്നു അവരുടെ ഭർത്താവ്. ആഴ്ചയിൽ മാത്രം വന്നുപോകും. ആ സ്ത്രീയുടെ ഭർത്താവിന്റെ സ്ഥിരം വേഷമായിരുന്നു ജൂബയും മുണ്ടും. ) എന്തായാലും പരമസാത്വികനും അറിവിന്റെ നിറകുടവുമായിരുന്ന ആ ഫോറസ്റ്റർ താമസംവിനാ സ്ഥലംമാറ്റം വാങ്ങിപ്പോയതോടെ കഥ അവിടെ അവസാനിച്ചു!).
ഇത്രയും പറഞ്ഞപ്പോൾ ഇതുമായി നേരിട്ട് ബന്ധമില്ലെങ്കിലും പണ്ടൊരാൾ പറഞ്ഞ കടങ്കഥ ഓർമ്മ വരുന്നത് കൂടി പറയട്ടെ.
നദിയോരത്തെ താമസക്കാരനായ അദ്ധ്യാപകൻ മഴക്കാലത്ത് കടത്തുവഞ്ചിയിൽ അക്കരയുള്ള പള്ളിക്കൂടത്തിലേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. എപ്പോൾ തിരിച്ചെത്തും എന്ന് ചോദിച്ച നല്ലപാതിയോട് മറുപടിയായി ഇങ്ങനെയാണ് പറഞ്ഞത്, ''വന്നാൽ വരില്ല. വന്നില്ലെങ്കിൽ തിരിച്ചുവരും. തീർച്ച!''
'മഴയത്ത് നദിയിൽ വെള്ളം പെരുകിയാൽ തിരിച്ചുവരാനാകാതെ അക്കരെ എവിടെയെങ്കിലും തങ്ങും', എന്നാണ് ഭാര്യയുടെ തലപുണ്ണാക്കാനായി ആ മഹാനുഭാവൻ നിരൂപിച്ചത്! ?
ഇനി പറയാൻ പോകുന്നത് പോലീസിന് പോലും ഇന്നേവരെ ചുരുളഴിക്കാനാകാത്ത കഥയെക്കുറിച്ചാണ്. പല തവണ നടന്ന ഔദ്യോഗിക അന്വേഷണത്തിന് ശേഷവും തെളിയാതെ അവശേഷിക്കുന്ന ദുരൂഹത! അന്ന് സമയം അഞ്ച് മണിയോട് അടുത്തിരിക്കണം. തുടർച്ചയായി വാതിലിൽ തട്ടുന്നത് കേട്ടാണ് പുറത്തിറങ്ങിയത്. ജീപ്പിലെ കുടുങ്ങിക്കുടുങ്ങിയുള്ള യാത്രയ്ക്ക് ശേഷം മീശപ്പുലിമലയിൽ കോട്ടേജുകളുടെ മുന്നിൽ വന്നിറങ്ങിയപ്പോഴുള്ള തണുപ്പുകാരണം മുറിക്കകത്ത് കയറി മടിപിടിച്ച് കമ്പിളിയെടുത്ത് മൂടി കിടക്കുകയായിരുന്നു. വാതിൽ തുറന്നപ്പോൾ വീശിയടിക്കുന്ന കാറ്റിനോടൊപ്പം അനുവാദമില്ലാതെ അകത്ത് കടന്ന തണുപ്പിന്റെ നീരാളിക്കൈയ്യുകൾ വരിഞ്ഞ് മുറുക്കുന്നത് പോലെ. പുറത്ത് മരംകോച്ചുന്ന തണുപ്പാണ്.
വൈകിട്ടായപ്പോഴേയ്ക്കും കണ്ണ് കാണാനാകാത്ത വിധം മൂടൽമഞ്ഞ് നിറഞ്ഞിരിക്കുന്നു. കിരൺ വന്ന് പുറത്ത് നിൽക്കുകയായിരുന്നു. സ്വെറ്ററിട്ടിട്ടുണ്ട്. തണുപ്പായതിനാൽ കൈകൾ രണ്ടും മുന്നിൽ കൂട്ടിക്കെട്ടിയ നിലയിലും. കിരൺ കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെഎഫ്ഡിസി) ജനറൽ മാനേജരാണ്. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളും. കോട്ടേജിലെ ഞങ്ങൾക്കായി തന്ന മുറിയിൽ ഭാര്യയും മകനുമാണ്. ഔപചാരികതയോടെ അദ്ദേഹത്തെ അകത്തോട്ട് കടന്നിരിക്കാനായി വിളിച്ചു.
'വേണ്ട...സാർ വന്നാൽ മതി. നമുക്ക് തീകായുന്ന ഷെഡ്ഡിലോട്ട് പോയിരിക്കാം. അവിടെ ഏഴുമണി കഴിഞ്ഞേ ടൂറിസ്റ്റുകൾ എത്തിത്തുടങ്ങൂ. അത്രനേരം അവർ മുറിയിലിരിക്കട്ടെ. വെറുതെ തണുപ്പ് കൊള്ളണ്ടല്ലോ.' കിരൺ പറഞ്ഞു. പുറത്തെ മൂടൽമഞ്ഞ് വകവയ്ക്കാതെ ഞങ്ങൾ കക്ഷി സൂചിപ്പിച്ച ഷെഡ്ഡിലേയ്ക്ക് നടന്നു.
ഞാനും കിരണും തമ്മിലെ അടുപ്പം തുടങ്ങിയത് പത്തുപതിനഞ്ച് വർഷങ്ങൾക്ക് മുൻപാണ്. ഞാൻ കേരള വനംവകുപ്പിലെ പുനലൂർ ഫ്‌ളൈയ്യിംഗ് സ്‌ക്വാഡ് ഡിവിഷനിൽപ്പെടുന്ന റാന്നി ഫ്‌ളൈയ്യിംഗ് സ്‌ക്വാഡ് റെയ്ഞ്ചിലെ റെയ്ഞ്ച് ഓഫീസറായിരുന്ന കാലത്ത്. കിരൺ അന്ന് ഗവി സബ് യൂണിറ്റിലെ മാനേജറും. രണ്ടുപേരും കാർഷിക സർവ്വകലാശാലയിൽനിന്നുള്ള വനശാസ്ത്ര ബിരുദധാരികളും . ഇപ്പോൾ എനിക്ക് കിരണിനോട് എന്താണ് ചോദിക്കാനുള്ളതെന്ന് അയാൾക്കറിയാം. പല നാളുകളിലും ഞാനത് ചോദിച്ചിട്ടുള്ളതുമാണ്. പക്ഷെ, അയാളും മറ്റാരേയും എന്നപോലെ ഇന്നും ഇരുട്ടിൽത്തപ്പുകയാണ്. കാരണം മാന്ത്രികവടി വീശിയാലെന്നപോലെയാണല്ലോ അന്നുരാത്രിയിൽ പച്ചക്കാനത്തെ ക്വാർട്ടേഴ്‌സിൽനിന്ന് ആ സാധുസ്ത്രീ അപ്രത്യക്ഷയായത്!
പല ഏജൻസികളും മാറി അന്വേഷിച്ചിട്ടും ഇത്രനാളും അതിന് തുമ്പ് ഉണ്ടാക്കാനായിട്ടില്ല. കെഎഫ്ഡിസിക്ക് പ്രത്യേകം ഫ്‌ളൈയ്യിംഗ് സ്‌ക്വാഡ് വിംഗ് ഇല്ലാത്തതിനാൽ വനംവകുപ്പിലെ യൂണിറ്റുകൾ തന്നെയാണ് ആ സ്ഥാപനത്തിലെ ഫീൽഡ് തലത്തെ സംബന്ധിച്ചുള്ള പരാതികൾ അന്വേഷിക്കുന്നത്. ഫീൽഡിലിരിക്കുന്ന മിക്ക ഉദ്യോഗസ്ഥന്മാർക്കും എതിരേ വരാറുള്ളത് പോലെ ഒന്നുരണ്ട് പരാതികൾ കെഎഫ്ഡിസിയുടെ ഗവിയിലെ ഓഫീസിനെക്കുറിച്ചും വന്നിട്ടുണ്ട്. തത്പരകക്ഷികളുമായുണ്ടാകുന്ന വാക്കുതർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ മതി പേര് വയ്ക്കാതെ പരാതി ആ
ഉദ്യോഗസ്ഥന് നേരെ തൊടുക്കാൻ. പരാതിയിൽ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഫ്‌ളൈയ്യിംഗ് സ്‌ക്വാഡിന് പിന്നെ അത് അന്വേഷിക്കാതെ തരമില്ലല്ലോ.
