ആവേശത്തിലെ അമ്പാൻ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് സജിൻ ഗോപു. നിരവധി വേറിട്ട കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങിയ ഈ നടൻ തന്റെ യാത്രകൾക്കായി തികച്ചും വേറിട്ടൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിലെതന്നെ ആദ്യത്തെ ജീപ്പ് റാങ്ക്‌ളർ വൈറ്റ്ക്യാപ് മൊജിറ്റോ എഡിഷനാണ് സജിൻ ഗോപു സ്വന്തമാക്കിയിരിക്കുന്നത്.

To advertise here,

ജീപ്പ് റാങ്ക്‌ളർ എസ്‌യുവികളിൽ സവിശേഷമായ പതിപ്പായാണ് വൈറ്റ്ക്യാപ് മൊജിറ്റോ എഡിഷൻ എത്തിയിരിക്കുന്നത്. ലോകത്തിൽ തന്നെ ഈ പതിപ്പിന്റെ 250 യൂണിറ്റാണ് നിർമിക്കുന്നത്. ഇതിൽ 25 എണ്ണമാണ് ഇന്ത്യക്കായി ജീപ്പ് അനുവദിച്ചിരിക്കുന്നത്. ഇതിൽ കേരളത്തിനായി നൽകുന്ന രണ്ടെണ്ണത്തിൽ ഒന്നാണ് സജിൻ ഗോപു സ്വന്തമാക്കിയിരിക്കുന്നത്. വിദേശത്ത് ഹൈഡ്രോ ബ്ലൂ, റെയിൻ എന്നീ നിറങ്ങളിലും ഇന്ത്യയിൽ ഗ്രീൻ നിറത്തിലുള്ള മൊജിറ്റോ എഡിഷനുമാണ് എത്തുന്നത്.

റൂഫിനും ഗ്രില്ലിനും വെള്ള നിറം നൽകി, ശേഷിക്കുന്ന ഭാഗങ്ങളിൽ പച്ച നിറവും നൽകിയാണ് ഈ വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. 1941-ലെ വില്ലീസ് എംബിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വൈറ്റ് സ്ട്രിപ്പ് ഡോറിലൂടെ കടന്നുപോകുന്നു. ഇതിൽ 1941 ബാഡ്ജിങ്ങും നൽകിയിട്ടുണ്ട്. റൂബിക്കോൺ ബാഡ്ജിങ്ങും വെള്ള നിറത്തിലാണ് നൽകിയിരിക്കുന്നത്. മറ്റ് ഫീച്ചറുകളും ഡിസൈൻ സവിശേഷതയും റെഗുലർ റാങ്ക്‌ളറുമായി പങ്കിടുന്ന ഈ പ്രത്യേക പതിപ്പിന് 73.55 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഓഫ് റോഡ് വാഹനങ്ങളിലെ അതികായനാണ് ജീപ്പ് റാങ്ക്ളർ റൂബിക്കോൺ. ഏത് ദുർഘടപാതയെയും അതിജീവിക്കാൻ കഴിയുന്ന കരുത്തൻ ബോഡി തന്നെയാണ് റൂബിക്കോണിന്റെ ഹൈലൈറ്റ്. ഇതിനുപുറമെ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും 4822 എംഎം നീളവും 1894 എംഎം വീതിയും 1848 എംഎം ഉയരവും 3008 എംഎം വീൽബേസുമാണ് റാങ്ക്‌ളർ റൂബിക്കോണിനുള്ളത്.

ആഡംബരം വിളിച്ചോതുന്ന ഇന്റീരിയറും റൂബിക്കോണിനുണ്ട്. ജീപ്പ് ലോഗോ പതിപ്പിച്ച ലെതർ ആവരണമുള്ള സീറ്റുകൾ, തുകൽ പൊതിഞ്ഞ സ്റ്റിയറിങ്ങ് വീൽ, സോഫ്റ്റ് ടച്ച് ലെതർ ഡാഷ്‌ബോഡ്, ഏഴ് ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സംവിധാനം, എൽഇഡി ആംബിയന്റ് ലൈറ്റ് എന്നിങ്ങനെ നീളും ഇന്റീരിയറിലെ ഫീച്ചറുകളുടെ നിര.

2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് റാങ്ക്‌ളറിന് കരുത്തേകുന്നത്. ഈ എൻജിൻ 268 ബിഎച്ച്പി പവറും 400 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. 4X4 ഡ്രൈവിങ്ങ് മോഡും ഇതിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി ലെവൽ-2 അഡാസ് സംവിധാനവും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്.