മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതകള്‍ പായ്‌വഞ്ചിയില്‍ ലോകം ചുറ്റിയ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയത്. മലയാളികളുടെ മാത്രമല്ല, ഇന്ത്യയുടെയാകെ അഭിമാനമായി മാറിയ കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി ലെഫ്. കമാന്‍ഡര്‍ കെ. ദില്‍നയയായിരുന്നു അതില്‍ ഒരാള്‍. പുതുച്ചേരിയില്‍ നിന്നുള്ള ലെഫ്. കമാന്‍ഡര്‍ എ. രൂപയാണ് ദില്‍നയ്‌ക്കൊപ്പമുണ്ടായിരുന്നത്. ഇപ്പോഴിതാ ഇരുവരേയും അഭിനന്ദിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

To advertise here,

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി ഇരുവരേയും അഭിനന്ദിച്ചത്. രണ്ട് ലെഫ്. കമാന്‍ഡര്‍മാരുമായും അദ്ദേഹം മന്‍ കി ബാത്തില്‍ ഫോണിലൂടെ സംസാരിച്ചു. ലോകം ചുറ്റിയുള്ള യാത്രയ്ക്കിടെ തങ്ങള്‍ നേരിട്ട പ്രതിസന്ധികളും അനുഭവങ്ങളുമെല്ലാം രണ്ടുപേരും മോദിയുമായി പങ്കുവെച്ചു. ഹിന്ദിയിലാണ് രണ്ടുപേരും പ്രധാനമന്ത്രിയുമായി

'നിങ്ങള്‍ക്ക് എട്ടുമാസം കടലില്‍ കഴിയുവാനാകുമോ? നിങ്ങള്‍ക്ക് കാറ്റിനനുസരിച്ച് നീങ്ങുന്ന ബോട്ടില്‍ ഒരു ചുക്കാനുമായി 50,000 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുമോ? അതും ഏത് സമയവും കാലാവസ്ഥ മോശമായേക്കാവുന്ന സാഹചര്യത്തില്‍? അതിന് പുറപ്പെടുന്നതിന് മുമ്പ് നിങ്ങള്‍ ആയിരം തവണ ചിന്തിക്കുമായിരിക്കും. എന്നാല്‍ ഇന്ത്യന്‍ നാവികസേനയില്‍ ധൈര്യശാലികളായ രണ്ട് ഓഫീസര്‍മാര്‍ നാവിക സാഗര്‍ പരിക്രമയിലൂടെ ഈ യാത്ര പൂര്‍ത്തിയാക്കി. ധൈര്യം എന്താണെന്ന് അവര്‍ കാണിച്ചു തന്നു. ഇന്ന് ഈ രണ്ട് ധൈര്യശാലികളെ മന്‍ കി ബാത്തിന്റെ ശ്രോതാക്കളെ പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' -ഇങ്ങനെയാണ് പ്രധാനമന്ത്രി ഇരുവരേയും അവതരിപ്പിച്ചത്.

തുടര്‍ന്ന് രണ്ടുപേരുമായി മോദി ഫോണില്‍ സംസാരിച്ചു. ദില്‍നയോട് മലയാളത്തില്‍ നമസ്‌കാരം എന്നും രൂപയോട് തമിഴില്‍ വണക്കം എന്നും പറഞ്ഞാണ് മോദി സംഭാഷണത്തിലേക്ക് കടന്നത്. ഇരുവരുടേയും പശ്ചാത്തലത്തെ കുറിച്ച് ചോദിച്ച ശേഷമാണ് മോദി യാത്രയുടെ വിശേഷങ്ങളിലേക്ക് കടന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായിരുന്നു ലോകം ചുറ്റിയുള്ള യാത്രയെന്നും അത് തങ്ങളുടെ ജീവിതം മാറ്റിമറിച്ചെന്നും ദില്‍ന മോദിയോട് പറഞ്ഞു.

'ഏകദേശം 47,500 കിലോമീറ്ററാണ് ഞങ്ങള്‍ യാത്ര ചെയ്തത്. 2024 ഒക്ടോബര്‍ രണ്ടിനാണ് ഞങ്ങള്‍ ഗോവയില്‍ നിന്ന് പുറപ്പെട്ടത്. 2025 മേയ് 29-ന് ഞങ്ങള്‍ തിരിച്ചെത്തി. 238 ദിവസങ്ങള്‍ കൊണ്ടാണ് യാത്ര ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈ 238 ദിവസങ്ങളിലും ഞങ്ങള്‍ രണ്ട് പേര്‍ മാത്രമാണ് ബോട്ടിലുണ്ടായിരുന്നത്.' -ദില്‍ന മോദിയോട് പറഞ്ഞു.

'മൂന്നുവര്‍ഷത്തെ തയ്യാറെടുപ്പാണ് യാത്രയ്ക്കായി നടത്തിയത്. നാവിഗേഷന്‍, അടിയന്തര ആശയവിനിമയത്തിനുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനം, ഡൈവ് ചെയ്യുന്നത് എങ്ങനെ, ആരോഗ്യപ്രശ്‌നം പോലെ ബോട്ടിലുണ്ടാകുന്ന ഏതുതരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടുന്നത് എങ്ങനെ തുടങ്ങിയവയെല്ലാം പരിശീലിച്ചു. ഇന്ത്യന്‍ നാവികസേന ഇതെല്ലാം ഞങ്ങളെ പരിശീലിപ്പിച്ചു. യാത്രയിലെ ഏറ്റവും അവിസ്മരണീയമായ നിമിഷത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.' -ദില്‍ന തുടര്‍ന്നു.

'പോയിന്റ് നെമോയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയതാണ് ഞങ്ങളുടെ യാത്രയിലെ അവിസ്മരണീയ നിമിഷം. ഭൂമിയിലെ ഏറ്റവും വിദൂരമായ സ്ഥലമാണ് പോയിന്റ് നെമോ. ആ സ്ഥലത്തോട് ഏറ്റവും അടുത്തുള്ള മനുഷ്യര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരാണ്. പായ്‌വഞ്ചിയില്‍ അവിടെ എത്തുന്ന ആദ്യ ഇന്ത്യക്കാരായി, ഏഷ്യക്കാരായി, ലോകത്തെ തന്നെ ആദ്യ വ്യക്തികളായി ഞങ്ങള്‍ മാറി. അത് ഞങ്ങള്‍ക്ക് ഏറെ അഭിമാനം തോന്നിച്ച കാര്യമാണ്.' -ദില്‍ന പ്രധാനമന്ത്രിയോടായി പറഞ്ഞു.

സംഭാഷണത്തിന്റെ പൂര്‍ണരൂപം

പ്രധാനമന്ത്രി - ഹലോ.

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന - ഹലോ സര്‍.

പ്രധാനമന്ത്രി - നമസ്‌കാരം.

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന - നമസ്‌കാരം സര്‍.

പ്രധാനമന്ത്രി - ഇപ്പോള്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍നയും ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപയും എന്നോടൊപ്പം ലൈനിലുണ്ടല്ലോ.

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍നയും രൂപയും - ഉണ്ട് സര്‍, രണ്ടുപേരുമുണ്ട്.

പ്രധാനമന്ത്രി - നിങ്ങള്‍ രണ്ടുപേര്‍ക്കും നമസ്‌കാരം. വണക്കം.

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന - വണക്കം സര്‍.

ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ - നമസ്‌കാരം സര്‍.

പ്രധാനമന്ത്രി - ശരി, ആദ്യമായി രാജ്യം നിങ്ങളെ രണ്ടുപേരെയും കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ പറയൂ.

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന - സര്‍, ഞാന്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന. ഞാന്‍ ഭാരത നാവികസേനയിലെ ലോജിസ്റ്റിക്‌സ് കേഡറില്‍ നിന്നാണ്. സര്‍, ഞാന്‍ 2014ല്‍ നാവികസേനയില്‍ കമ്മീഷന്‍ഡായി. സര്‍, ഞാന്‍ കേരളത്തിലെ കോഴിക്കോട്ടുകാരിയാണ്. സര്‍, എന്റെ അച്ഛന്‍ ആര്‍മിയിലായിരുന്നു, എന്റെ അമ്മ ഒരു വീട്ടമ്മയാണ്. എന്റെ ഭര്‍ത്താവും ഭാരതീയ നാവികസേനയില്‍ ഒരു ഉദ്യോഗസ്ഥനാണ്, സര്‍, എന്റെ സഹോദരി എന്‍സിസിയില്‍ ജോലി ചെയ്യുന്നു.

ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ - ജയ് ഹിന്ദ് സര്‍, ഞാന്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ, ഞാന്‍ 2017 ല്‍ നേവല്‍ ആര്‍മമെന്റ് ഇര്‍സ്‌പെക്ഷന്‍ കേഡറില്‍ ചേര്‍ന്നു. എന്റെ അച്ഛന്‍ തമിഴ്നാട്ടുകാരനാണ്, എന്റെ അമ്മ പോണ്ടിച്ചേരിക്കാരിയാണ്. എന്റെ അച്ഛന്‍ വ്യോമസേനയിലായിരുന്നു, സര്‍, വാസ്തവത്തില്‍ ഡിഫെന്‍സില്‍ ചേരാന്‍ അദ്ദേഹമാണ് എനിക്ക് പ്രേരണയായത്. എന്റെ അമ്മ ഒരു വീട്ടമ്മയായിരുന്നു.

പ്രധാനമന്ത്രി - ശരി, ദില്‍ന, രൂപ, സാഗര്‍ പരിക്രമയിലെ നിങ്ങളുടെ അനുഭവത്തെക്കുറിച്ച് അറിയാന്‍ രാജ്യം ആഗ്രഹിക്കുന്നു, ഇത് എളുപ്പമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടാകണം, നിങ്ങള്‍ക്ക് നിരവധി പ്രയാസങ്ങള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടാകണം.

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന - അതെ സര്‍. സര്‍, നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരവസരം ജീവിതത്തില്‍ ഒരിക്കല്‍ നമുക്ക് ലഭിക്കുമെന്ന് ഞാന്‍ അങ്ങയോട് പറയാന്‍ ആഗ്രഹിക്കുന്നു. ഈ സര്‍ക്കം നാവിഗേഷന്‍ ഭാരത നാവികസേനയും ഭാരത സര്‍ക്കാരും ഞങ്ങള്‍ക്ക് നല്‍കിയ അത്തരമൊരവസരമായിരുന്നു. ഈ പര്യവേഷണത്തില്‍ ഞങ്ങള്‍ ഏകദേശം നാല്‍പ്പത്തിയേഴായിരത്തി അഞ്ഞൂറ് കിലോമീറ്റര്‍ സഞ്ചരിച്ചു സര്‍. ഞങ്ങള്‍ 2024 ഒക്ടോബര്‍ 2-ന് ഗോവയില്‍ നിന്ന് പുറപ്പെട്ട് 2025 മെയ് 29-ന് തിരിച്ചെത്തി, ഈ പര്യവേഷണം പൂര്‍ത്തിയാക്കാന്‍ ഇരുനൂറ്റി മുപ്പത്തിയെട്ട് ദിവസങ്ങളെടുത്തു സര്‍, ഇരുനൂറ്റി മുപ്പത്തിയെട്ട് ദിവസങ്ങളിലും ഞങ്ങള്‍ രണ്ടുപേരും മാത്രമായിരുന്നു സര്‍.

പ്രധാനമന്ത്രി - (ശരിവെച്ച് മൂളുന്നു)

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന - സര്‍, ഈ പര്യവേഷണത്തിനായി ഞങ്ങള്‍ മൂന്ന് വര്‍ഷത്തെ തയ്യാറെടുപ്പ് നടത്തി. നാവിഗേഷന്‍ മുതല്‍ കമ്മ്യൂണിക്കേഷന്‍ എമര്‍ജന്‍സി ഡിവൈസസ് എങ്ങനെ പ്രവര്‍ത്തിപ്പിക്കാം, ഡൈവിംഗ് എങ്ങനെ ചെയ്യാം, ബോട്ടിലെ ഏത് തരത്തിലുള്ള അടിയന്തരാവസ്ഥയും എങ്ങനെ കൈകാര്യം ചെയ്യാം, ഉദാഹരണത്തിന് ഒരു മെഡിക്കല്‍ എമര്‍ജന്‍സി എങ്ങനെ കൈകാര്യം ചെയ്യാം. ഇതിന്റെയൊക്കെയെല്ലാം പരിശീലനം ഭാരത നാവികസേന ഞങ്ങള്‍ക്ക് നല്‍കി, സര്‍. സര്‍, ഈ യാത്രയിലെ ഏറ്റവും അവിസ്മരണീയമായ നിമിഷത്തെക്കുറിച്ച് പറയാം. അത് പോയിന്റ് നീമോയില്‍ ഞങ്ങള്‍ ഭാരത പതാക ഉയര്‍ത്തി എന്നതാണ്. പോയിന്റ് നീമോ ലോകത്തിലെ ഏറ്റവും വിദൂരസ്ഥമായ സ്ഥലമാണ് സര്‍. അതിനോട് ഏറ്റവും അടുത്ത മനുഷ്യവാസമുണ്ടെങ്കില്‍ അത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ്. ഒരു പായ് വഞ്ചിയില്‍ അവിടെ എത്തിയ ആദ്യ ഭാരതീയരും, ആദ്യ ഏഷ്യക്കാരും, ലോകത്തിലെ ആദ്യത്തെ വ്യക്തികളും ഞങ്ങള്‍ ആണ് സര്‍, ഇത് ഞങ്ങള്‍ക്ക് അഭിമാനകരമായ കാര്യമാണ് സര്‍.