അത്തരത്തിലെ പരാതി അന്വേഷിക്കാനാണ് റാന്നി ഫ്‌ളൈയ്യിംഗ് സ്‌ക്വാഡിന്റെ അധികാര പരിധിയിൽ വരുന്ന ഗവിയിലെ അവരുടെ ഓഫീസിലേയ്ക്ക് ഞാനും സ്റ്റാഫുകളും കൂടി എത്തിയത്. പ്രകൃതിരമണീയമായ സ്ഥലം. പിൽക്കാലത്ത് പുറത്തിറങ്ങിയ 'ഓർഡിനറി' എന്ന മലയാളം സിനിമയിലൂടെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായിത്തീർന്ന ഗവിയിലേയ്ക്ക് യാത്ര പോയിട്ടുള്ളവരാരും ആ മനോഹാരിത മറക്കുകയും ഇല്ല. (ഇപ്പോൾ വനംവകുപ്പിന്റെ സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റെടുത്ത് പോകേണ്ടുന്ന യാത്രക്കാർ ആങ്ങാമൂഴിയിൽ റാന്നി ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ചിലാണ് രാവിലെ എട്ട് മണിയോട് കൂടി യാത്രക്കായി ഹാജരാകേണ്ടത്.)
അങ്ങനെയിരിക്കെയാണ് 'കെഎഫ്ഡിസി' ഗവി സബ്‌യൂണിറ്റിൽ ഓഫീസിൽ ജോലി ചെയ്തിരുന്ന ഭൂലോക ലക്ഷ്മി എന്ന സാമാന്യം സുന്ദരിയായ സ്ത്രീയുടെ തികച്ചും ദുരൂഹമായ തിരോധാനം സംഭവിക്കുന്നത്. അന്നവിടെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനും മറക്കാനാകാത്ത അനുഭവം ആണതെന്ന് പറയാതെ വയ്യ. അന്ന് വനംവകുപ്പിന്റേയും കെഎഫ്ഡിസിയുടേയും ഔദ്യോഗിക തലത്തിൽ നിലനിന്നിരുന്ന പ്രത്യേക പശ്ചാത്തലം കൂടി ഒന്ന് സൂചിപ്പിക്കേണ്ടിയിരിക്കുന്നു.
കെഎഫ്ഡിസിയുടെ മാനേജിംഗ് ഡയറക്ടറാകുക മിക്കപ്പോഴും വനംവകുപ്പിലെ ഏതെങ്കിലും ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിലെ (ഐഎഫ്എസ്) ഉദ്യോഗസ്ഥരാണ്. ആദ്യമൊക്കെ വനംവകുപ്പിലെ സീനിയറായ ഉദ്യോഗസ്ഥന്മാർക്കാണ് ആ തസ്തിക നൽകിയിരുന്നത്. പിൽക്കാലത്ത് ജൂനിയറായ പല ഉദ്യേഗസ്ഥരും പിന്നീട് അവിടെ ഇരുന്നിട്ടുണ്ട് താനും. അതാത് സമയം ഭരിക്കുന്ന സർക്കാരുകളുടെ താൽപര്യപ്രകാരമാണ് അങ്ങനെ സംഭവിക്കുന്നത്. അന്ന് വനംവകുപ്പിന്റേയും കെഎഫ് ഡി സിയുടേയും തലപ്പത്തിരുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ അസാരം ചേരിപ്പോര് നിലനിന്നിരുന്നു. സ്വാഭാവികമായും ആ അകൽച്ച താഴേത്തട്ടിലുള്ള ഉദ്യേഗസ്ഥന്മാരിലേയ്ക്കും കാലാന്തരത്തിലെത്തി. അത്തരത്തിൽ മാനസികമായ അകൽച്ച പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലേയും കെഎഫ്ഡിസിയിലേയും ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായിരുന്നുവെന്നാണ് ഞാൻ അനുമാനിക്കുന്നത്. ആ സാഹചര്യത്തിൽ താരതമ്യേന വലിയ ഡിപ്പാർട്ട്‌മെന്റായ വനംവകുപ്പുകാർ വല്യേട്ടൻ മനോഭാവം കാണിച്ചിരുന്നിരിക്കാം. അത്തരത്തിലെ കിടമത്സരത്താൽ ആകണം കെഎഫ്ഡിസി ഓഫീസുകളായും ക്വാർട്ടേഴ്‌സുകളായും കൈവശംവച്ച് ഉപയോഗിച്ചിരുന്ന കെട്ടിടങ്ങൾ വനംവകുപ്പിന് തിരികെത്തരുവാൻ നിർബന്ധിതരായത്.
