മാസങ്ങൾ നീണ്ട ഇടവേളയ്ക്കും പോരാട്ടങ്ങൾക്കും ശേഷം നടൻ ബബിൽ ഖാൻ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നു. മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി സിനിമാലോകത്തുനിന്ന് വിട്ടുനിന്ന താരം, തന്റെ പുതിയ പ്രോജക്റ്റിന്റെ ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

To advertise here,

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് താൻ വീണ്ടും ജോലിയിലെത്തിയ വിവരം ബബിൽ ആരാധകരെ അറിയിച്ചത്. ‘നിങ്ങൾ എന്നെ കാണുന്ന ഓരോ സെക്കൻഡും വിലപ്പെട്ടതാക്കാൻ ഞാൻ അത്രയേറെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. വൈകാതെ തന്നെ സ്ക്രീനിൽ കാണാം’- താരം കുറിച്ചു.

കഴിഞ്ഞ ഒരു വർഷമായി ബബിൽ ഖാൻ വലിയ രീതിയിലുള്ള മാനസിക വെല്ലുവിളികളിലൂടെയാണ് കടന്നുപോയിരുന്നത്. 2025 മെയ് മാസത്തിൽ ബോളിവുഡിനെക്കുറിച്ചുള്ള താരത്തിന്റെ ചില പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായ താരം, ഒക്ടോബറിലാണ് താൻ നേരിട്ട ഡിപ്രഷനെക്കുറിച്ചും ഉറക്കമില്ലായ്മയെക്കുറിച്ചും തുറന്നുപറഞ്ഞത്.

‘എന്റെ ആത്മാവ് അടിച്ചമർത്തലുകളിൽ തളർന്നുപോയിരുന്നു, എനിക്ക് സുഖപ്പെടാൻ സമയം ആവശ്യമായിരുന്നു’- എന്നായിരുന്നു അന്ന് ബബിൽ കുറിച്ചത്.

2025 മെയിലാണ് ബോളിവുഡിലെ സമ്മർദ്ദങ്ങളെയും വെല്ലുവിളികളെയും കുറിച്ച് സംസാരിച്ചുകൊണ്ട് ബബിൽ ഖാൻ ഇൻസ്റ്റാഗ്രാം സ്റ്റോറികൾ പോസ്റ്റ് ചെയ്തത്. വികാരാധീനനായി സംസാരിച്ച താരം ചില അഭിനേതാക്കളുടെ പേരുകൾ പറയുകയും ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് താൽക്കാലികമായി ഡീആക്ടിവേറ്റ് ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന്, ബബിലിൻ്റെ കുടുംബവും ടീമും ഒരു വിശദീകരണ പ്രസ്താവന പുറത്തിറക്കിയിരുന്നു. മറ്റാരെയും പോലെ ബബിലിനും വിഷമകരമായ ദിവസങ്ങൾ ഉണ്ടാകാമെന്നും, അദ്ദേഹം സുരക്ഷിതനാണെന്നും ഉടൻ സുഖം പ്രാപിക്കുമെന്നും ആ പ്രസ്താവനയിൽ അവർ അറിയിച്ചിരുന്നു.