എല്ലാ വർഷവും ഒക്ടോബർ 10-നാണ് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത്, ലോകാരോഗ്യ സംഘടന എന്നിവയുടെ നേതൃത്വത്തിലാണ് ഈ ദിനം സംഘടിപ്പിക്കുന്നത്. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അത്യന്താപേക്ഷിതമാണെന്ന സന്ദേശം നൽകുക, മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള അജ്ഞതയും ഭയവും അകറ്റുക, ആഗോളതലത്തിൽ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.

To advertise here,

ഓരോ വർഷവും മാനസികാരോഗ്യ ദിനം ആചരിക്കപ്പെടുമ്പോൾ, മാനസികാരോഗ്യം എന്നത് കേവലം മുതിർന്നവരുടെ മാത്രം വിഷയമല്ലെന്നും അത് കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും അടിത്തറയാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത്, ശാരീരികാരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം കുട്ടികളുടെ മാനസികാരോഗ്യത്തിനും നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടിക്കാലം സന്തോഷകരവും ചിന്താഭാരമില്ലാത്തതുമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ഇന്നത്തെ കുട്ടികൾ മുമ്പെങ്ങുമില്ലാത്തവിധം വലിയ മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങാനുള്ള സമ്മർദ്ദവും മറ്റുള്ളവരുമായുള്ള നിരന്തരമായ താരതമ്യപ്പെടുത്തലുകളും കുട്ടികളിൽ വലിയ തോതിൽ ഉത്കണ്ഠയും ആകുലതകളും ഉണ്ടാക്കുന്നു. ഇതിനുപുറമേ, അമിതമായ ഫോൺ ഉപയോഗവും സോഷ്യൽ മീഡിയയുടെ സ്വാധീനവും കുട്ടികളുടെ സ്വാഭാവികമായ ഉറക്കത്തെയും ശ്രദ്ധയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. സൈബർ ബുള്ളീയിംഗ് പോലുള്ള ഭീഷണികളും ഓൺലൈൻ ലോകത്തെ അനാവശ്യ താരതമ്യങ്ങളും അവരിൽ അപകർഷതാബോധം വളർത്തുന്നു. കൂടാതെ മുതിർന്നവർ

കുട്ടികളോട് സംസാരിക്കാൻ സമയം കണ്ടെത്താത്തതും കളിക്കളങ്ങളുടെ അഭാവവും കാരണം പല കുട്ടികളും വലിയ രീതിയിലുള്ള ഒറ്റപ്പെടൽ അനുഭവിക്കുന്നു.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
തുറന്ന ആശയവിനിമയം ഉറപ്പാക്കുക:
കുട്ടികളോട് ദിവസവും സംസാരിക്കാൻ സമയം കണ്ടെത്തുക. അവരുടെ വികാരങ്ങളും സങ്കടങ്ങളും കേൾക്കാൻ തയ്യാറാകുക. ഭയം കൂടാതെ കാര്യങ്ങൾ തുറന്നുപറയാനുള്ള അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുക.

അനാവശ്യമായ താരതമ്യങ്ങൾ ഒഴിവാക്കുക: മറ്റ് കുട്ടികളുമായോ സഹോദരങ്ങളുമായോ കുട്ടികളെ താരതമ്യം ചെയ്യുന്നത് അവരുടെ ആത്മവിശ്വാസം തകർക്കും. ഓരോ കുട്ടിയുടെയും കഴിവുകൾ വ്യത്യസ്തമാണെന്ന് തിരിച്ചറിയുക.

സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക: മൊബൈൽ ഫോൺ, ടി.വി എന്നിവയുടെ ഉപയോഗം കൃത്യമായ സമയപരിധിക്കുള്ളിലാക്കുക. അതിന് പകരം കളിസ്ഥലങ്ങളിലും പ്രകൃതിയിലുമുള്ള കളികൾക്കും സമയം കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുക.

നല്ല പെരുമാറ്റങ്ങളെ പ്രശംസിക്കുക: ചെറിയ വിജയങ്ങളെയും നല്ല കാര്യങ്ങളെയും അപ്പപ്പോൾ അഭിനന്ദിക്കുക. ഇത് അവരിൽ പോസിറ്റീവ് ചിന്തകളും കൂടുതൽ ആത്മവിശ്വാസവും വളർത്തും.

ക്വാളിറ്റി ടൈം കണ്ടെത്താം: ജോലിത്തിരക്കുകൾക്കിടയിലും കുട്ടികളോടൊപ്പം കളിക്കാനും വായിക്കാനും യാത്രകൾ ചെയ്യാനും സമയം മാറ്റിവെക്കുക. ഇത് അവരിൽ സുരക്ഷിതത്വബോധം ഉണ്ടാക്കും.

പരാജയങ്ങളെ നേരിടാൻ പഠിപ്പിക്കുക: തോൽവികൾ ജീവിതത്തിന്റെ ഭാഗമാണെന്നും അതിൽ നിന്ന് പഠിച്ച് മുന്നേറുകയാണ് വേണ്ടതെന്നും കുട്ടികളെ ബോധവാന്മാരാക്കുക. അമിതമായ വിജയപ്രതീക്ഷകൾ അവരുടെ മേൽ അടിച്ചേൽപ്പിക്കരുത്.

ശാരീരിക ആരോഗ്യവും ദിനചര്യകളും ഉറപ്പാക്കുക: കൃത്യസമയത്തുള്ള ഉറക്കം, സമീകൃതമായ ഭക്ഷണം, ദിനചര്യകൾ, കായിക വിനോദങ്ങൾ എന്നിവ മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്.

കുട്ടികളുടെ മാറ്റങ്ങൾ ശ്രദ്ധിക്കുക: പെട്ടെന്നുണ്ടാകുന്ന ദേഷ്യം, ഒറ്റപ്പെട്ടിരിക്കൽ, ഭക്ഷണത്തോടോ പഠനത്തോടോ ഉള്ള അനാസ്ഥ, ഉറക്കമില്ലായ്മ എന്നിവ മാനസികസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാകാം. ഇവ കണ്ടില്ലെന്ന് നടിക്കരുത്.

സ്വന്തം പെരുമാറ്റം മാതൃകയാക്കുക: മുതിർന്നവരുടെ ദേഷ്യവും മാനസികസമ്മർദ്ദവും കുട്ടികൾ കണ്ടുപഠിക്കും. വീട്ടിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ മുതിർന്നവർ ശ്രദ്ധിക്കുക.

വിദഗ്ദ്ധ സഹായം തേടാൻ മടിക്കരുത്: കുട്ടിയിൽ കടുത്ത വിഷാദമോ ഉത്കണ്ഠയോ പെരുമാറ്റ വൈകല്യങ്ങളോ കണ്ടാൽ കൗൺസിലിംഗിനോ ചൈൽഡ് സൈക്കോളജിസ്റ്റിന്റെ സഹായത്തിനോ മടിക്കരുത്. മാനസികാരോഗ്യ വിദഗ്ദ്ധരെ കാണുന്നത് ഒരു തെറ്റായ കാര്യമായി കാണരുത്.