വിദേശരാജ്യങ്ങളിൽ നിന്നുള്ള വ്‌ളോഗർമാർ ഇന്ത്യയിലെത്തി ഇവിടെ നിന്നുള്ള വീഡിയോകൾ പങ്കുവെക്കുന്നത് സോഷ്യൽ മീഡിയയിലെ പതിവുകാഴ്ചയാണ്. നമ്മുടെ രാജ്യത്തിന്റെ നല്ലവശങ്ങളും ചിലപ്പോഴെങ്കിലും മോശം വശങ്ങളുമെല്ലാം ഇത്തരം വീഡിയോകളുടെ ഉള്ളടക്കമാകാറുണ്ട്. അത്തരത്തിലുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

To advertise here,

കെനിയയിൽ നിന്നുള്ള വ്‌ളോഗറായ വിൻ സോൾ ആണ് തന്റെ ഇന്ത്യൻ ട്രെയിൻ അനുഭവം ഇൻസ്റ്റഗ്രാമിൽ ചെറുവീഡിയോയായി പങ്കുവെച്ചത്. യാത്രക്കാർ തിങ്ങിനിറഞ്ഞ ട്രെയിനിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ മുകളിലെ ബർത്തിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. തിരക്കും സ്ഥലപരിമിതിയും കാരണം അടുത്തുള്ള യാത്രക്കാരൻ വിൻ സോളിന്റെ മടിയിൽ കിടന്നുറങ്ങുന്നത് വീഡിയോയിൽ കാണാം.

'30 മണിക്കൂർ നേരം ഇന്ത്യൻ ട്രെയിനിലെ ജനറൽ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്നത് ദുർബലർക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. മുതിർന്ന ഒരു മനുഷ്യനെ മടിയിൽ കിടത്തി ഉറക്കുന്നു.' -ഇതാണ് വീഡിയോയ്ക്ക് വിൻ സോൾ വീഡിയോയ്ക്ക് നൽകിയ രസകരമായ അടിക്കുറിപ്പ്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലായി.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഒട്ടേറെ പേർ യാത്രയിൽ നേരിട്ട ബുദ്ധിമുട്ടിന് വിൻ സോളിനോട് ക്ഷമ ചോദിച്ചു. അതേസമയം അൺറിസർവ്ഡ് കോച്ചുകളിലെ പതിവ് കാഴ്ചയാണ് ഇതെന്നും ടിക്കറ്റ് റിസർവ് ചെയ്തിരുന്നെങ്കിൽ സുഖമായി യാത്ര ചെയ്യാമായിരുന്നു എന്നെല്ലാം പറയുന്നവരുമുണ്ട്.