സ്‌കൂളിൽ കുട്ടി കൂട്ടുകാരനുമായി വഴക്കിട്ടാൽ ഉടൻ അധ്യാപകനെ വിളിക്കും. കളിക്കിടെ മറ്റൊരു കുട്ടി ഉപദ്രവിച്ചാൽ ആ കുട്ടിയുടെ മാതാപിതാക്കളോട് സംസാരിക്കും. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നതിന് മുൻപുതന്നെ അത് പരിഹരിക്കാൻ ശ്രമിക്കും. മക്കളോടുള്ള സ്‌നേഹവും കരുതലുമാണ് പല മാതാപിതാക്കളെയും ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ കുട്ടികളുടെ എല്ലാ പ്രശ്‌നങ്ങളും മാതാപിതാക്കൾ തന്നെ പരിഹരിക്കുന്നത് അവരുടെ വളർച്ചയെ ബാധിക്കുമോ? അമിതമായ സംരക്ഷണം കുട്ടികളുടെ ആത്മവിശ്വാസത്തെയും സ്വന്തം പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവിനെയും ബാധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടുകയാണ് നടി സോഹ അലി ഖാൻ.

To advertise here,

തന്റെ 'ഓൾ എബൗട്ട് ഹെർ' എന്ന പോഡ്കാസ്റ്റിൽ ഡിസൈനർ സിമോൺ ഖംബാട്ട, വ്യവസായി ധ്രുവ് സയാനി എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് സോഹ ഇക്കാര്യം ചർച്ച ചെയ്തത്. കുട്ടികളുടെ കാര്യങ്ങളിൽ അമിതമായി ഇടപെടുന്ന മാതാപിതാക്കളുടെ രീതിയായ 'ഹെലികോപ്റ്റർ പാരന്റിങ്ങി'നെക്കുറിച്ചായിരുന്നു സംഭാഷണം.

എന്താണ് ഹെലികോപ്റ്റർ പാരന്റിങ്?

കുട്ടികളുടെ ഓരോ കാര്യവും നിരീക്ഷിക്കുകയും അവർക്ക് ചെറിയ ബുദ്ധിമുട്ടുണ്ടാകുമ്പോൾപ്പോലും ഇടപെട്ട് പരിഹരിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ രീതിയെയാണ് ഹെലികോപ്റ്റർ പാരന്റിങ് എന്നു വിളിക്കുന്നത്. കുട്ടികളെ എപ്പോഴും നിരീക്ഷിക്കുന്നതുമാത്രമല്ല ഇതിന്റെ പ്രത്യേകതയെന്ന് സോഹ പറയുന്നു. അവർക്ക് ഒരു പ്രശ്‌നം നേരിടുമ്പോൾ സ്വയം പരിഹാരം കണ്ടെത്താൻ അവസരം നൽകാതെ മാതാപിതാക്കൾ ഉടൻ രക്ഷയ്‌ക്കെത്തുന്നതും ഇതിന്റെ ഭാഗമാണ്. കുട്ടികളെ സംരക്ഷിക്കണമെന്ന നല്ല ഉദ്ദേശ്യത്തോടെയാണ് മാതാപിതാക്കൾ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളിൽനിന്നും കുട്ടികളെ രക്ഷിക്കുന്നത് സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കാനും പ്രശ്‌നങ്ങളെ നേരിടാനും പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്താം.

'എന്റെ മകനെ വൈകാരികമായി കരുത്തുള്ള കുട്ടിയാക്കാൻ കഴിഞ്ഞിരുന്നില്ല'-സംഭാഷണത്തിനിടെ സ്വന്തം അനുഭവവും സിമോൺ ഖംബാട്ട പങ്കുവച്ചു. തുടക്കത്തിൽ താനും അമിതമായി സംരക്ഷിക്കുന്ന അമ്മയായിരുന്നുവെന്ന് അവർ പറഞ്ഞു.മകൻ കൂട്ടുകാരുമായി വഴക്കിടുമ്പോഴോ സ്‌കൂളിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോഴോ സിമോൺ നേരിട്ട് ഇടപെടുമായിരുന്നു. മറ്റൊരു കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് സംസാരിക്കുകയും പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു. മകൻ മറ്റുള്ളവരെ ഉപദ്രവിച്ച സാഹചര്യങ്ങളും ഉണ്ടായിരുന്നതായി അവർ ഓർമിച്ചു.എന്നാൽ പിന്നീട് സ്വന്തം ഇടപെടലുകളെക്കുറിച്ച് ചിന്തിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നെങ്കിലും അവയെ സ്വയം നേരിടാനുള്ള അവസരം മകന് ലഭിച്ചിരുന്നില്ല.