വനംവകുപ്പിന്റെ കെട്ടിടങ്ങൾ ഒഴിപ്പിച്ചെടുക്കുന്നത് സംബന്ധിച്ച് ഉന്നത തലത്തിലെ പിടിവാശി കാരണം അത് നടപ്പിലാക്കാൻ ചുമതലപ്പെട്ട ഫീൽഡ് തലത്തിലെ ഉദ്യോഗസ്ഥർ തമ്മിലും അസാരം അസ്വാരസ്യങ്ങൾ നിലനിന്നിരുന്നുവെന്നത് സ്വാഭാവികവും. എന്തായാലും നിഷ്പക്ഷമായി നിലപാട് എടുത്തിരുന്ന (എടുക്കേണ്ടുന്ന) ഫ്‌ളൈയ്യിംഗ് സ്‌ക്വാഡ് വിഭാഗത്തെ അത്തരം വിഭാഗീയതകൾ ബാധിച്ചിരുന്നില്ല. അക്കാലത്ത് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്റെ എതിർ ഭാഗത്തെ പമ്പ ഡിവിഷന്റെ ഓഫീസ് കെട്ടിടമുണ്ടായിരുന്നു. അതിന്റെ അടുത്തുണ്ടായിരുന്ന ചെറിയ കെട്ടിടത്തിലാണ് 'ക്‌ളാസ്സ് ഫോർ' (Class IV) ജീവനക്കാരിയായിരുന്ന ഭൂലോക ലക്ഷ്മിയും കുടുംബവും താമസിച്ചിരുന്നത്.
സ്റ്റാഫ് സട്രെങ്ങ്ത് കുറവായിരുന്ന ഓഫീസിൽ അവർ അത്യാവശ്യം ഓഫീസ് പണികളാണ് ചെയ്തിരുന്നത്. പച്ചക്കാനത്തെക്കുറിച്ച് ഒരു കാര്യം കൂടി. ഗവിയിലേയ്ക്കുള്ള വഴിയിലെ പച്ചക്കാനം എന്ന സ്ഥലം സസ്യനിബിഡമായിരുന്നു. തണുത്ത കാലാവസ്ഥയും. സാധാരണയായി വനംവകുപ്പിൽ അച്ചടക്ക നടപടികൾക്കും വേലവിലക്കിനും ഒക്കെ വിധേയരാകുന്നവരെ പുനർ നിയമനം നടത്തുന്ന ഇടങ്ങളിൽ ഒന്നാണ് ഗൂഡ്രിക്കൽ റെയ്ഞ്ചിന് കീഴിൽത്തന്നെ വരുന്ന പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷൻ.
