എണ്ണത്തിൽ ചുരുക്കമാണെങ്കിലും സവിശേഷമായ വാഹനങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാളത്തിന്റെ മഹാനടനായ മോഹൻലാലിന്റെ ഗ്യാരേജ്. റേഞ്ച് റോവർ, വെൽഫയർ തുടങ്ങിയ ആഡംബര വാഹനങ്ങൾ അരങ്ങ്‌വാഴുന്ന മോഹൻലാലിന്റെ ഗ്യാരേജിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുകയാണ്. ആഡംബര വാഹന നിർമാതാക്കളായ ലെക്‌സസിന്റെ ഹൈബ്രിഡ് എംപിവി മോഡൽ എൽ.എം.350 എച്ച് ആണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്.

To advertise here,

കൊച്ചിയിലെ ലെക്‌സസിന്റെ വിതരണക്കാരായ ലെക്‌സസ് കൊച്ചിയിൽ നിന്നാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്. ഏഴ് സീറ്റർ വി.ഐ.പി, നാല് സീറ്റർ അൾട്രാ ലക്ഷ്വറി എന്നീ രണ്ട് പതിപ്പുകളിൽ എത്തുന്ന ലെക്‌സസ് എൽ.എം.360 എച്ച് എംപിവിക്ക് 2.20 കോടി രൂപ മുതൽ 2.75 കോടി രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഇതിൽ ഏത് പതിപ്പാണ് മോഹൻലാൽ സ്വന്തമാക്കിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.

അത്യാഡംബര ഫീച്ചറുകൾ കൊണ്ടാണ് ഈ വാഹനം ശ്രദ്ധേയമായിരിക്കുന്നത്. വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമാണ് എൽ.എം 350 എച്ച് എംപിവിയുടെ അകത്തളം. ഇൻഫ്രാറെഡ് സെൻസറുകളുള്ള എ.സി, ഹോൾഡ് ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, എന്റർടെയ്ൻമെന്റ് സ്‌ക്രീനുകൾ, വയർലെസ് ചാർജിങ്, യു.എസ്.ബി. പോർട്ടുകൾ, റീഡിങ് ലൈറ്റ്, വാനിറ്റി മിറർ, ടിൽറ്റ് അപ്പ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഇതിലുള്ളത്.

ടൊയോട്ട വെൽഫയറിന് അടിസ്ഥാനമൊരുക്കുന്ന ജി.എ-കെ മോഡുലാർ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ലെക്‌സസിന്റെ എൽ.എം.350 എച്ച് എം.പി.വിയും ഒരുങ്ങിയിട്ടുള്ളത്. രൂപത്തിൽ വെൽഫയറിനോട് സാമ്യമുള്ള വാഹനമാണ് എൽ.എം.350 എച്ചും. ക്രോമിയം സ്റ്റഡുകൾ നൽകിയിട്ടുള്ള ഗ്രില്ല്, വളരെ നേർത്ത എൽ.ഇ.ഡി. ഹെഡ്‌ലാമ്പ്, മൾട്ടി സ്‌പോക്ക് അലോയ് വീലുകൾ, സ്ലൈഡിങ് ഡോർ, കണക്ടഡ് ആയിട്ടുള്ള ടെയ്ൽലാമ്പ് എന്നിവയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്.

ഹൈബ്രിഡ് എം.പി.വിയായാണ് എൽ.എം.350 എച്ച് എത്തിയിരിക്കുന്നത്. 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനൊപ്പം സ്‌ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. രണ്ട് സംവിധാനങ്ങളും ചേർന്ന് 190 ബിഎച്ച്പി പവറും 240 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇ-സി.വി.ടി. ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.