മാതാപിതാക്കളുമായുള്ള മക്കളുടെ ബന്ധം വാക്കുകൾക്ക് അതീതമാണ്. പലപ്പോഴും പ്രതിസന്ധി ഘട്ടത്തിൽ താങ്ങും തണലുമായി മക്കൾ കൂടെയുണ്ടാകും. അതുപോലെ അമൻ ദുഗ്ഗൽ എന്ന പതിനേഴുകാരൻ അമ്മയ്ക്ക് വലിയൊരു സർപ്രൈസ് ഒരുക്കി. ആ ഹൃദയസ്പർശിയായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു.

To advertise here,

അമ്മയുടെ 10,000 പൗണ്ടിന്റെ (ഏകദേശം 12 ലക്ഷം) കടം വീട്ടിയാണ് 17-കാരൻ എല്ലാവരേയും അദ്ഭുതപ്പെടുത്തിയത്. മകന്റെ ഈ സർപ്രൈസ് കണ്ട് അമ്മ കരയുന്നതും വീഡിയോയിൽ കാണാം. താൻ അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നും കുറച്ച് കാലമായി ഇക്കാര്യം ചെയ്യണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും അമൻ വീഡിയോയിൽ പറയുന്നുണ്ട്. തനിക്കുവേണ്ടി അമ്മ ഇതുവരെ ചെയ്തുതന്ന എല്ലാ നല്ല കാര്യങ്ങൾക്കും അവൻ നന്ദി പറയുകയും ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ നിന്നാണ് പറയുന്നതെന്നും അവൻ വ്യക്തമാക്കുന്നു.

ഇതോടെ അമ്മ വികാരാധീനയാകുകയും അമ്മയുടെ കണ്ണ് നിറയുകയും ചെയ്യുന്നു. 'ഞാനും നിന്നെ സ്‌നേഹിക്കുന്നു. പക്ഷേ എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല' എന്ന് അമ്മ പറയുന്നതും വീഡിയോയിൽ കേൾക്കാം. ഇത് അമ്മയുടെ കടം വീട്ടാനുള്ളതാണെന്നും ഇനി മുതൽ എല്ലാ മാസവും നമ്മുടെ ബില്ലുകൾ അടയ്ക്കാൻ എനിക്ക് കഴിയുമെന്ന് ഉറപ്പ് നൽകുന്നുവെന്നും പറഞ്ഞ് അവൻ പണം അമ്മയുടെ കൈയിൽ ഏൽപിക്കുന്നതും വീഡിയോയിൽ കാണാം.

'എന്റെ അമ്മ എനിക്കുവേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. തിരിച്ച് അമ്മയെ നോക്കാൻ എനിക്ക് സാധിക്കുന്നതിൽ വളരേയധികം സന്തോഷമുണ്ട്. ഞാൻ അതിൽ അഭിമാനിക്കുന്നു. ഇത് വാക്കുകൾകൊണ്ട് വിവരിക്കാനാകില്ല. എത്രയോ തവണ ഞാൻ ഈ നിമിഷം സ്വപ്‌നം കണ്ടിട്ടുണ്ട്. ജോലി തുടങ്ങി വെറും ഒരു വർഷത്തിനുള്ളിൽതന്നെ അത് യാഥാർഥ്യമായിരിക്കുന്നു. ഇതിൽ ഞാൻ അങ്ങേയറ്റം കൃതജ്ഞയുള്ളവനാണ്. ദൈവത്തോടും എന്റെ അമ്മയോടും ഞാൻ നന്ദി പറയുന്നു'-വീഡിയോയ്‌ക്കൊപ്പം അമൻ കുറിച്ചു.

രണ്ട് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ 58 ലക്ഷം പേരാണ് ഇതുവരെ കണ്ടത്. അഞ്ചര ലക്ഷത്തോളം പേർ ലൈക്കും ചെയ്തു. അമനെ അഭിനന്ദിച്ച് ഒട്ടേറെപ്പേർ കമന്റും ചെയ്തിട്ടുണ്ട്.