റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകന്‍ ആനന്ദ് അംബാനിയുടേയും എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ സിഇഒ വീരെന്‍ മെര്‍ച്ചന്റിന്റേയും ഷൈല മെര്‍ച്ചന്റിന്റേയും മകള്‍ രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം. ഗുജറാത്തിലെ പരമ്പരാഗത ആചാരമായ മാമേരു ചടങ്ങോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്.

To advertise here,

മുകേഷ് അംബാനിയുടെ വീടായ മുംബൈയിലെ ആന്റീലിയയില്‍ നടന്ന ചടങ്ങില്‍ വധൂവരന്‍മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. എലവേറ്റഡ് പ്ലാറ്റ്‌ഫോമില്‍ വേദിയിലേക്കെത്തിയ ആനന്ദിനും രാധികയ്ക്കും രാജകീയ വരവേല്‍പ്പാണ് ലഭിച്ചത്. നിറഞ്ഞ ചിരിയോടെയായിരുന്നു രാധികയുടെ പ്രവേശനം. സഹോദരി ഇഷയുടെ മകള്‍ ആദിയയെ എടുത്തുയര്‍ത്തി ആനന്ദും ആഹ്ലാദം പങ്കുവെച്ചു. 

കഴിഞ്ഞ ദിവസംതന്നെ പൂക്കളും ലൈറ്റുകളും ഉപയോഗിച്ച് ആന്റീലിയയെ ചടങ്ങിനായി ഒരുക്കിയെടുത്തിരുന്നു. രാത്രിയില്‍ തിളങ്ങിനില്‍ക്കുന്ന ആഡംബര വീടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കുടുംബാംഗങ്ങളെ അംബാനി കുടുംബം സ്വീകരിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ കാണാം. ചടങ്ങിനിടയില്‍ രാധിക ചുവടുകള്‍ വെയ്ക്കുന്ന വീഡിയോയും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. 

രാധികയുടെ ഔട്ട്ഫിറ്റ്

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത റാണി പിങ്ക് ലെഹങ്കയായിരുന്നു രാധികയുടെ ഔട്ട്ഫിറ്റ്. ഗോള്‍ സാരി ബോര്‍ഡറുകളുള്ള ലെഹങ്കയില്‍ ദുര്‍ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളേയും തുന്നിപ്പിടിപ്പിച്ചിരുന്നു. ഗോള്‍ഡ താര്‍ സര്‍ദോസിയിലാണ് ഇവ എംബ്രോയ്ഡറി ചെയ്‌തെടുത്തത്. 35 മീറ്റര്‍ ബന്ധാനിയാണ് രാധികയുടെ ലെഹങ്കയുണ്ടാക്കാന്‍ ഉപയോഗിച്ചത്. ഇതിനൊപ്പം വിന്റേജ് കോട്ടി ബ്ലൗസും പെയര്‍ ചെയ്തു. മെറ്റാലിക് ത്രെഡ് വര്‍ക്കിനാലും സ്വരോസ്‌കി വര്‍ക്കിനാലും സമ്പന്നമായികരുന്നു ബ്ലൗസ്. 

അമ്മ ഷൈല മെര്‍ച്ചന്റ് അവരുടെ മാമേരു ചടങ്ങിന് ധരിച്ച ആഭരണങ്ങളാണ് രാധികയും അണിഞ്ഞത്. സ്വര്‍ണ കമ്മലുകളും നെക്ക്‌ളേസും മാംഗ്-ടിക്കയും വളകളുമാണ് രാധിക ധരിച്ചത്. ഇതിനൊപ്പം പരമ്പരാഗത ഹെയര്‍ ബ്രൂച്ചും രാധികയുടെ മുടിയിലുണ്ടായിരുന്നു. ഓറഞ്ച് നിറത്തിലുള്ള ഓവര്‍കോട്ട് ഷെര്‍വാണിയായിരുന്നു ആനന്ദിന്റെ ഔട്ട്ഫിറ്റ്.

എന്താണ് മാമേരു? 

വിവാഹത്തിന് തുടക്കം കുറിച്ച് ഗുജറാത്തില്‍ നടത്തപ്പെടുന്ന പരമ്പരാഗത ആചാരമാണ് മാമേരു. വധുവിന്റെ മാതൃസഹോദരന്‍ സമ്മാനങ്ങളും മധുരവുമായി വധുവിനെ കാണാന്‍ എത്തുന്നതാണ് ഈ ചടങ്ങ്.  ഗുജറാത്തികളുടെ വിവാഹ സാരിയായ പാനേതര്‍ സാരി, ആഭരണങ്ങള്‍, വെളുത്ത നിറത്തിലുള്ള വളകള്‍ എന്നിവയാണ് വധുവിന് സമ്മാനമായി ലഭിക്കുന്നത്. ഇതിനൊപ്പം മനോഹരമായി അലങ്കരിച്ച ട്രേയില്‍ ഡ്രൈ ഫ്രൂട്ടുകളും മധുരപലഹാരങ്ങളും നല്‍കും. വരന്റേയും വധുവിന്റേയും വീട്ടില്‍ ഈ ചടങ്ങ് നടത്തും. കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചു കൂടാനും സന്തോഷം പങ്കുവെയ്ക്കാനുമുള്ള ഒരു വേദി കൂടിയാണ് മാമേരു ചടങ്ങ്.