മകനെ വൈകാരികമായി കരുത്തുള്ള കുട്ടിയായി വളർത്താൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് തിരിച്ചറിഞ്ഞതായും സിമോൺ പറഞ്ഞു. ഇതോടെ കുട്ടിയുടെ പ്രശ്‌നങ്ങളിൽ ഉടൻ ഇടപെടുന്നതിനു പകരം എന്താണ് സംഭവിച്ചതെന്നും എങ്ങനെ പ്രതികരിക്കാമെന്നും മകനുമായി സംസാരിക്കാൻ അവർ തുടങ്ങി.രണ്ടാമത്തെ കുട്ടി വൈകാരികമായി കൂടുതൽ പക്വത പ്രകടിപ്പിക്കുന്നതായും സിമോൺ പറഞ്ഞു.

എല്ലാ പ്രശ്‌നങ്ങളും മാതാപിതാക്കൾ പരിഹരിച്ചാൽ?

കുട്ടിക്കാലത്ത് കൂട്ടുകാരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നതും ചെറിയ വഴക്കുകൾ സംഭവിക്കുന്നതും നിരാശ അനുഭവപ്പെടുന്നതുമെല്ലാം സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങളിലൂടെയാണ് മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും സ്വന്തം വികാരങ്ങൾ നിയന്ത്രിക്കാനും പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും കുട്ടികൾ പഠിക്കുന്നത്.എന്നാൽ ഓരോ തവണയും മാതാപിതാക്കൾ ഇടപെട്ട് കാര്യങ്ങൾ ശരിയാക്കുമ്പോൾ കുട്ടികൾക്ക് ഈ കഴിവുകൾ പരിശീലിക്കാനുള്ള അവസരം കുറയാം. ഭാവിയിൽ ചെറിയ പ്രതിസന്ധികൾ നേരിടുമ്പോൾപ്പോലും മറ്റുള്ളവരുടെ സഹായത്തെ അമിതമായി ആശ്രയിക്കുന്ന സാഹചര്യമുണ്ടാകാം.അതേസമയം, കുട്ടികളെ എല്ലാ പ്രശ്‌നങ്ങളും ഒറ്റയ്ക്ക് നേരിടാൻ വിടണമെന്നല്ല ഇതിനർഥം. ഉപദ്രവം, ഭീഷണി, സുരക്ഷയെ ബാധിക്കുന്ന സാഹചര്യങ്ങൾ എന്നിവയുണ്ടെങ്കിൽ മുതിർന്നവരുടെ ഇടപെടൽ ആവശ്യമാണ്.

കുട്ടികളെ സഹായിക്കേണ്ടത് എങ്ങനെ?

കുട്ടി ഒരു പ്രശ്‌നവുമായി സമീപിക്കുമ്പോൾ ഉടൻ പരിഹാരം പറഞ്ഞുകൊടുക്കുന്നതിനു പകരം ആദ്യം എന്താണ് സംഭവിച്ചതെന്ന് കേൾക്കാം. ആ സാഹചര്യത്തിൽ കുട്ടിക്ക് എന്താണ് തോന്നിയതെന്നും പ്രശ്‌നം പരിഹരിക്കാൻ എന്തുചെയ്യാമെന്നാണ് കരുതുന്നതെന്നും ചോദിക്കാം.സ്വന്തമായി തീരുമാനമെടുക്കാനും അതിന്റെ ഫലങ്ങൾ മനസ്സിലാക്കാനും അവസരം നൽകുന്നത് കുട്ടികളുടെ ആത്മവിശ്വാസം വളർത്താൻ സഹായിക്കും. തെറ്റുകൾ സംഭവിക്കുമ്പോൾ കുറ്റപ്പെടുത്തുന്നതിനുപകരം അതിൽനിന്ന് പഠിക്കാൻ സഹായിക്കുകയാണ് വേണ്ടത്.മാതാപിതാക്കളുടെ സാന്നിധ്യവും പിന്തുണയും കുട്ടികൾക്ക് എപ്പോഴും ആവശ്യമാണ്. എന്നാൽ എല്ലാ കാര്യങ്ങളും അവർക്ക് പകരം ചെയ്തുകൊടുക്കുന്നത് പിന്തുണയുടെ ശരിയായ രൂപമാകണമെന്നില്ല.കുട്ടികളെ സംരക്ഷിക്കുന്നതിനൊപ്പം സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രശ്‌നങ്ങളെ നേരിടാനും പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് സോഹ അലി ഖാനും അതിഥികളും പങ്കുവെച്ചത്.