
ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ നിന്നും താന്‍ രക്ഷപ്പെട്ട ആശ്വാസവാര്‍ത്ത പങ്കുവെച്ച് നടന്‍ ബാലയുടെ മുന്‍ ഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയന്‍. താന്‍ സുരക്ഷിതയാണെന്നും എന്നാല്‍ തന്റെ സഹപ്രവര്‍ത്തകരും എംബിബിഎസ് വിദ്യാര്‍ഥികളും പലരും മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്‌തെന്നും അവര്‍ക്കായി പ്രാര്‍ഥിക്കണമെന്നും എലിസബത്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ട്രാന്‍സിഷന്‍ മെഡിസിന്‍ പിജി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് എലിസബത്ത്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയാകാറായപ്പോള്‍ മാസ്സ് കാഷ്വാലിറ്റി ഉണ്ടെന്ന് ആശുപത്രിയില്‍നിന്ന് അറിയിപ്പ് കിട്ടിയെന്ന് എലിസബത്ത് പറഞ്ഞു. അപ്പോള്‍ വിമാനാപകടം നടന്നു എന്ന് അറിഞ്ഞിരുന്നില്ല. വിമാനം തകര്‍ന്നുവീണ ഹോസ്റ്റലും ആശുപത്രിയും തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരമുണ്ട് അതിനാല്‍ അപകടസമയത്തെ ശബ്ദം കേട്ടിരുന്നില്ല. ഹോസ്റ്റലിലേക്കാണ് വിമാനം വന്നുവീണത് എന്ന് പിന്നീടാണ് അറിഞ്ഞത്. പിന്നീട് പലരേയും കാണാനില്ല എന്ന് അറിഞ്ഞു. മരണപ്പെട്ടവരിലും പരിക്കേറ്റവരിലും തന്റെ സഹപ്രവര്‍ത്തകരുണ്ടെന്നും ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അമ്പതു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു.
കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങളുള്ളതെന്നും ഒരുപാടുപേരെ കാണാനില്ലെന്നും എലിസബത്ത് പറഞ്ഞു. മരിച്ചവരെ ഡിഎന്‍എ ടെസ്റ്റ് നടത്തിയാലേ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു എന്നും എലിസബത്ത് വിശദമാക്കി.
വ്യാഴാഴ്ച വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. 650 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് ആദ്യ അപായ സന്ദേശമെത്തിയത്. പിന്നാലെ വിമാനം താഴേക്ക് പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
Content Highlights: Ahmedabad Plane Crash: Dr. Elizabeth's words
Published: 13 Jun 2025, 02:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented