ഇന്ത്യയിലെ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി പ്രമുഖ താരങ്ങള്‍ അവതരിപ്പിക്കുന്ന ഈ റിയാലിറ്റി ഷോ മലയാളത്തില്‍ അവതരിപ്പിക്കുന്നത് സാക്ഷാല്‍ മോഹന്‍ലാലാണ്. ഇപ്പോഴിതാ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പ് നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ്‌ബോസിന്റെ 19-ാം സീസണിനാണ് എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്.

To advertise here,

ബോളിവുഡിലെ രണ്ട് ഗാനങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിച്ചതിന് ബിഗ് ബോസിന്റെ അണിയറക്കാര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ഗാനങ്ങളുടെ ഉടമസ്ഥാവകാശമുള്ള ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡ് (പിപിഎല്‍) എന്ന കമ്പനി. മിഡ് ഡേ ഇന്ത്യ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അഗ്നീപഥ് എന്ന ചിത്രത്തില്‍ കത്രീനാ കൈഫ് നിറഞ്ഞാടിയ 'ചിക്ക്‌നി ചമേലി', ഗോരി തേരേ പ്യാര്‍ മേം എന്ന ചിത്രത്തിലെ 'ധട് തേരീ കി' എന്നീ ഗാനങ്ങളാണ് അനുമതിയില്ലാതെ ബിഗ് ബോസില്‍ ഉപയോഗിച്ചത് എന്നാരോപിച്ചാണ് നോട്ടീസ്.

സെപ്റ്റംബര്‍ മൂന്നിന് സംപ്രേഷണം ചെയ്ത ബിഗ് ബോസ് 19-ാം പതിപ്പിന്റെ 11-ാം എപ്പിസോഡിലാണ് ഗാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. ഷോയുടെ നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈൻ ഇന്ത്യയ്ക്കെതിരെയാണ് പിപിഎല്‍ നിയമനടപടി ആരംഭിച്ചിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് സെപ്റ്റംബര്‍ 19-ന് അയച്ച നോട്ടീസില്‍ പിപിഎല്‍ എന്‍ഡമോള്‍ ഷൈനിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

'രണ്ട് ഗാനങ്ങളുടേയും ലൈസന്‍സ് സോണി മ്യൂസിക് എന്റര്‍ടെയിന്‍മെന്റ്‌സ് ഇന്ത്യയ്ക്കാണ്. പകര്‍പ്പവകാശ നിയമത്തിലെ 30-ാം വകുപ്പ് പ്രകാരം എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യാ ലിമിറ്റഡ് ലൈസന്‍സ് വാങ്ങിയിട്ടല്ല ഗാനങ്ങള്‍ ഉപയോഗിച്ചത്. ഇത് മനഃപൂര്‍വമായ പകര്‍പ്പവകാശ ലംഘനമാണ്.' -പിപിഎല്ലിന്റെ നിയമസംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എന്‍ഡമോള്‍ ഷൈനോ ബിഗ് ബോസ് സ്ട്രീം ചെയ്യുന്ന ജിയോ ഹോട്ട് സ്റ്റാറോ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.