രാവിലെ കുട്ടികളെ സ്കൂളിൽ അയയ്ക്കാനുള്ള തിരക്ക്, ജോലിക്ക് പോകാനുള്ള ഒരുക്കങ്ങൾ, വീട്ടുജോലികൾ, കുട്ടികളുടെ പഠനം, ഭക്ഷണം, മറ്റ് ആവശ്യങ്ങൾ... മാതാപിതാക്കളുടെ ഒരു ദിവസം പലപ്പോഴും ഇങ്ങനെയായിരിക്കും. ഒരു കാര്യം ചെയ്തുതീർക്കുമ്പോഴേക്കും അടുത്ത ഉത്തരവാദിത്വം മുന്നിലെത്തും. ഇതിനിടയിൽ സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്താൻ പോലും കഴിയാത്തവരുണ്ട്. ചില ദിവസങ്ങളിൽ മക്കളുടെ ചെറിയൊരു ചോദ്യം പോലും അസഹനീയമായി തോന്നാം. കാര്യമില്ലാതെ ദേഷ്യപ്പെടുകയും പിന്നാലെ കുറ്റബോധം അനുഭവപ്പെടുകയും ചെയ്യാം.
ഇത്തരം അനുഭവങ്ങൾ പതിവാണെങ്കിൽ നിങ്ങൾ 'ഫ്രാസിൽഡ് പേരന്റ്' എന്ന അവസ്ഥയിലായിരിക്കാം. നിരന്തരമായ ഉത്തരവാദിത്വങ്ങളും മാനസിക സമ്മർദങ്ങളും കാരണം ശാരീരികമായും മാനസികമായും തളർന്നുപോകുന്ന മാതാപിതാക്കളെ വിശേഷിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. ഇതൊരു പ്രത്യേക രോഗനിർണയമല്ല. മറിച്ച് മാതാപിതാക്കൾ അനുഭവിക്കുന്ന അമിതമായ സമ്മർദത്തെയും ക്ഷീണത്തെയും സൂചിപ്പിക്കുന്ന പ്രയോഗമാണ്. കുട്ടികളെ സ്നേഹിക്കുന്നില്ലെന്നോ നല്ല മാതാപിതാക്കളല്ലെന്നോ ഇതിന് അർഥമില്ല. എന്നാൽ സ്വന്തം മനസ്സിനും ശരീരത്തിനും വിശ്രമവും പിന്തുണയും ആവശ്യമാണെന്നതിന്റെ സൂചനയാണ്. ഈ അവസ്ഥ തിരിച്ചറിയാൻ സഹായിക്കുന്ന നാല് ലക്ഷണങ്ങളുണ്ട്.
ചെറിയ കാര്യങ്ങൾ പോലും വലിയ പ്രശ്നമായി തോന്നുന്നു
കുട്ടികൾ ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നത് സാധാരണമാണ്. ചിലപ്പോൾ അവർ കളിപ്പാട്ടങ്ങൾ വലിച്ചുവാരിയിടും, ഭക്ഷണം കഴിക്കാൻ മടിക്കും, പറഞ്ഞ കാര്യങ്ങൾ അനുസരിക്കാതിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾക്ക് ദേഷ്യം തോന്നുന്നതും സ്വാഭാവികമാണ്.എന്നാൽ ചെറിയ കാര്യങ്ങൾ പോലും പതിവായി വലിയ പ്രശ്നങ്ങളായി തോന്നുകയും നിയന്ത്രിക്കാനാവാത്ത വിധം ദേഷ്യം വരികയും ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കുട്ടിയുടെ ഒരു സാധാരണ ചോദ്യം പോലും അസഹനീയമായി തോന്നാം. ചെറിയ തെറ്റുകൾക്ക് അമിതമായി പ്രതികരിക്കുകയോ പെട്ടെന്ന് ശബ്ദമുയർത്തുകയോ ചെയ്യാം.ഇതിന് പിന്നിൽ കുട്ടിയുടെ പെരുമാറ്റം മാത്രമായിരിക്കണമെന്നില്ല. ജോലിയും വീട്ടുകാര്യങ്ങളും മറ്റ് ഉത്തരവാദിത്വങ്ങളും കാരണം മനസ്സ് നേരത്തേതന്നെ സമ്മർദത്തിലായിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ ചെറിയൊരു പ്രശ്നം പോലും താങ്ങാനാവാത്തതായി അനുഭവപ്പെടാം.