അച്ചൻകോവിൽ, വാളയാറിലേയും അരിപ്പയിലേയും ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ആങ്ങാമൂഴി, ഗുരുനാഥൻ മണ്ണ്, വയനാട്ടിലെ ചില അപ്രധാന തസ്തികകൾ എന്നിവയാണ് അത്തരത്തിൽ ശിക്ഷിക്കപ്പെടുന്നവരെയോ കുറ്റാരോപിതരെയോ സാധാരണയായി വീണ്ടും നിയമിക്കുന്ന മറ്റിടങ്ങൾ. (അവരിൽത്തന്നെ രാഷ്ട്രീയമായി പിടിപാടുള്ളവർക്ക് ഇതൊന്നും ബാധകമല്ല. അത്തരത്തിൽ നിയമിക്കപ്പെട്ടാൽക്കൂടി താമസംവിനാ അവർ പുതിയ ലാവണങ്ങൾ കണ്ടെത്തിപ്പോകും. ഏത് വകുപ്പിലാണെങ്കിലും അതൊക്കെത്തന്നെയാണ് നടക്കുന്നതും.) ഇതിനുപുറമേ ആദ്യമായി നിയമനം കിട്ടിയെത്തുന്ന മിടുക്കരായ ചെറുപ്പക്കാരേയും അവിടങ്ങളിലേയ്ക്ക് നിയമിക്കാറുണ്ട് .എപ്പോഴും അത്തരം തസ്തികകളിൽ ഇരിക്കുന്നവർ എല്ലാപേരും മോശക്കാരാണെന്ന് കരുതരുതെന്ന് അപേക്ഷ. (പറഞ്ഞ് വരുമ്പോൾ ഈയ്യുള്ളവനും അതിൽപ്പെടും. അത് ആദ്യഗണത്തിലായിരുന്നത് കൊണ്ടാണെന്ന് മാത്രം!).
അത്തരത്തിൽ പച്ചക്കാനത്ത് പുതുതായി നിയമനം കിട്ടി, പിൽക്കാലത്ത് എന്നോടൊത്ത് ജോലി ചെയ്ത ഹരിപ്പാട് സ്വദേശി വി.കെ. പ്രകാശ് എന്ന ഫോറസ്റ്റർ പറഞ്ഞ കാര്യം ഇവിടെ ഓർമ വരുന്നു. ഗവി റൂട്ടിലെ പച്ചക്കാനത്തേയ്ക്ക് ജോയിൽ ചെയ്യാനായി കെഎസ്ആർടിസി ബസ്സിൽ ആദ്യമായി ആങ്ങാമൂഴി വഴി പുറപ്പെട്ടതായിരുന്നു അദ്ദേഹം. തുടക്കത്തിൽത്തന്നെ വഴിനീളെ ആനപ്പിണ്ടങ്ങളും റോഡിൽ വലിച്ചൊടിച്ച് ഇട്ടിരിക്കുന്ന ഈറയുടെ അവശിഷ്ടങ്ങളും കണ്ട് പോകവേയാണ് പെട്ടെന്ന് കാട്ടുകൊമ്പൻ വഴിമുടക്കി നിൽക്കുന്നത് കണ്ടത്! ആദ്യം അമ്പരന്ന് പോയെങ്കിലും 'ഇതൊക്കെ എത്രയോ കണ്ടിരിക്കുന്നു...!' എന്ന മട്ടിൽ ഡ്രൈവർ
കൂസലില്ലാതെ ഉച്ചത്തിൽ ഹോൺ മുഴക്കി ബസ്സ് മുന്നോട്ട് പായിച്ചു.
പാഞ്ഞെത്തുന്ന ബസ്സ് കാണവേ പ്രാണഭയത്താൽ ആ കരിവീരൻ വാലും ഉയർത്തിപ്പിടിച്ച് അപ്പോൾ റോഡിലൂടെ വന്നവഴി ഓടാൻ തുടങ്ങി. അതിനനുസരിച്ച് സാവധാനം ബസ്സും അവന് പിന്നാലെ നീങ്ങിക്കൊണ്ടിരുന്നു! വാലുയർത്തിപ്പിടിച്ചും ഇടയ്ക്ക് ഭയന്ന ശബ്ദത്തിൽ ചിന്നം വിളിച്ചും വഴിനീളെ പിണ്ടമിട്ടും മൂത്രമിറ്റിച്ചും ആ കാട്ടാന തിരികെ ഓടുന്നതാണ് തുടർന്ന് കണ്ടത്. റോഡിന്റെ ഒരു വശത്ത് കട്ടിംഗും മറുവശത്ത് കയറ്റവും ആകയാൽ ആനയ്ക്ക് വഴി മാറാനാകാത്ത സ്ഥിതിയാണ്. എന്നാൽ, അതിന്റെ കഷ്ടപ്പാട് ആസ്വദിക്കുന്ന മാതിരി ചിരിച്ചുകൊണ്ട് ആ ബസ്സ് ഡ്രൈവർ ഇടയ്ക്കിടെ ഉച്ചത്തിൽ ഹോണും അടിച്ചു കൊണ്ടിരുന്നു.
ഓടിത്തളർന്ന് ആകെ അവശനായ ആ കാട്ടുകൊമ്പൻ അവസാനം വല്ലവിധേനയും ഇടത് വശത്തായി കണ്ട ചെറിയ സ്ഥലത്തേയ്ക്ക് ഓടിക്കയറി. എന്നിട്ട് പെട്ടെന്ന് തിരിഞ്ഞുനിന്ന് തന്നെ കടന്നുപോകുന്ന ബസ്സിനെ നോക്കി ക്രുദ്ധനായി തുമ്പിയുയർത്തി ചിന്നം വിളിച്ചു. ഭയപ്പെടുത്താനെന്നോണം കുറെ ചുവടുകൾ വേഗത്തിൽ മുന്നോട്ട് വെച്ചു. പിന്നീടത് വാലും തുമ്പിയും പൊക്കിപ്പിടിച്ച് വിടർത്തിയ ചെവികളുമായിത്തന്നെ വലിയ ഗോളത്തിന്റെ രൂപത്തിൽ വേഗത്തിൽ തിരികെ കാട്ടിലേയ്ക്ക് നടന്നു. അപ്പോൾ അതിവേഗം മുന്നോട്ടെടുത്ത ബസ്സിനുള്ളിലിരുന്ന് ഡ്രൈവറും കുറെ പതിവ് യാത്രക്കാരും ആ കാട്ടാനയുടെ പെടാപ്പാടുകൾ കണ്ട് ആർത്ത് ചിരിക്കുകയായിരുന്നുവത്രേ! (ശരിക്കും വന്യജീവികളെ ഒരിക്കലും ഭയചകിതരാക്കാനോ കഷ്ടപ്പെടുത്താനോ ശ്രമിക്കരുത്. അവയുടെ ആവാസ കേന്ദ്രത്തിലോട്ട് വിനോദ സഞ്ചാരികളായിട്ട് നമ്മളാണല്ലോ കടന്ന് കയറുന്നത്. അവയെ വിരട്ടിയോടിക്കുന്നതും ഒപ്പം നിന്ന് സെൽഫി എടുക്കുന്നത് പോലും കേന്ദ്ര വന്യജീവി സംരക്ഷണ പ്രകാരം ശിക്ഷാർഹമാണ്. മാത്രമല്ല ആന പോലുള്ള വന്യമൃഗങ്ങൾ പരിക്ഷീണരാകുമ്പോൾ ഗതികെട്ട് തിരിഞ്ഞാക്രമിക്കുന്ന പക്ഷം യാത്രക്കാരുടെ ജീവൻ അപകടത്തിലാകാനും മതി!)
(കുറിപ്പ്:- പതിറ്റാണ്ടുകൾക്ക് മുൻപ് ഏതോ ഡ്രൈവർ അങ്ങനെ ചെയ്‌തെന്ന് കരുതി എല്ലാരും അങ്ങനെയാണന്നോ യാത്രക്കാർ അത് ആസ്വദിക്കുന്നുവെന്നോ അർത്ഥമില്ല)
(അവസാനിക്കുന്നില്ല)
Content Highlights: A forester's brilliant deduction and accurate prediction of arrival time., Nostalgic and thrilling anecdotes from the Kerala Forest Department in the olden days., The unsolved, mysterious disappearance of KFDC employee Bhulokalakshmi in Gavi and Pachakkanam.
Published: 17 Aug 2026, 05:15 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented