കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇന്ത്യന്‍ ടെലിവിഷന്‍ താരങ്ങളായ ചാരു അസോപയും രാജീവ് സെന്നും. താരദമ്പതികളായ ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്നും അടുത്തുതന്നെ വിവാഹമോചനം നേടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ തീരുമാനത്തില്‍ ഇരുവരും മാറ്റം വരുത്തി എന്നതാണ് പുതിയ വാര്‍ത്ത.

To advertise here,

മകള്‍ക്കുവേണ്ടി ഒരിക്കല്‍ കൂടി ഒന്നിച്ചുജീവിച്ചു ശ്രമിച്ചു നോക്കാമെന്നാണ് ഇരുവരും ഇപ്പോള്‍ കരുതുന്നത്. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തിലുണ്ടായ വഴിത്തിരിവിനെ കുറിച്ച് ചാരുവും രാജീവും മനസുതുറന്നത്. 

'മറ്റൊരു വീട് കണ്ടെത്തി സാധനങ്ങള്‍ മാറ്റിയിരുന്നു. കുടുംബക്കോടതിയില്‍ പോകാന്‍ ദിവസവും തീരുമാനിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരസ്പരം സംസാരിച്ചു. മകള്‍ക്കുവേണ്ടി ഒരു തവണ കൂടി ശ്രമിച്ചുനോക്കാം എന്നു തോന്നി. അങ്ങനെ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു. ഇതിനെ ഒരു അദ്ഭുതം എന്നേ പറയാനാകൂ.' ചാരു അഭിമുഖത്തില്‍ പറയുന്നു. 

ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി വാര്‍ത്തകളില്‍ നിറയാനുള്ള ശ്രമമാണ് ഈ വിവാഹമോചനം എന്നും അധിക്ഷേപമുയര്‍ന്നിരുന്നു. അതിനും ചാരു മറുപടി നല്‍കുന്നുണ്ട്. ഇത്തരം ആരോപണം ഉന്നയിക്കാന്‍ എളുപ്പമാണെന്നും സങ്കടകരമായ കാര്യത്തിലൂടെ സ്വയം കടന്നുപോകുമ്പോള്‍ മാത്രമേ ഈ അവസ്ഥയുടെ കാഠിന്യം മനസ്സിലാകൂ എന്നുമായിരുന്നു ഇതിന് ചാരുവിന്റെ മറുപടി. 

2019-ലാണ് ഹിന്ദി പരമ്പരകളിലൂടെ പ്രശസ്തയായ ചാരുവും ഫാഷന്‍ മോഡലും ബോളിവുഡ് താരം സുസ്മിത സെന്നിന്റെ സഹോദരനുമായ രാജീവും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനിടയില്‍ ഇരുവര്‍ക്കും ഒരു മകള്‍ ജനിക്കുകയും ചെയ്തു. കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. ഇതോടെയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്.