
അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് ദീപികാ പദുക്കോണ്‍. സന്ദീപ് വാംഗ ചിത്രം സ്പിരിറ്റില്‍ നിന്നും, പിന്നാലെ നാഗ് അശ്വിന് ചിത്രം കല്‍ക്കി 2-ല്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെയാണ് ദീപിക വാര്‍ത്താ താരമായത്. ചിത്രങ്ങളിൽ നിന്ന് ദീപിക പുറത്തുപോകാന്‍ കാരണം താരത്തിന്റെ കടുത്ത നിബന്ധനകളാണ് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദീപികാ പദുക്കോണ്‍ മുന്നോട്ടുവെച്ചതായി പുറത്തുവന്ന നിബന്ധനകളിലൊന്നായിരുന്നു ഒരു ദിവസത്തെ നിശ്ചിത ജോലിസമയം. ദിവസം എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ എന്ന് ദീപിക പറഞ്ഞതായാണ് മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഇപ്പോഴിതാ ദീപികയെ ട്രോളിയിരിക്കുകയാണ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്.
തന്റെ പുതിയ വ്ളോഗിലാണ് ഫറാ ഖാന് ദീപികയ്ക്കൊരു 'കുത്ത്' കൊടുത്തത്. ദീപികയുടെ എട്ട് മണിക്കൂര്‍ മാത്രം ജോലി എന്ന നിബന്ധനയെയാണ് ഫറ ട്രോളിയത്. തന്റെ പാചകക്കാരനായ ദിലീപിനൊപ്പമാണ് ഫറാ ഖാന് വ്ളോഗുകള്‍ ചെയ്യാറ്. ദിലീപിന്റെ ചോദ്യത്തിന് മറുപടിയായാണ് ദീപികയെ കുറിച്ചുള്ള രസകരമായ പരാമര്‍ശം ഫറാ ഖാന് നടത്തിയത്.
ബോളിവുഡ് നടനായ രോഹിത് സറഫിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ഇത്. തന്റെ അമ്മ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ഫറാ ഖാന്റെ വ്ളോഗിലാണ് എന്നും ഇതിനായി അവരെ ഒരുവര്‍ഷത്തോളം സമയം കാത്തിരിപ്പിച്ചുവെന്നും രോഹിത് വ്ളോഗില്‍ പറഞ്ഞു. ദീപികാ പദുക്കോണ്‍ പോലും തന്നോട് സമ്മതം മൂളാന്‍ ഇത്രയധികം സമയമെടുത്തിട്ടില്ല എന്ന് ഇതിനോട് ഫറാ ഖാന് രസകരമായി പ്രതികരിച്ചു.
അപ്പോള്‍ കുക്ക് ദിലീപ് ഫറാ ഖാനോട് ദീപികാ പദുക്കോണ്‍ എപ്പോഴാണ് നമ്മുടെ വ്ളോഗിലേക്ക് എത്തുക എന്ന് ചോദിച്ചു. ഇതിന് മറുപടിയായാണ് ഫറാ ഖാന് ദീപികാ പദുക്കോണിനെ ട്രോളിയത്; കൂട്ടത്തില്‍ ദിലീപിനിട്ടും ഒരു 'താങ്ങ്' കൊടുക്കാന്‍ ഫറ മറന്നില്ല. 'നീ നിന്റെ നാട്ടിലേക്ക് പോകുന്ന ദിവസം അവള് വരും. ദീപിക ഇപ്പോള്‍ എട്ട് മണിക്കൂര്‍ മാത്രമാണ് ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ട് അവള്‍ക്ക് നമ്മുടെ വ്ളോഗിലേക്ക് വരാന്‍ സമയമുണ്ടാകില്ല.' -ഇതാണ് ഫറാ ഖാന് പറഞ്ഞത്.
Published: 27 Sept 2025, 11:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented