താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിച്ച് കാലം കുറച്ചായി. അംബാനി കല്യാണത്തിലടക്കം പ്രധാന ചടങ്ങുകളിലും വേദികളിലും ഇരുവരും ഒന്നിച്ച് എത്താതിരുന്നതും ഇത്തരം വാര്‍ത്തകള്‍ക്ക് ബലമേകി. അംബാനി കല്യാണത്തിന് ബച്ചന്‍ കുടുംബത്തിനൊപ്പവും ഐശ്വര്യറായി മകള്‍ക്കൊപ്പവുമാണ് എത്തിയത്. മകള്‍ക്കൊപ്പം മറ്റൊരു വീട്ടിലാണ് ഐശ്വര്യ താമസിക്കുന്നതെന്ന തരത്തിൽ വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നിരുന്നു.

To advertise here,

അംബാനി കല്യാണത്തിന്റെ സമയത്ത് ബച്ചന്‍ കുടുംബമൊന്നാകെ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ അവരുടെകൂടെ ഐശ്വര്യ റായിയും മകള്‍ ആരാധ്യയുമുണ്ടായിരുന്നില്ല. അമിതാഭ് ബച്ചന്‍, ഭാര്യ ജയ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മകള്‍ ശ്വേത ബച്ചന്‍, ശ്വേതയുടെ ഭര്‍ത്താവ് നിഖില്‍ നന്ദ, മക്കളായ നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവരെല്ലാം ഒരുമിച്ച് ക്യാമറയ്ക്ക് മുന്നില്‍ നിന്നു. അതിനു ശേഷമാണ് ഐശ്വര്യ മകള്‍ ആരാധ്യയ്ക്കൊപ്പമെത്തിയത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം നില്‍ക്കാതെ അഭിഷേക് തന്റെ കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത് ചര്‍ച്ചയ്ക്ക് വഴിവെച്ചു. 

വിവാഹമോചനത്തെ പറ്റിയുള്ള ഊഹോപോഹങ്ങള്‍ക്കിടെ മകള്‍ക്കൊപ്പം ഒരുമിച്ചിരിക്കുന്ന അഭിഷേകിന്റേയും ഐശ്വര്യയുടേയും വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അംബാനി വിവാഹ ചടങ്ങില്‍ നിന്നുള്ളതാണ് വീഡിയോ. ഇരുവരും ഒരുമിച്ചിരുന്ന് കയ്യടിച്ച് ആഘോഷിക്കുന്നതാണ് വിഡിയോയിലുള്ളത്. ചടങ്ങിന് ഒന്നിച്ചല്ല വന്നതെങ്കിലും ചടങ്ങുകള്‍ക്കിടിയില്‍ ഇരുവരും ഒന്നിച്ചിരുന്നിരുന്നു. ഈ സമയത്തുള്ളതാണ് ദൃശ്യങ്ങളെന്നാണ് കരുതുന്നത്. 

വിവാഹമോചന വാര്‍ത്തകള്‍ തുടരെ വരുന്നുണ്ടെങ്കിലും അഭിഷേകോ ഐശ്വര്യയോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഐശ്യര്യ എത്തിയിരുന്നു.  'പിറന്നാള്‍ ആശംസകള്‍ പാ-ദാദാജി, ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ' എന്നായിരുന്നു ഐശ്വര്യ കുറിച്ചത്.