കാസർകോട്: മകന്റെ പരാതിയെത്തുടർന്ന് ഒളിവിൽപ്പോയ അമ്മയെ 13 വർഷത്തിനുശേഷം പോലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കി. കൂട്ടിക്കൊണ്ടുപോകാൻ മക്കളെത്തിയതോടെ കാസർകോട് കോടതി വികാരനിർഭരമായ സംഗമത്തിന് വേദിയായി. ചീമേനി പോലീസ് സ്റ്റേഷൻ അതിർത്തിയിലെ പോത്താങ്കണ്ടത്തെ 44-കാരിയും മക്കളുമാണ് കോടതിയിൽ ഒന്നിച്ചത്.

To advertise here,

വർഷങ്ങൾക്കുമുൻപ്‌ പോത്താങ്കണ്ടം സ്വദേശിനി വിവാഹംകഴിച്ചെത്തിയത് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനതിർത്തിയിലെ കമ്പല്ലൂരിലായിരുന്നു. കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഭർത്താവ്, ഇവർ മർദിക്കുന്നതായി കാണിച്ച് 12 വയസ്സുള്ള മകനെക്കൊണ്ട് 2013-ൽ ചിറ്റാരിക്കാൽ പോലീസിൽ പരാതി നൽകി.

ഇതിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പോലീസ് അവരെ അറസ്റ്റുചെയ്തു. റിമാൻഡിലായ അവർ ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയി. പിന്നീട് ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. ഇപ്പോൾ 25 വയസ്സുള്ള മകൻ അച്ഛനൊപ്പവും വിവാഹിതയായ മകൾ മുത്തശ്ശിക്കൊപ്പവുമാണ് കഴിയുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറിമാറി താമസിച്ച് ഹോംനഴ്‌സായി ജോലിചെയ്തുവരുകയായിരുന്നു അമ്മ ഇതുവരെ. ഒക്ടോബർ 21-നാണ് ചിറ്റാരിക്കാൽ പോലീസ് തിരുവല്ലയിലെ ഒരു വീട്ടിൽനിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ 13 വർഷമായി കാണാത്ത അമ്മയെ കാണാൻ രണ്ടുമക്കളും കോടതിയിലെത്തുകയായിരുന്നു. പരാതി നൽകിയ മകൻ, കേസ് തുടരാൻ താത്‌പര്യമില്ലെന്ന് കോടതിയെ അറിയിച്ചു. സത്യവാങ്മൂലവും സമർപ്പിച്ചു. ഇത് കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിച്ചു. ഇതിനുശേഷം മക്കളോടൊപ്പം രണ്ടുദിവസം ചെലവിട്ട് തിരുവല്ലയിലെ ജോലിസ്ഥലത്തേക്ക് മടങ്ങി. തന്റെ പരിചരണത്തിലുള്ള വ്യക്തിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കോടതി നടപടികൾ പൂർത്തിയാക്കി മടങ്ങിവരാമെന്ന് ഉറപ്പുനൽകിയാണ് പോയത്. മക്കൾ രണ്ടുപേരും വിവാഹിതരാണ്, അമ്മ തങ്ങളുടെകൂടെ വരണമെന്നാണ് ഇരുവരുടെയും ആഗ്രഹം. അച്ഛൻ പറഞ്ഞിട്ടാണ് അന്ന് പരാതി നൽകിയതെന്ന് മകൻ പറഞ്ഞതായി പോലീസും വ്യക്തമാക്കി.