വിശ്രമിക്കുമ്പോഴും മനസ്സിന് വിശ്രമമില്ല
കുട്ടികൾ ഉറങ്ങിക്കഴിഞ്ഞാലോ വീട്ടുജോലികൾ തീർന്നാലോ അൽപസമയം വിശ്രമിക്കാമെന്ന് കരുതുന്നവരാണ് പല മാതാപിതാക്കളും. എന്നാൽ ശരീരം വിശ്രമിക്കുമ്പോഴും മനസ്സിൽ ചിന്തകൾ അവസാനിക്കണമെന്നില്ല.നാളെ കുട്ടിക്ക് സ്കൂളിൽ കൊണ്ടുപോകാനുള്ള സാധനങ്ങൾ എടുത്തുവച്ചോ? ഹോംവർക്ക് പൂർത്തിയാക്കിയോ? യൂണിഫോം തയ്യാറാണോ? എന്തെങ്കിലും മറന്നുപോയോ? ഇങ്ങനെ ഒന്നിനുപിറകെ ഒന്നായി ചോദ്യങ്ങൾ മനസ്സിൽ ഉയർന്നുകൊണ്ടിരിക്കും.
കുടുംബത്തിന്റെ ആവശ്യങ്ങൾ ഓർത്തുവയ്ക്കുന്നതും കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതും എല്ലാം സ്വന്തം ഉത്തരവാദിത്വമാണെന്ന തോന്നലുണ്ടാകാം. ഇതിനെ 'മെന്റൽ ലോഡ്' എന്നാണ് വിശേഷിപ്പിക്കുന്നത്.ഇത്തരം ചിന്തകൾ കാരണം ആവശ്യത്തിന് വിശ്രമിച്ചാലും ക്ഷീണം മാറണമെന്നില്ല. സ്വന്തം ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ലാത്ത അവസ്ഥയിലേക്ക് ചിലർ എത്തിച്ചേരാം.
മക്കൾക്കൊപ്പമുണ്ട്, പക്ഷേ മനസ്സുകൊണ്ട് അകലെയാണ്
കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കുന്നു, സ്കൂളിലെ കാര്യങ്ങൾ അന്വേഷിക്കുന്നു, പഠിക്കാൻ സഹായിക്കുന്നു. മക്കൾക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെങ്കിലും അവർക്കൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാൻ കഴിയുന്നില്ലെന്ന് ചില മാതാപിതാക്കൾക്ക് തോന്നാം. കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ താൽപര്യമില്ലാതിരിക്കുക, അവരുടെ വിശേഷങ്ങൾ കേൾക്കാൻ ക്ഷമയില്ലാതാകുക, ഒരുമിച്ച് കളിക്കുന്നതോ കഥകൾ വായിച്ചുകൊടുക്കുന്നതോ പോലും മറ്റൊരു ഉത്തരവാദിത്വമായി അനുഭവപ്പെടുക തുടങ്ങിയവ മാനസികമായ ക്ഷീണത്തിന്റെ സൂചനകളാകാം. മുമ്പ് സന്തോഷം നൽകിയിരുന്ന ചെറിയ നിമിഷങ്ങൾ പോലും ആസ്വദിക്കാൻ കഴിയാതെ വരാം. കുട്ടികൾക്കൊപ്പം ശാരീരികമായി ഉണ്ടെങ്കിലും വൈകാരികമായി അവരുമായി ഇടപഴകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയാണിത്.