പ്രധാനമന്ത്രി - വൗ, നിങ്ങള്‍ക്ക് ഒത്തിരി അഭിനന്ദനങ്ങള്‍.

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന - നന്ദി സര്‍.

പ്രധാനമന്ത്രി: നിങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കും എന്തെങ്കിലും പറയാനുണ്ടാകുമല്ലോ?

ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ: സര്‍, പായ് വഞ്ചിയില്‍ ലോകം ചുറ്റിയ ആളുകളുടെ എണ്ണം മൌണ്ട് എവറസ്റ്റ് കീഴടക്കിയവരുടെ എണ്ണത്തെയപേക്ഷിച്ച് കുറവാണ്. വാസ്തവത്തില്‍, ഒരു പായ് വഞ്ചിയില്‍ സര്‍ക്കം നാവിഗേഷന്‍ നടത്തുന്ന ആളുകളുടെ എണ്ണം ബഹിരാകാശത്ത് പോയ ആളുകളുടെ എണ്ണത്തേക്കാള്‍ കുറവാണ്.

പ്രധാനമന്ത്രി: ശരി, ഇത്രയും സങ്കീര്‍ണ്ണമായ ഒരു യാത്രയ്ക്ക് വളരെ വലിയ ടീം വര്‍ക്ക് ആവശ്യമാണ്. ടീമില്‍ നിങ്ങള്‍ രണ്ട് ഓഫീസര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങള്‍ അത് എങ്ങനെ കൈകാര്യം ചെയ്തു?

ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ: അതെ സര്‍, ഇത്തരമൊരു യാത്രയ്ക്ക്, ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരുമിച്ച് കഠിനാധ്വാനം ചെയ്യേണ്ടിവന്നു, ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന പറഞ്ഞതുപോലെ, ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ ബോട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ തന്നെയായിരുന്നു ബോട്ട് റിപ്പയര്‍ ചെയ്യുന്നവര്‍, എഞ്ചിന്‍ മെക്കാനിക്കുകളും ഞങ്ങള്‍ തന്നെ. സെയില്‍ മേക്കര്‍, മെഡിക്കല്‍ അസിസ്റ്റന്റ്, പാചകക്കാര്‍, ക്ലീനര്‍മാര്‍, ഡൈവര്‍മാര്‍, നാവിഗേറ്റര്‍മാര്‍ എല്ലാം. ഭാരതീയ നാവികസേന ഞങ്ങളുടെ ഈ നേട്ടത്തിന് വലിയ സംഭാവന നല്‍കി. അവര്‍ ഞങ്ങള്‍ക്ക് എല്ലാത്തരം പരിശീലനങ്ങളും നല്‍കി. വാസ്തവത്തില്‍, സര്‍, ഞങ്ങള്‍ നാല് വര്‍ഷമായി ഒരുമിച്ച് കപ്പല്‍ യാത്ര ചെയ്യുന്നു, അതിനാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ കരുത്തും ബലഹീനതയും ഞങ്ങള്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് ഞങ്ങളുടെ വഞ്ചിയില്‍ ഒരിക്കലും പരാജയപ്പെടാത്ത ഒരു ഉപകരണം ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ പറയുന്നത്. അത് ഞങ്ങളുടെ ടീം വര്‍ക്കാണ്.

പ്രധാനമന്ത്രി: ശരി, കാലാവസ്ഥ മോശമായിരുന്നപ്പോള്‍, കാരണം കടലിന്റെ കാലാവസ്ഥ പ്രവചനാതീതമാണല്ലോ, നിങ്ങള്‍ ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്തു?

ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ: സര്‍, ഞങ്ങളുടെ യാത്രയില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. ഈ പര്യവേഷണത്തില്‍ ഞങ്ങള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. പ്രത്യേകിച്ച് സര്‍, Southern Oceanല്‍ കാലാവസ്ഥ എപ്പോഴും മോശമാണ്. മൂന്ന് കൊടുങ്കാറ്റുകള്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു. സര്‍, ഞങ്ങളുടെ ബോട്ടിന് 17 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലപ്പോഴൊക്കെ മൂന്ന് നില കെട്ടിടത്തേക്കാള്‍ വലിയ തിരമാലകള്‍ വന്നു സര്‍. ഞങ്ങളുടെ യാത്രയില്‍ ഞങ്ങള്‍ കടുത്ത ചൂടും അതിശൈത്യവും നേരിട്ടിട്ടുണ്ട്. സര്‍, ഞങ്ങള്‍ അന്റാര്‍ട്ടിക്കയില്‍ കപ്പല്‍ യാത്ര ചെയ്യുമ്പോള്‍, താപനില 1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു, മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനെ നേരിടേണ്ടിവന്നു. തണുപ്പില്‍ നിന്ന് രക്ഷ നേടാനായി, ഞങ്ങള്‍ ആറോ ഏഴോ ലെയര്‍ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു, ഞങ്ങള്‍ മുഴുവന്‍ Southern Oceanനും മുറിച്ചുകടന്നത് അത്തരം 7 ലെയര്‍ വസ്ത്രങ്ങളും ധരിച്ചാണ് സര്‍. ചിലപ്പോഴൊക്കെ ഞങ്ങള്‍ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് കൈകള്‍ ചൂടാക്കുമായിരുന്നു സര്‍, ചിലപ്പോള്‍ തീരെ കാറ്റില്ലാത്ത സാഹചര്യങ്ങളും ഉണ്ടായി. അപ്പോള്‍ പായ പൂര്‍ണ്ണമായും താഴ്ത്തി ഞങ്ങള്‍ ഒഴുക്കിനൊത്ത് നീങ്ങിക്കൊണ്ടിരുന്നു. ഇത്തരം സാഹചര്യങ്ങളാണ് സര്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ക്ഷമ പരീക്ഷിക്കുന്നത്.

പ്രധാനമന്ത്രി - നമ്മുടെ രാജ്യത്തെ പെണ്‍കുട്ടികള്‍ ഇത്തരം സാഹസിക ദൌത്യങ്ങള്‍ ഏറ്റെടുക്കുന്നുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ അത്ഭുതപ്പെടും. ഈ സഞ്ചാരവേളയില്‍ നിങ്ങള്‍ പല രാജ്യങ്ങളില്‍ തങ്ങിയിട്ടുണ്ടല്ലോ. അവിടെ നിങ്ങള്‍ക്ക് എന്തായിരുന്നു അനുഭവം? ഭാരതത്തിന്റെ രണ്ട് പെണ്‍മക്കളെ കാണുമ്പോള്‍ ആളുകളുടെ മനസ്സില്‍ അനവധി ചിന്തകള്‍ ഉണ്ടായിരുന്നിരിക്കണം.

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന - അതെ, സര്‍. ഞങ്ങള്‍ക്ക് മികച്ച അനുഭവമാണ് ലഭിച്ചത്, സര്‍. എട്ട് മാസത്തിനുള്ളില്‍ ഞങ്ങള്‍ നാല് സ്ഥലങ്ങളില്‍ തങ്ങി, സര്‍: ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, പോര്‍ട്ട് സ്റ്റാന്‍ലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍.

പ്രധാനമന്ത്രി - ഓരോ സ്ഥലത്തും ശരാശരി എത്ര നാള്‍ തങ്ങിയിട്ടുണ്ടാവും?

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന - സര്‍, ഞങ്ങള്‍ ഓരോ സ്ഥലത്തും 14 ദിവസം തങ്ങി, സര്‍.

പ്രധാനമന്ത്രി - ഒരിടത്ത് 14 ദിവസം?

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന - കറക്ട് സര്‍. സര്‍, ലോകത്തിന്റെ എല്ലാ കോണിലും ഞങ്ങള്‍ ഭാരതീയരെ കണ്ടു. വളരെ ക്രിയാത്മകമായും ആത്മവിശ്വാസത്തോടെയും അവര്‍ ഭാരതത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നത് ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ വിജയം അവര്‍ സ്വന്തം വിജയമായി കണക്കാക്കുന്നതായി തോന്നി. ഓരോയിടത്തും ഞങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങളുണ്ടായി, വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഞങ്ങളെ ക്ഷണിച്ചു. അദ്ദേഹം ഞങ്ങളെ വളരെയധികം പ്രചോദിപ്പിച്ചു, ഞങ്ങള്‍ക്ക് വളരെ അഭിമാനം തോന്നുന്ന കാര്യങ്ങളാണ് നടന്നത്. ഞങ്ങള്‍ ന്യൂസിലാന്‍ഡില്‍ പോയപ്പോള്‍, മാവൂരി ജനത ഞങ്ങളെ സ്വാഗതം ചെയ്യുകയും നമ്മുടെ ഭാരത സംസ്‌കാരത്തോട് വലിയ ബഹുമാനം കാണിക്കുകയും ചെയ്തു, സര്‍. ഒരു പ്രധാന കാര്യം പറയാം, സര്‍, പോര്‍ട്ട് സ്റ്റാന്‍ലി ഒരു വിദൂര ദ്വീപാണ്, സര്‍. ഇത് തെക്കേ അമേരിക്കയ്ക്കടുത്താണ്. അവിടെ ആകെ ജനസംഖ്യ 3,500 മാത്രമാണ്, സര്‍, പക്ഷേ അവിടെ ഞങ്ങള്‍ ഒരു കൊച്ചു ഭാരതം കണ്ടു, അവിടെ 45 ഭാരതീയര്‍ ഉണ്ടായിരുന്നു. അവര്‍ ഞങ്ങളെ സ്വന്തമായി കരുതി സ്വന്തം വീട്ടിലെപ്പോലത്തെ അനുഭവം പകര്‍ന്നു നല്‍കി.

പ്രധാനമന്ത്രി: ശരി, നിങ്ങളെപ്പോലെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന രാജ്യത്തെ പെണ്‍മക്കള്‍ക്ക് നിങ്ങള്‍ രണ്ടുപേരും എന്ത് സന്ദേശമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നത്?

ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ: സര്‍, ഞാന്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപയാണ്. ആരെങ്കിലും നിറഞ്ഞ മനസ്സോടെ കഠിനാധ്വാനം ചെയ്താല്‍, ഈ ലോകത്ത് ഒന്നും അസാധ്യമല്ലെന്ന് ഞാന്‍ എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എവിടെ നിന്നാണ്, എവിടെയാണ് ജനിച്ചത് എന്നത് പ്രശ്‌നമല്ല. സര്‍, ഭാരതത്തിലെ ചെറുപ്പക്കാരും സ്ത്രീകളും വലിയ സ്വപ്നങ്ങള്‍ കാണണമെന്നും ഭാവിയില്‍ എല്ലാ പെണ്‍കുട്ടികളും സ്ത്രീകളും പ്രതിരോധം, കായികം, സാഹസികത എന്നിവയിലൂടെ രാജ്യത്തിന് യശസ്സ് കൊണ്ടുവരണമെന്നുമുള്ളത് ഞങ്ങള്‍ രണ്ടുപേരുടെയും ആഗ്രഹമാണ്.

പ്രധാനമന്ത്രി: ദില്‍ന, രൂപ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ കാണിച്ച അപാരമായ ധൈര്യത്തില്‍ ഞാന്‍ പുളകിതനാകുന്നു. നിങ്ങള്‍ രണ്ടുപേര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി. നിങ്ങളുടെ കഠിനാധ്വാനം, വിജയം, നേട്ടങ്ങള്‍ നിസ്സംശയമായും രാജ്യത്തെ യുവാക്കളെയും സ്ത്രീകളെയും പ്രചോദിപ്പിക്കും. ഇതുപോലെ ത്രിവര്‍ണ്ണ പതാക പാറിക്കുന്നത് തുടരുക. നിങ്ങളുടെ ഭാവി ശ്രമങ്ങള്‍ക്ക് എന്റെ മംഗളാശംസകള്‍.

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന: നന്ദി സര്‍.

പ്രധാനമന്ത്രി: വളരെ നന്ദി. വണക്കം. നമസ്‌കാരം.

ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ: നമസ്‌കാരം സര്‍.