കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ അത്യപൂര്‍വമായ ക്ഷേത്രമാണ് ശബരിമല അയ്യപ്പ ക്ഷേത്രം. ജാതിമതഭേദമന്യെ ഭക്തര്‍ ഒഴുകിയെത്തുന്ന ശബരിമല യാത്ര ഭക്തിസാന്ദ്രമായ അനുഭവമാണ്. കൊടുംകാടിന്റെ വന്യതയ്ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ശബരിമല ക്ഷേത്രത്തിലേക്ക് കഠിനമായ യാത്രയിലൂടെയാണ് ഭക്തര്‍ എത്തിച്ചേരുന്നത്. പമ്പ വരെ വാഹനത്തിലെത്തി അവിടംമുതല്‍ മല നടന്ന് കയറുന്നവരാണ് ഭൂരിഭാഗം ഭക്തരും. കെട്ടുനിറയ്ക്കുന്നിടം മുതല്‍തന്നെ നടന്ന് തന്നെ യാത്ര ചെയ്ത് ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നവരും നിരവധിയാണ്.

To advertise here,

Also Read: കോഴിക്കോട്ടുകാരി ദിൽനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി; ലോകം ചുറ്റിയ വിശേഷങ്ങൾ പറഞ്ഞ് ദിൽന | വീഡിയോ

നമുക്ക് ഇതെല്ലാം സാധാരണ കാഴ്ചയാണ്. എന്നാല്‍ കറുപ്പണിഞ്ഞ് ശബരിമലയ്ക്ക് നഗ്നപാദരായി ദീര്‍ഘദൂരം നടന്നുപോകുന്ന തീര്‍ഥാടകരെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഒരു വ്‌ളോഗര്‍. യുഎസ്സില്‍ നിന്നുള്ള ജെയ് എന്ന വ്‌ളോഗറാണ് ശബരിമലയ്ക്ക് പോകുകയായിരുന്ന അയ്യപ്പന്മാരെ കണ്ട് അമ്പരന്നത്. മുഴുവന്‍ കറുപ്പണിഞ്ഞത് കണ്ടപ്പോള്‍ തന്നെ അദ്ദേഹം ആകാംക്ഷാഭരിതനായി. തുടര്‍ന്ന് തീര്‍ഥാടകര്‍ക്കടുത്തെത്തി നേരിട്ട് തന്നെ ചോദിച്ച് തന്റെ സംശയം ദൂരീകരിച്ചു ജെയ്. ഇതിന്റെ വീഡിയോ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

'ഹായ് ഗൈസ്, നിങ്ങളെല്ലാവരും എന്താണ് കറുപ്പണിഞ്ഞിരിക്കുന്നത്' എന്ന് ജെയ് തീര്‍ഥാടകരോട് ചോദിച്ചു. ശബരിമലയ്ക്കുള്ള യാത്രയാണെന്ന് ഇതിന് മറുപടിയായി തീര്‍ഥാടകരിലൊരാള്‍ പറഞ്ഞു. ശബരിമലയെക്കുറിച്ച് അറിയാത്തതിനാല്‍ തീര്‍ഥാടകര്‍ അക്കാര്യം വ്‌ളോഗര്‍ക്ക് വിശദീകരിച്ചുകൊടുത്തു. എല്ലാവരും കറുപ്പണിഞ്ഞാണ് ശബരിമലയ്ക്ക് പോകുകയെന്നും അതാണ് ശബരിമലയുടെ സാംസ്‌കാരികമായ പാരമ്പര്യമെന്നും അവര്‍ അദ്ദേഹത്തോട് പറയുന്നത് വീഡിയോയില്‍ കാണാം.

48 ദിവസങ്ങളായി യാത്ര തുടങ്ങിയിട്ടെന്നും രണ്ട് മാസമായി വ്രതത്തിലാണെന്നും ചെരിപ്പോ ഷൂവോ ഇടാതെ സസ്യാഹാരം മാത്രം കഴിച്ചാണ് യാത്രയെന്നുമെല്ലാം തീര്‍ഥാടകര്‍ വിശദീകരിച്ചു. ശ്രീലങ്കയില്‍ നിന്നുള്ളവരാണ് തങ്ങളെന്നും അവര്‍ ജെയ്‌യോട് പറഞ്ഞു. അഞ്ച് മലകള്‍ കയറിയാണ് തങ്ങള്‍ ശബരിമല ക്ഷേത്രത്തിലെത്തിയതെന്നും 54 കിലോമീറ്റര്‍ ദൂരമാണ് തങ്ങള്‍ നടന്നതെന്നും കൂടെ അവര്‍ പറഞ്ഞതോടെ ജെയ് അക്ഷരാര്‍ഥത്തില്‍ വാപൊളിച്ച് നിന്നു.

അഞ്ച് ലക്ഷത്തിലേറെ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്. യുഎസ് വ്‌ളോഗറെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകള്‍ക്കൊപ്പം ശബരിമലയെ കുറിച്ചുള്ള പല കാര്യങ്ങളും വിശദീകരിക്കുന്ന കമന്റുകളും കാണാം.