എന്തുചെയ്താലും കുറ്റബോധം
ജോലിത്തിരക്കിനിടയിൽ മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്നില്ലെന്ന കുറ്റബോധം. കുട്ടികൾക്കൊപ്പം ഇരിക്കുമ്പോൾ പൂർത്തിയാക്കാനുള്ള ജോലികളെക്കുറിച്ചുള്ള ആശങ്ക. ഇങ്ങനെ എന്തുചെയ്താലും താൻ വേണ്ടത്ര ചെയ്യുന്നില്ലെന്ന തോന്നൽ ചില മാതാപിതാക്കളെ അലട്ടാറുണ്ട്. കുട്ടികൾക്കുവേണ്ടി കൂടുതൽ സമയം കണ്ടെത്തണമായിരുന്നു, അവരോട് ദേഷ്യപ്പെടരുതായിരുന്നു, കുറച്ചുകൂടി ക്ഷമ കാണിക്കണമായിരുന്നു എന്നിങ്ങനെ ചിന്തകൾ ആവർത്തിക്കാം.എല്ലാ കാര്യങ്ങളും ഒരുപോലെ മികച്ച രീതിയിൽ ചെയ്യണമെന്ന പ്രതീക്ഷയാണ് പലപ്പോഴും ഇത്തരം കുറ്റബോധത്തിന് പിന്നിൽ. എന്നാൽ എല്ലാ ദിവസവും എല്ലാ ഉത്തരവാദിത്വങ്ങളും പൂർണതയോടെ നിർവഹിക്കുക എന്നത് പ്രായോഗികമല്ല. നിരന്തരമായ കുറ്റബോധം മാനസികമായ ക്ഷീണം കൂടുതൽ വർധിപ്പിക്കുകയും ചെയ്യാം.
ഈ അവസ്ഥയിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം?
ആദ്യം വേണ്ടത് സ്വന്തം ക്ഷീണവും സമ്മർദവും തിരിച്ചറിയുകയാണ്. എല്ലാ ദിവസവും എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യണമെന്ന നിർബന്ധം ഒഴിവാക്കാം. ചില ദിവസങ്ങളിൽ വീട്ടിലെ കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടന്നില്ലെങ്കിലും അതിനെ വലിയ പരാജയമായി കാണേണ്ടതില്ല. കുട്ടികളുടെ കാര്യങ്ങളും വീട്ടുജോലികളും ഒരാൾ മാത്രം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളല്ല. പങ്കാളിയുമായോ കുടുംബാംഗങ്ങളുമായോ ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കുന്നത് മാനസികഭാരം കുറയ്ക്കാൻ സഹായിക്കും. സഹായം ആവശ്യപ്പെടുന്നതിൽ മടിക്കേണ്ടതില്ല. ദിവസത്തിൽ കുറച്ചുസമയം സ്വന്തം ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കുന്നതും പ്രധാനമാണ്. അൽപനേരം ശാന്തമായി ഇരിക്കുക, ഇഷ്ടമുള്ള സംഗീതം കേൾക്കുക, നടക്കാൻ പോകുക, വിശ്രമിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും സമ്മർദം കുറയ്ക്കാൻ സഹായിച്ചേക്കാം.
മക്കളുമായുള്ള വൈകാരികബന്ധം നിലനിർത്താൻ വലിയ പരിപാടികളൊന്നും ആവശ്യമില്ല. കുട്ടിയുടെ വിശേഷങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നതും ഒരുമിച്ച് അൽപസമയം കളിക്കുന്നതും സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതും ബന്ധം കൂടുതൽ ഊഷ്മളമാക്കും. എന്നാൽ ക്ഷീണവും ദേഷ്യവും നിരാശയും ദീർഘകാലം തുടരുകയോ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് നല്ലതാണ്. മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനൊപ്പം സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പ്രാധാന്യം നൽകണം. മാതാപിതാക്കൾക്ക് ആവശ്യമായ വിശ്രമവും പിന്തുണയും ലഭിക്കുന്നത് കുട്ടികൾക്കും കുടുംബത്തിനും ഗുണകരമാണ്. കാരണം, സ്വയം ശ്രദ്ധിക്കുന്നതും നല്ല രക്ഷാകർതൃത്വത്തിന്റെ ഭാഗമാണ്.
Content Highlights: Definition of a frazzled parent and chronic parental stress, Four key signs including losing temper over small things and constant mental load, Understanding the root cause of parental guilt and exhaustion, Actionable tips to manage stress and seek support
Published: 17 Oct 2026, 07:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented