നവംബര് ആറിന് മകള് റാഹ കപൂറിന്റെ മൂന്നാം പിറന്നാള് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതികളായ രണ്ബീര് കപൂറും ആലിയ ഭട്ടും. അടുത്തിടെ ആലിയയുടെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ട്, റാഹയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതിനെ കുറിച്ചും അവളുടെ വളര്ച്ചയെ കുറിച്ചുമെല്ലാം സംസാരിച്ചു. റാഹയുമായി ബന്ധപ്പെട്ട് ആലിയയില് നിന്നുണ്ടായ ഒരു പരാമര്ശം ആദ്യം തന്നെ ഞെട്ടിക്കുകയും പിന്നീട് ആശ്വസിപ്പിക്കുകയും ചെയ്തുവെന്നും മഹേഷ് ഭട്ട് ഒരു അഭിമുഖത്തില് പറഞ്ഞു.
'കുറച്ച് ദിവസങ്ങള്ക്ക് മുന്പ് എന്റെ കൊച്ചുമകള് റാഹ വീട്ടില് വന്നു. എല്ലാവരും അവളോട് ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെന്ന് ഞാന് ശ്രദ്ധിച്ചു. അപ്പോള് ഞാന് പറഞ്ഞു, 'നിങ്ങളെല്ലാവരും അവളോട് ഇംഗ്ലീഷില് സംസാരിച്ചോളൂ, ഞാന് അവളോട് ഹിന്ദിയില് സംസാരിക്കാം.' ഇതുകേട്ട ആലിയയുടെ പ്രതികരണം എന്നെ ഞെട്ടിച്ചു. 'എന്റെ ജീവിതത്തില് നിങ്ങള് നല്കുന്ന ഒരേയൊരു സംഭാവന അതായിരിക്കും' എന്നാണ് ആലിയ പറഞ്ഞത്.
ഞാന് ഉടന് തന്നെ അവളോട് എന്താണ് ഇങ്ങനെ പറഞ്ഞതെന്ന് ചോദിച്ചു. അപ്പോള് അവള് അത് പെട്ടെന്ന് തന്നെ തിരുത്തി പറഞ്ഞു, 'അല്ല, അല്ല, ക്ഷമിക്കണം! വലിയ സംഭാവന എന്നാണു ഞാന് ഉദ്ദേശിച്ചത്.' വര്ഷങ്ങളായി ഞാന് ആലിയയില് വളര്ത്തിയെടുത്ത ജീവിതപാഠങ്ങളെക്കുറിച്ച് അവള് എന്നെ ഓര്മിപ്പിക്കുകയും ചെയ്തു. എല്ലാവരേയും ബഹുമാനിക്കണമെന്നും കൃത്യനിഷ്ഠ പാലിക്കണമെന്നും തന്നെ പഠിപ്പിച്ചത് അച്ഛനാണെന്നും അവള് പറഞ്ഞു. അതു കേട്ടപ്പോള് എനിക്ക് ആശ്വാസമായി.'-മഹേഷ് ഭട്ട് അഭിമുഖത്തില് പറയുന്നു.
ഇന്നത്തെ തലമുറയിലെ കുട്ടികള് ജോലിയും മാതൃത്വവും ഒരുമിച്ചു കൊണ്ടുപോകുന്നതിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ജോലി ചെയ്യുമ്പോഴും ആലിയ റാഹയെ എപ്പോഴും അരികില് നിര്ത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'അടുത്തിടെ ഞാനും അവളും അമിതാഭ് ബച്ചനും ഒരു പരസ്യത്തില് അഭിനയിച്ചു. റാഹയ്ക്ക് വേണ്ടി മാത്രമായി ഒരു വാനിറ്റി വാന് അവിടെയുണ്ടായിരുന്നു. അതൊരു നഴ്സറി സ്കൂള് പോലെ ആയിരുന്നു.' -മഹേഷ് ഭട്ട് കൂട്ടിച്ചേര്ത്തു.
Content Highlights: alia bhatt pointed dad mahesh bhatts only contribution to rahas life was talking to her in hindi
Published: 30 Sept 2025, 03:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented