സംഗീതത്തിൽ തന്റേതായ മേൽവിലാസമുണ്ടാക്കിയാണ് ഗായിക ആശാ ഭോസ്‌ലെ വിട വാങ്ങിയത്. എന്നാൽ അവരുടെ സ്വകാര്യ ജീവിതം ഒട്ടും മനോഹരമായിരുന്നില്ല. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് അവർ ഓരോ പാട്ടും തന്റെ ശബ്ദത്തിലൂടെ കൂടുതൽ മനോഹരമാക്കിയത്. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ സഹോദരി ഉഷാ മങ്കേഷ്‌കർ ആശയുടെ ജീവിതത്തെ കുറിച്ച് തുറന്നുപറയുന്നുണ്ട്.

To advertise here,

കുട്ടിക്കാലത്ത് ഒരു ടോം ബോയ്‌യെപ്പോലെയായിരുന്നു ആശ. എല്ലാവരോടും വഴക്കുണ്ടാക്കി ചുറ്റിക്കറങ്ങും. എന്നാൽ തന്റെ 16-ാം വയസിൽ അവർ കുടുംബാംഗങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഒരു തീരുമാനമെടുത്തു. മൂത്ത സഹോദരിയും ഗായികയുമായ ലതാ മങ്കേഷ്‌ക്കറുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന ഗണപത്‌റാവു ഭോസ്‌ലെയ്‌ക്കൊപ്പം ആശ ഒളിച്ചോടി. അന്ന് 31 വയസായിരുന്നു ഗണപതിന്റെ പ്രായം. ഇതോടെ കുടുംബം ആശയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് ഉഷ പറയുന്നു.

പിന്നീട് വർഷങ്ങൾക്കുശേഷം ആശയ്ക്ക് ആദ്യ കുഞ്ഞുണ്ടായപ്പോഴാണ് ഉഷ സഹോദരിയെ വീണ്ടും കാണുന്നത്. ആ കൂടിക്കാഴ്ചയെ കുറിച്ചും ഉഷ സംസാരിക്കുന്നുണ്ട്. 'വിവാഹശേഷം ആദ്യമായിട്ടായിരുന്നു ഞാൻ അവളെ കാണുന്നത്. ഹേമന്തിന്റെ അമ്മയായ ഉടനെയായിരുന്നു അത്. അവൾ ആകെ മാറിപ്പോയിരുന്നു. എല്ലാവരോടും ബഹളംവെച്ച് നടന്നിരുന്ന അവളുടെ സ്വഭാവം ആകെ മാറിയിരുന്നു. പാന്റ്‌സും ഷർട്ടും വെയ്സ്റ്റ്‌കോട്ടുമുട്ട് സൈക്കിളിൽ ചുറ്റിക്കറങ്ങുന്ന ഒരു ടോം ബോയിയായിരുന്നു അവൾ. അങ്ങനെയല്ലാത്ത ഒരു ആശയെ എനിക്ക് അറിയില്ലായിരുന്നു. എപ്പോഴും തമാശ പറഞ്ഞ് ചിരിച്ചും കളിയാക്കിയും നടന്നിരുന്ന പെൺകുട്ടി തന്നെ ആയിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ അങ്ങനെ ഒന്നും ആയിരുന്നില്ല. ഞാനാകെ അമ്പരന്നുപോയി. അവളുടെ നെറ്റിയിൽ വലിയൊരു പൊട്ടുണ്ടായിരുന്നു. മുടി കെട്ടിവെച്ചിരുന്നു. വെള്ള സാരി ഉടുത്തിരുന്നു. കൈകളിലാകട്ടെ സ്വർണ വളകളും വാച്ചും.'- ഉഷ പറയുന്നു.

'എന്നാൽ അവളുടെ രൂപം മാത്രമായിരുന്നില്ല മാറിയിരുന്നത്. സ്വഭാവത്തിനും മാറ്റങ്ങളുണ്ടായിരുന്നു. നിന്റെ മുടി എന്താണ് ഇങ്ങനെ വൃത്തികേടായി കിടക്കുന്നതെന്നും മുടിയിൽ കുത്താൻ ഹെയർപിന്നുകൾ ഇല്ലേ എന്നും അവൾ എന്നോട് ചോദിച്ചു. എന്നിട്ട് എനിക്കുനേരെ ഒരു ഹെയർപിൻ നീട്ടി മുടി കെട്ടിവെയ്ക്കാൻ ആവശ്യപ്പെട്ടു.'-ഉഷ കൂട്ടിച്ചേർക്കുന്നു. ആദ്യ കുഞ്ഞുണ്ടായശേഷമാണ് ആശയെ വീണ്ടും കുടുംബം അംഗീകരിച്ചത്. എന്നാൽ ആശയുടെ ദാമ്പത്യത്തിന് ആയുസ് കുറവായിരുന്നു. മൂന്ന് മക്കളുണ്ടായശേഷം ഇരുവരും വേർപിരിഞ്ഞു. ഭർത്താവിൽ നിന്നും അയാളുടെ മാതാപിതാക്കളിൽ നിന്നും പീഡനം നേരിട്ടിരുന്ന ആശ മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തോടുകൂടി ദാമ്പത്യജീവിതം വേർപെടുത്താൻ തീരുമാനിക്കുകയായിരുന്നു. 1980-ൽ സംഗീത സംവിധായകനായ ആർഡി ബർമനെ ആശ വിവാഹം ചെയ്തു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്.