2024 ജൂലായിലായിരുന്നു വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയപുത്രന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം. വിവാഹാഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിഥികളായി എത്തിയിരുന്നു. അമേരിക്കന്‍ ടെലിവിഷന്‍ താരവും സംരംഭകയുമായ കിം കര്‍ദാഷിയാനും സഹോദരി ക്ലോയി കര്‍ദാഷിയാനും ലോസ് ആഞ്ജലിസില്‍ നിന്നാണ് മുംബൈയിലെത്തിയത്. മുംബൈയില്‍ തങ്ങിയ 48 മണിക്കൂറുകളെ കുറിച്ച് കര്‍ദാഷിയാന്‍ സഹോദരിമാര്‍ വാതോരാതെ പ്രതികരിക്കുകയും ചെയ്തിരുന്നു. പ്രമുഖ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര തയ്യാറാക്കിയ വസ്ത്രങ്ങളാണ് ഇരുവരും ആഘോഷപരിപാടികള്‍ക്ക് ധരിച്ചത്. വസ്ത്രങ്ങള്‍ ധരിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് മാത്രമാണ് തങ്ങള്‍ക്ക് ധരിക്കാനുള്ള വസ്ത്രങ്ങളെ കുറിച്ച് കിമ്മിനും ക്ലോയിക്കും  ധാരണയുണ്ടായതുതന്നെ.  

To advertise here,

ചുവന്ന നിറത്തിലുള്ള വസ്ത്രമായിരുന്നു കിമ്മിന് വേണ്ടി ഒരുക്കിയിരുന്നത്. ചുവന്ന നിറം തനിക്ക് ഇഷ്ടമാണെങ്കിലും ഇളംനിറത്തിലുള്ള വസ്ത്രങ്ങളാണ് താനെപ്പോഴും തിരഞ്ഞെടുത്തിരുന്നതെന്നും അതിനാല്‍ത്തന്നെ തനിക്ക് വിവാഹത്തിന് അണിയാന്‍ ലഭിച്ച വസ്ത്രം ഏറെ സന്തോഷം പകര്‍ന്നതായും കിം പറഞ്ഞിരുന്നു. വിവാഹത്തിനു ധരിക്കേണ്ട വസ്ത്രത്തിന്റെ കഴുത്തിന്റെ ഭാഗം വല്ലാതെ തുറന്നതാണോയെന്ന തോന്നല്‍ തനിക്കുണ്ടായതായും എന്നാല്‍ അതത്ര പ്രശ്‌നമല്ലെന്നായിരുന്നു മനീഷ് പറഞ്ഞതെന്നും കിം വ്യക്തമാക്കി. വിവാഹവസ്ത്രങ്ങള്‍ ഒരുക്കിയിരുന്ന എല്ലാ ഡിസൈനര്‍മാരേയും അംബാനിക്കുടുംബം അംഗീകരിച്ചിരുന്നതായും അതിനാല്‍ തങ്ങളുടെ വസ്ത്രങ്ങളെല്ലാം തന്നെ അംബാനിക്കുടുംബത്തിന്റെ അനുവാദത്തോടെ തയ്യാറാക്കിയതാണെന്നും കര്‍ദാഷിയാന്‍ സഹോദരിമാര്‍ പറഞ്ഞു. 

വിവാഹത്തിന് തങ്ങളുടെ ലുക്ക് ഏറെ ഇഷ്ടപ്പെട്ടതായും അവര്‍ പറഞ്ഞു. വിവാഹച്ചടങ്ങുകളുടെ ആഡംബരത്തില്‍ തങ്ങള്‍ അമ്പരന്നതായും കിമ്മും ക്ലോയിയും കൂട്ടിച്ചേര്‍ത്തു. എല്ലാ വസ്തുക്കളിലും സ്വര്‍ണം പൂശിയിരുന്നതായും എല്ലാത്തിലും വജ്രം പതിച്ചിരുന്നതായും അവര്‍ ഓര്‍ത്തു. അവിടെയുണ്ടായിരുന്ന പശുക്കളുടെ കാലുകള്‍ ബന്ധിച്ചിരുന്ന ചങ്ങലകളില്‍ വജ്രം പതിച്ചിരുന്നതായും വിവാഹച്ചടങ്ങില്‍ അംബാനിക്കുടുംബം പശുക്കളോട് പ്രാര്‍ഥിച്ചതായും കിം പറഞ്ഞു. ദ കര്‍ദാഷിയാന്‍സ് എന്ന റിയാലിറ്റി സീരിസിലാണ് കര്‍ദാഷിയാന്‍ സഹോദരിമാര്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചത്.