ഒരു വസ്ത്രത്തിന്റെ പുറമേയുള്ള ആകര്‍ഷകത്വവും അത് ദൈനംദിന ജീവിതത്തില്‍ നല്കുന്ന പ്രായോഗിക ഉപയോഗവും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഈ ചെറിയ ലേബല്‍.

ഒരു വസ്ത്രം വാങ്ങി ശരീരത്തിൽ അണിയുമ്പോൾ, നമ്മൾ പലപ്പോഴും ശ്രദ്ധിക്കുന്നത് അതിന്റെ നിറം, ഡിസൈൻ, അല്ലെങ്കിൽ ജനപ്രിയ ബ്രാൻഡ് നെയിം എന്നിവ മാത്രമാണ്. എന്നാൽ, ആ വസ്ത്രത്തിന്റെ യഥാർത്ഥ സ്വഭാവവും ആയുസ്സും നിർണ്ണയിക്കുന്ന ഏറ്റവും നിർണായകമായ ഒന്നുണ്ട്. വസ്ത്രത്തിന്റെ ഉള്ളറകളിൽ തുന്നിച്ചേർത്ത ഗാർമെന്റ് ലേബൽ. നമ്മളെ വസ്ത്രം വാങ്ങാൻ പ്രേരിപ്പിക്കുന്നത് അതിന്റെ പുറംമോടിയാണെങ്കിൽ, വാങ്ങിയ വസ്ത്രത്തെ ദീർഘകാലം കേടുപാടുകൾ കൂടാതെ സംരക്ഷിക്കുന്നത് ഈ ലേബലിൽ കുറിച്ചിരിക്കുന്ന വിവരങ്ങളാണ്.
ഫാബ്രിക് കോമ്പോസിഷൻ
ഒരു വസ്ത്രത്തിന്റെ ടാഗിലോ ലേബലിലോ ഏറ്റവും പ്രാഥമികമായി നമ്മൾ നോക്കേണ്ടത് അതിന്റെ 'ടെക്‌സ്‌റ്റൈൽ മേക്കപ്പ്' അല്ലെങ്കിൽ തുണിയുടെ ഘടനയാണ്. 100 ശതമാനം ശുദ്ധമായ കോട്ടൺ, കോട്ടൺ ബ്ലെൻഡ്, സിന്തറ്റിക് അല്ലെങ്കിൽ കൃത്രിമ നൂലുകൾ ഉപയോഗിച്ച് നിർമിച്ച തുണിത്തരങ്ങൾ എന്നിവ തമ്മിൽ വ്യക്തമായ വ്യത്യാസങ്ങളുണ്ട്.'ഒരു വസ്ത്രം നിർമ്മിച്ചിരിക്കുന്നത് ഏത് തരം നൂലുകൾ ഉപയോഗിച്ചാണെന്ന് അതിന്റെ ലേബൽ വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. നിങ്ങൾ അണിയുന്ന വസ്ത്രം ചർമത്തിൽ തട്ടുമ്പോൾ നൽകുന്ന സുഖം, അലക്കുമ്പോൾ അത് ഉരഞ്ഞുപോകാനുള്ള സാധ്യത, അതുപോലെ അതിന് ആവശ്യമായ പരിചരണം എത്രത്തോളമാണ് എന്നതെല്ലാം ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇരിക്കുന്നത്. അതുകൊണ്ട് തന്നെ, ഒരു വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ഫാബ്രിക് കോമ്പോസിഷൻ മനസ്സിലാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.'
ശുദ്ധമായ കോട്ടൺ വസ്ത്രങ്ങൾ വേനൽക്കാലത്ത് ശരീരത്തിന് കുളിർമ നൽകുമെങ്കിലും അവ പെട്ടെന്ന് ചുളിയാനും കഴുകുമ്പോൾ ചുരുങ്ങാനും സാധ്യതയുണ്ട്. എന്നാൽ സിന്തറ്റിക് നൂലുകൾ ചേർത്ത വസ്ത്രങ്ങൾ പെട്ടെന്ന് ചുളിയുകയില്ലെങ്കിലും അവ വായുസഞ്ചാരം കുറഞ്ഞവയായിരിക്കും. ഈ വിവരങ്ങൾ മുൻകൂട്ടി അറിയുന്നത് ഉപഭോക്താവിന് സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് ശരിയായ വസ്ത്രം തിരഞ്ഞെടുക്കാൻ സഹായിക്കുന്നു.
തുണിയുടെ ആയുസ്സ് നീട്ടിനൽകുന്ന വാഷ്-കെയർ നിർദ്ദേശങ്ങൾ
വസ്ത്രങ്ങൾ വാങ്ങിയ ശേഷം പലരും വരുത്തുന്ന പ്രധാന വീഴ്ച അവ കഴുകുന്നതിലും ഉണക്കുന്നതിലും കാട്ടുന്ന അശ്രദ്ധയാണ്. വാഷ്-കെയർ ഗൈഡ്ലൈനുകൾ വസ്ത്രങ്ങളുടെ സംരക്ഷണത്തിൽ നിർണായക പങ്കുവഹിക്കുന്നു. വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ കഴുകാമോ അതോ കൈകൊണ്ട് മാത്രം കഴുകേണ്ടതാണോ, അലക്കുമ്പോൾ ഉപയോഗിക്കേണ്ട വെള്ളത്തിന്റെ താപനില എത്രയായിരിക്കണം, തുണി വെയിലത്താണോ അതോ തണലത്താണോ ഉണക്കേണ്ടത്, അതിൽ പ്രയോഗിക്കാവുന്ന അയൺ അല്ലെങ്കിൽ താപനിലയുടെ അളവ് എത്രത്തോളമാണ് എന്നതെല്ലാം ലേബലുകൾ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. തെറ്റായ കഴുകൽ രീതിയോ പരിചരണമോ ഉപയോഗിച്ചാൽ വസ്ത്രത്തിന്റെ തുണി പൂർണ്ണമായി നശിച്ചുപോകാൻ സാധ്യതയുണ്ട്. ഒരു വസ്ത്രം വാങ്ങുമ്പോൾ അത് വളരെ മനോഹരമായി തോന്നാം. എന്നാൽ അത് എത്രത്തോളം കാലം ആ ഭംഗിയോടെ നിലനിൽക്കും എന്നത് നിങ്ങൾ അതിന് നൽകുന്ന പരിചരണത്തെ മാത്രം ആശ്രയിച്ചാണ് ഇരിക്കുന്നത്.
ലേബലുകളിലെ വാഷ്-കെയർ സൂചനകൾ പാലിക്കാതിരുന്നാൽ
വസ്ത്രത്തിന്റെ പ്രതലത്തിലെ മിനുസവും ഘടനയും നഷ്ടപ്പെടുന്നു.
തുണിയുടെ നിറം മങ്ങുകയോ മാറ്റം വരികയോ ചെയ്യുന്നു.
വസ്ത്രത്തിന്റെ യഥാർത്ഥ അളവും ആകൃതിയും മാറിപ്പോകുന്നു.
വസ്ത്രത്തിന്റെ ആയുസ്സ് കുറയുന്നു.
ഫാബ്രിക് കോമ്പോസിഷനും വാഷ്-കെയർ നിർദ്ദേശങ്ങൾക്കും പുറമെ, ഒരു ഗാർമെന്റ് ലേബലിൽ വസ്ത്രത്തിന്റെ ഉത്ഭവസ്ഥാനം, നിർമാതാക്കളുടെ വിവരങ്ങൾ, കൃത്യമായ അളവുകൾ എന്നിവയും രേഖപ്പെടുത്തിയിരിക്കും. ഒരു ബ്രാൻഡ് എത്രത്തോളം സുതാര്യത പുലർത്തുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ വിവരങ്ങൾ. ഭൂരിഭാഗം ആളുകളും ഒരു വസ്ത്രത്തിന്റെ ഡിസൈൻ, നിറം, ഘടന, പുറമേയുള്ള ഭംഗി എന്നിവ മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. എന്നാൽ ആ ദൃശ്യഭംഗിക്ക് പിന്നിൽ എന്താണ് ഒളിഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ലേബലുകൾ സഹായിക്കുന്നു. ഒരു വസ്ത്രത്തിന്റെ പുറമേയുള്ള ആകർഷകത്വവും അത് ദൈനംദിന ജീവിതത്തിൽ നൽകുന്ന പ്രായോഗിക ഉപയോഗവും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഈ ചെറിയ ലേബൽ.
Content Highlights: Learn how clothing labels reveal fabric composition and care instructions, ensuring longevity and comfort for your garments. Essential insights for informed clothing choices.
Published: 26 Oct 2026, 11:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented