പട്ന: എട്ടായിരം കിലോമീറ്ററോളം ദൂരം ഓടിത്തീർക്കുക എന്ന ലക്ഷ്യവുമായി ബിഹാർ സ്വദേശിയായ യുവാവ്. അമ്മയുടെ അസുഖം ഭേദമായാൽ 12 ജ്യോതിർലിംഗങ്ങളിലും ഓടിയെത്താമെന്ന നേർച്ച നിറവേറ്റാനാണ് യുവാവ് ഇത്രയും ദൂരം ഓടുന്നത്. ബിഹാറിലെ അരാരിയ ജില്ലക്കാരനായ മോനു മെതുർബല എന്ന 19-കാരനാണ് തന്റെ അമ്മയ്ക്കായി ഈ ‘മഹാമാരത്തൺ’ നടത്തുന്നത്. ഇതുവരെ അഞ്ചോ ആറോ ജ്യോതിർലിംഗങ്ങൾ മോനു സന്ദർശിച്ചതായാണ് റിപ്പോർട്ട്.

To advertise here,

മാർച്ച് 15-ന് പട്നയിൽ നിന്നാണ് മോനു യാത്ര ആരംഭിച്ചത്. അമ്മ ലാൽതി ദേവിയുടെ അസുഖം ഭേദമായാൽ 12 ജ്യോതിർലിംഗങ്ങളിലും കാൽനടയായി എത്തുമെന്ന് മോനു നേർച്ചയെടുത്തിരുന്നു. അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് നേർച്ച നിറവേറ്റാൻ യാത്ര തുടങ്ങിയത്. ദിവസവും ഏകദേശം 50 കിലോമീറ്റർ ഓടിയാണ് മോനു ലക്ഷ്യത്തിലേക്ക് മുന്നേറുന്നത്.

തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയതിനെത്തുടർന്നാണ് ലാൽതി ദേവിയുടെ ആരോഗ്യനില മോശമായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പല സ്ഥലങ്ങളിലും ചികിത്സ തേടിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. ഇതോടെ കുടുംബം ആശങ്കയിലായി. ഈ സമയത്താണ് അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാനായി മോനു 12 ജ്യോതിർലിംഗങ്ങളും സന്ദർശിക്കുമെന്ന് നേർച്ച നേർന്നത്.

ബിഹാറിലെ ജെഹാനാബാദ് ജില്ലയിലുള്ള ബരാബർ കുന്നിലെ ബാബ സിദ്ധേശ്വർ നാഥ ക്ഷേത്രത്തിൽവെച്ചായിരുന്നു മോനുവിന്റെ നേർച്ചയെന്ന് സഹോദരൻ സോനു കുമാർ പറഞ്ഞു. അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ വാക്കുപാലിക്കാൻ മോനു യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. മകന്റെ തീരുമാനത്തിൽ കുടുംബം അഭിമാനിക്കുന്നുവെന്നാണ് അമ്മ പറയുന്നത്. യാത്രയിൽ മറ്റ് രണ്ട് യുവാക്കളും മോനുവിനൊപ്പമുണ്ട്.

നിലവിൽ മോനു മഹാരാഷ്ട്രയിലാണെന്നാണ് റിപ്പോർട്ടുകൾ. യാത്രയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മോനു പങ്കുവെക്കുന്നുണ്ട്. ബിഹാറിൽനിന്ന് 12 ജ്യോതിർലിംഗങ്ങളിലേക്കും നാല് ധാമുകളിലേക്കുമുള്ള നേർച്ചയാത്രയെന്നാണ് മോനുവിന്റെ ഇൻസ്റ്റഗ്രാം ബയോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശിവഭക്തർ ഏറെ പവിത്രമായി കരുതുന്ന 12 ജ്യോതിർലിംഗങ്ങളും സന്ദർശിക്കുകയാണ് പ്രധാന ലക്ഷ്യം.