
സതീഷ് സന്‍പാല്‍ ഭാര്യ തബിന്ദയോടൊപ്പം | Photo: instagram/ satish sanpal
മധ്യപ്രദേശിലെ ജബല്‍പുരില്‍നിന്ന് ദുബായിലേക്ക് വിമാനം കയറുമ്പോള്‍ സതീഷ് സന്‍പാലിന്റെ പോക്കറ്റില്‍ ആകെ 80000 രൂപ മാത്രമാണുണ്ടായിരുന്നത്. നാട്ടില്‍ പലചരക്ക് കട നടത്തിയതില്‍ നിന്ന് ലഭിച്ച ലാഭമായിരുന്നു ആ പണം. എട്ടാം ക്ലാസ് വരെ മാത്രമേ വിദ്യാഭ്യാസമുണ്ടായിരുന്നുള്ളൂവെങ്കിലും ദുബായില്‍ എന്തെങ്കിലും ജോലി തരപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ആ യാത്ര.
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ദുബായില്‍ ബില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു സാമ്രാജ്യം തന്നെ സതീഷ് കെട്ടിപ്പടുത്തിരിക്കുന്നു. അനാക്‌സ് ഹോള്‍ഡിങ് എന്ന കമ്പനിയുടെ ചെയര്‍മാനായ സതീഷിന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. ബ്രിട്ടീഷ് പാകിസ്താനിയായ ഭാര്യ തബിന്ദയ്‌ക്കൊപ്പം ദുബായിലെ ബുര്‍ജ് ഖലീഫയിലാണ് സതീഷിന്റെ താമസം. അനാക്‌സ് കാപിറ്റല്‍ എന്ന കമ്പനിയുടെ സ്ഥാപകയും ഡയറക്ടറും കൂടിയാണ് തബിന്ദ.
അതു മാത്രമല്ല, അടുത്തിടെ മകന്റെ ജന്മദിനത്തിന് റോള്‍സ് റോയ്‌സ് കാറാണ് സതീഷ് സമ്മാനിച്ചത്. സതീഷ് വാങ്ങുന്ന അഞ്ചാമത്തെ റോള്‍സ് റോയ്‌സ് കാറായിരുന്നു അത്. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സതീഷും തബിന്ദയും തങ്ങളുടെ ദുബായിലെ ജീവിതത്തെ കുറിച്ചും പ്രതിസന്ധി നിറഞ്ഞ ഭൂതകാലത്തെ കുറിച്ചും സംസാരിച്ചു.
പഠിക്കാന്‍ തനിക്ക് താത്പര്യമില്ലായിരുന്നുവെന്നും പണം സമ്പാദിക്കുക എന്നത് മാത്രമായിരുന്നു തുടക്കം മുതലുള്ള സ്വപ്‌നമെന്നും സതീഷ് പറയുന്നു. പണമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും 40-കാരനായ സതീഷ് പറയുന്നു. 'നോക്കൂ, ഇതാണ് പരമമായ സത്യം. എല്ലാം പണമാണ്. ബന്ധങ്ങള്‍ എന്നൊക്കെ പറയുന്നത് വെറും നുണയാണ്. ചിലപ്പോള്‍ നിങ്ങളുടെ മാതാപിതാക്കള്‍, ഭാര്യ, കുട്ടികള്‍ എന്നിവര്‍ കൂടെയുണ്ടാകും. ബാക്കിയെല്ലാം കള്ളമാണ്'-സതീഷ് പറയുന്നു.
സതീഷ് ജീവിതത്തില്‍ വിജയിച്ചപ്പോള്‍ ബന്ധുക്കള്‍ തങ്ങളുമായി അടുക്കാന്‍ തുടങ്ങിയെന്ന് തബിന്ദയും പറയുന്നു. 'ഞാനൊരു മുസ്ലീം കുടുംബത്തില്‍ നിന്നാണ് വരുന്നത്. അതുകൊണ്ട്, സതീഷുമായുള്ള എന്റെ വിവാഹത്തില്‍ ഒരുപാട് എതിര്‍പ്പുകളുണ്ടായിരുന്നു. എന്നാല്‍ സതീഷിന്റെ കരിയറില്‍ ഉയര്‍ച്ചയുണ്ടായപ്പോള്‍ ഞാന്‍ പതുക്കെ ആ മാറ്റം കണ്ടു. എല്ലാവരുടെയും പെരുമാറ്റം മാറുന്നത് ഞാന്‍ കണ്ടു. അവര്‍ ഞങ്ങളെ വിളിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് സതീഷിനെ കാണണം എന്ന് പറയാന്‍ തുടങ്ങി. ഇതെല്ലാം സതീഷിന്റെ കൈയിലുള്ള പണം കണ്ടിട്ട് മാത്രമായിരുന്നു.' തബിന്ദ പറയുന്നു.
ബുര്‍ജ് ഖലീഫയിലെ ജീവിതത്തെ കുറിച്ചും അവര്‍ സംസാരിച്ചു. ഇവിടെ താമസിക്കാന്‍ നല്ല രസമാണ്. ജനലുകള്‍ തുറക്കാന്‍ കഴിയില്ല എന്നതാണ് ഏക പ്രശ്‌നമെന്നും തബിന്ദ പറയുന്നു. ശുദ്ധവായു മാത്രമാണ് ഞങ്ങള്‍ക്ക് ഇവിടെ നഷ്ടപ്പെടുന്നതെന്നും ഈ കെട്ടിടവുമായി പൊരുത്തപ്പെട്ടുവെന്നും സതീഷും പറയുന്നു. 50,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള, 60 വാതിലുകളുള്ള ദുബായ് ഹില്‍സിലെ പുതിയ വീട്ടിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
Content Highlights: dubai billionaire satish sanpals home in burj khalifa
Published: 16 Oct 2025, 12:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented