ഴകളവുകൾക്കപ്പുറത്ത് ലോകസുന്ദരി മത്സരം ചർച്ച ചെയ്യപ്പെട്ട വർഷമായിരുന്നു ഇത്. അതിന് കാരണമായത് ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്റും. വേൾഡ് ഡിസൈനർ അവാർഡ് വേദിയിൽ അണിഞ്ഞ് മിസ് വേൾഡ് ഉഗാണ്ട ട്രിവിയ എല്ലെ മുഹോസ ധരിച്ച സി-സെക്ഷൻ തീം ബെയ്‌സ്ഡ് ഗൗൺ ആയിരുന്നു ആ സ്റ്റേറ്റ്‌മെന്റ്. ലോകസുന്ദരിയെ തിരഞ്ഞെടുക്കുന്ന ആ വേദിയിൽ ആദ്യമായി മാതൃത്വത്തിന്റെ ത്യാഗവും സഹനവും അടയാളപ്പെടുത്തപ്പെട്ടു. സിസേറിയൻ ചെയ്യുന്നതിനായി മുറിച്ചുമാറുന്ന ചർമത്തിന്റെ ഏഴുപാളികളെ ഏഴുനിറങ്ങൾ കൊണ്ട് നെയ്‌തെടുത്ത ലെയേഴ്‌സ് ഓഫ് ലൈഫ് എന്ന് പേരിട്ട ഗൗണിന് പിന്നിലെ ഡിസൈനർ അപ്പോഴും കീഷ എന്ന ബ്രാൻഡിന് പിന്നിൽ മറഞ്ഞുനിന്നു, മുഷിറ റബാബ്. ഡിസൈനിങ് ഔപചാരികമായി പഠിക്കാത്ത മുഷിറയെ സംബന്ധിച്ചിടത്തോളം ലോകസുന്ദരി മത്സരത്തിന്റെ ഭാഗമായ വേൾഡ് ഡിസൈനർ വേദിയിൽ അവൾ രൂപകല്പന ചെയ്ത വസ്ത്രം, അവളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന സുന്ദരി അണിഞ്ഞതുതന്നെ അവിശ്വനീയം. ആ ഗൗണിനെയാണ് ലോകം വാഴ്ത്തുന്നത്. ഫാഷൻ ലോകമേറ്റെടുത്ത ഗൗണിലേക്ക് മുഷിറയെ നയിച്ചത് അനുഭവങ്ങളാണ്.. കൊട്ടിഘോഷിക്കപ്പെടുന്ന സൗന്ദര്യ സങ്കല്പങ്ങൾക്കപ്പുറത്ത് സ്ത്രീശരീരം എത്രമാത്രം കരുത്തുറ്റതാണെന്ന് മാതൃത്വമാണ് അവളെ പഠിപ്പിച്ചത്. അതവൾ തനിക്കറിയാവുന്ന ഭാഷയിൽ ലോകത്തോട് പറഞ്ഞു. ലോകം അതേറ്റെടുത്തു. ആ യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് മുഷിറ.

To advertise here,

മാതൃത്വത്തിന്റെ ത്യാഗവും സഹനവും അടയാളപ്പെടുത്തിയ, ലെയേഴ്‌സ് ഓഫ് ലൈഫ് എന്ന പേരിലുള്ള ഗൗൺ അണിഞ്ഞാണ് മിസ് വേൾഡിന്റെ ഭാഗമായുള്ള വേൾഡ് ഡിസൈനേഴ്‌സ് പുരസ്‌കാരവേദിയിൽ മിസ് ഉഗാണ്ട ക്യാറ്റ് വാക്ക് ചെയ്തത്. വൈകാതെ ആ വസ്ത്രത്തെ ലോകമേറ്റെടുത്തു.. ആ ഗൗണിന്റെ രൂപകല്പനയ്ക്ക് പിന്നിലെ കഥയും ഡിസൈനറും ചർച്ചയായി. കീഷ എന്ന ബ്രാൻഡിന് പിന്നിലെ വനിത ആരാണ്?

മുഷിറ റബാബ് അബ്ദുള്ള എന്നാണ് എന്റെ പേര്, ഊഗാണ്ടൻ കൗച്ചർ ബ്രാൻഡായ കീഷയുടെ സി.ഇ.ഒ.യാണ്. ഫാഷൻ ഡിസൈനിങ്ങ് സ്വയം പഠിച്ചതാണ്. ഫാഷനിലൂടെ കഥകൾ പറയുന്നതിൽ എനിക്ക് എപ്പോഴും താൽപ്പര്യമുണ്ടായിരുന്നു. വാക്കുകൾക്ക് ചിലപ്പോൾ പറയാൻ കഴിയാത്ത കാര്യങ്ങൾ വസ്ത്രങ്ങൾക്ക് ആശയവിനിമയം ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കുട്ടിക്കാലത്താണ് എന്റെ ആവിഷ്‌ക്കാരത്തിന്റെ ഭാഷ ഇതാണെന്ന് തിരിച്ചറിയുന്നത്. പാവകളുമായി കളിക്കാനും അവയ്ക്ക് ചെറിയ വസ്ത്രങ്ങൾ ഉണ്ടാക്കാനും എനിക്ക് ഇഷ്ടമായിരുന്നു. കാലക്രമേണ, വസ്ത്രങ്ങൾ നിർമ്മിക്കുന്നത് എന്റെ സർഗ്ഗാത്മകതയും ആശയങ്ങളും സ്വാഭാവികമായി പ്രകടിപ്പിക്കുന്ന വഴിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഒരു സി-സെക്ഷനെ ഗൗണാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള ചിന്തകൾ എപ്പോഴാണ് ഉരുത്തിരിയിരുന്നത്?

ഒരു കോഫി ഷോപ്പിൽ നിന്നാണ് സത്യത്തിൽ ഇതിന്റെ തുടക്കം. ഉഗാണ്ടയിലെ അമ്മമാരാകുന്ന സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും സ്ത്രീകൾ കടന്നുപോകുന്ന അനുഭവങ്ങളെയും കുറിച്ച് ചിന്തിക്കുന്നതിനിടയിലാണ് ഇത്തരത്തിൽ ഓരാശയം മനസ്സിൽ രൂപപ്പെടുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്ന് എങ്ങനെ ഫാഷനിലേക്ക് വിവർത്തനം ചെയ്യാം എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി, അങ്ങനെ ആ ആശയം പതുക്കെ എന്നിലേക്ക് വന്നു. ഇത് സ്ത്രീകൾ ജീവിച്ചുതീർക്കുന്ന യഥാർത്ഥ കഥകളാണ്. ഫാഷൻ എന്നത് സൗന്ദര്യത്തെക്കുറിച്ച് മാത്രമുള്ളതല്ലെന്ന് കാണിക്കാൻ ഞാൻ ആഗ്രഹിച്ചു. അതേക്കുറിച്ച് സംസാരിച്ച് തുടങ്ങാനും ബോധവൽക്കരണം നടത്താനും തീരുമാനിച്ചു. പലപ്പോഴും അവഗണിക്കപ്പെടുന്ന കഥകൾക്ക് ഫാഷനിലൂടെ ഒരു ഉൾക്കാഴ്ച നൽകാൻ കഴിയും.

സ്ത്രീ ശരീരം എത്രമാത്രം കഴിവുള്ളതും ശക്തവുമാണെന്ന് മാതൃത്വമാണ് എനിക്ക് മനസ്സിലാക്കി തന്നത്. ഒരു സ്ത്രീയുടെ ശരീരത്തിന് സഹിക്കാനും സൃഷ്ടിക്കാനും കഴിയുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും കൂടുതൽ ആഴത്തിലുള്ള മതിപ്പ് എനിക്ക് നൽകി. ഞാൻ സി-സെക്ഷനിലൂടെ കടന്നുപോയിട്ടില്ല. പക്ഷെ, സി-സെക്ഷനിലൂടെ കടന്നുപോയ പല സ്ത്രീകളെയും എനിക്ക് അറിയാമായിരുന്നു. അവരുടെ അനുഭവങ്ങൾ കേൾക്കുകയും അവർ അനുഭവിച്ചറിഞ്ഞത് കാണുകയും ചെയ്തതാണ്് എനിക്ക് പ്രചോദനമായത്.

സത്യത്തിൽ തൊലിപ്പുറമേ ഉള്ള സൗന്ദര്യത്തെ ആഘോഷിക്കുന്ന മേഖലയാണ് ഫാഷൻ എന്ന് തോന്നിയിട്ടുണ്ട്, താങ്കൾ തിരഞ്ഞെടുത്തത് അക്ഷരാർഥത്തിൽ അതിന് നേർവിപരീതവും? സി-സെക്ഷനെ തുടർന്നുണ്ടാകുന്ന മുറിവിന്റെ പാടുകൾ സ്ത്രീകളെ സമ്മർദത്തിലാക്കാറുണ്ട്. തൊലിപ്പുറത്തെ സൗന്ദര്യകാഴ്ചകളെ മാറ്റിയെഴുതാൻ ആഗ്രഹിച്ചിരുന്നോ?

ഉവ്വ്, കാരണം ഒരു സ്ത്രീയുടെ ഏറ്റവും ശക്തമായ നാം കാണാത്ത ഭാഗങ്ങളുണ്ട്. ചർമത്തിന് താഴെ സംഭവിക്കുന്ന കാര്യങ്ങളും അത് പ്രതിനിധീകരിക്കുന്ന ശക്തിയും ആഘോഷിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. മുറിവിന്റെ പാടുകളെ ഓർത്ത് ലജ്ജിക്കേണ്ടതിന് പകരം ആ പാട് കരുത്തിന്റ പ്രതിനിധീകരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ഒരു സ്ത്രീ അതിജീവിച്ചതിന്റെയും സഹിച്ചതിന്റെയും നേടിയെടുത്തതിന്റെയും തെളിവാണിത്. സിസേറിയൻ കഴിഞ്ഞ ഒരു സ്ത്രീ ഈ ഗൗൺ കാണുമ്പോൾ അവൾക്ക് അംഗീകാരവും ബഹുമാനവും അഭിമാനവും തോന്നണം, ശസ്ത്രക്രിയ പാടിലേക്ക് നോക്കുമ്പോൾ അത് ഒളിപ്പിച്ചുവെക്കേണ്ട ഒന്നായിട്ടല്ല, മറിച്ച് ശക്തിയായിട്ടാണ് കാണേണ്ടതെന്ന് അവൾക്ക് തോന്നണം. അതാണ് ഞാൻ ആഗ്രഹിക്കുന്നത്.

പ്രസവത്തിനു ശേഷമുള്ള സ്ത്രീകളുടെ ശരീരത്തെ സമൂഹം വീക്ഷിക്കുന്ന രീതിയുണ്ട്. ഫാഷന് മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ?

ഉണ്ട്, ഫാഷന്റെ ശബ്ദം ശക്തമാണ്. കഥകൾ വ്യത്യസ്തമായി പറയാൻ ഞങ്ങൾ ഇത് ഉപയോഗിക്കുമ്പോൾ, നമുക്ക് ധാരണകളെ വെല്ലുവിളിക്കാനും സ്ത്രീകൾക്ക് അവരുടെ ശരീരത്തെ കൂടുതൽ അഭിമാനത്തോടും അനുകമ്പയോടും കൂടി കാണാൻ കഴിയും.

പക്ഷേ, സി-സെക്ഷൻ പോലുള്ള സംഗതി എങ്ങനെയാണ് ഇത്രമേൽ കാവ്യാത്മകമായ ഒന്നാക്കി മാറ്റിയത്? ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?

ഓരോ പാളിയെയും ഞാൻ വ്യത്യസ്തമായ ദൃശ്യതയിലേക്കും ഘടനയിലേക്കും സാങ്കേതികതയിലേക്കും പരിഭാഷപ്പെടുത്തി. വൈദ്യശാസ്ത്രപരമായുള്ള സങ്കീർണമായ ഒന്നിനെ മനോഹരവും വൈകാരികമായി അർത്ഥവത്തായതുമാക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യം. ആഴത്തിലുള്ള ശരീരപാളികളാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞത്, കാരണം കൗച്ചറിൽ നിന്ന് പ്രതീക്ഷിക്കുന്ന ചാരുതയും മൂവ്മെൻറും നിലനിർത്തിക്കൊണ്ടുതന്നെ ക്ലിനിക്കൽ ആയ സംഗതികളാണ് ഞാൻ വ്യാഖ്യാനിക്കേണ്ടി വന്നത്. റിസർച്ച്, ഡെവല്പ്പ്‌മെന്റ്, പാറ്റേൺ നിർമ്മാണം, ഡീറ്റെയ്‌ലിങ്, കൂടാതെ മണിക്കൂറുകൾ നീണ്ട കൈകൊണ്ട് ചെയ്ത കരകൗശല ജോലികൾ ഉൾപ്പെടെ 50 ദിവസത്തെ അധ്വാനമാണ് ആ ഗൗൺ.

ഇങ്ങനെയൊരു ആശയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ എന്തായിരുന്നു മിസ് ഉഗാണ്ടയുടെ പ്രതികരണം?

വലിയ സന്തോഷത്തിലായിരുന്നു. ഗാർഹിക പീഡനത്തിനെതിരെ ശബ്ദമുയർത്തുന്ന വ്യക്തിയെന്ന നിലയിൽ, സ്ത്രീകൾക്കും അവരുടെ കഥകൾക്കും ശബ്ദം നൽകേണ്ടതിന്റെ പ്രാധാന്യം അവൾക്കറിയാം. അവൾ വളരെ മനോഹരമായാണ് അത് കൈകാര്യം ചെയ്തതും ക്യാരി ചെയ്തതും.

മിസ് വേൾഡിന്റെ ഭാഗമായ വേൾഡ് ഡിസൈനേഴ്‌സിന്റെ വേദിയിലാണ് ഫാഷൻ ഡിസൈനിങ് പഠിക്കാത്ത ഒരാൾ ഡിസൈൻ ചെയ്ത ഗൗൺ അണിഞ്ഞ് ഒരു സുന്ദരി നടന്നത്. എന്തായിരുന്നു ആ നിമിഷം മനസ്സിൽ?

അവിശ്വനീയമായിരുന്നു, വളരെയധികം വൈകാരികമായ ഒരു നിമിഷം. എന്റെ ആദ്യത്തെ അന്താരാഷ്ട്ര ഗൗൺ ആണ്. അതിനാൽ അത്രയും വലിയ ഒരു വേദിയിലൂടെ ആ വസ്ത്രം ഇങ്ങനെ നടന്നുനീങ്ങുന്നത് കാണുന്നത് തന്നെ മറക്കാനാവാത്ത നിമിഷമായിരുന്നു..ഉഗാണ്ടയിൽ വേരുകളുള്ള ഒരു കഥയെ ലോകം കേൾക്കാൻ തയ്യാറായി, ഇങ്ങനെയൊരു ചർച്ച തുടങ്ങാൻ ഫാഷൻ എനിക്കൊരു വേദി നൽകി. അതിൽ എനിക്ക് വളരെയധികം നന്ദിയുണ്ട്. പിന്നെ ഉഗാണ്ടൻ ഡിസൈനർമാർക്ക് ആഗോളവേദിയിൽ ഒരു സ്ഥാനം ലഭിക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവിടെയുള്ള മികച്ച ഡിസൈനർമാർക്ക് ഇതിലൂടെ വാതിലുകൾ തുറക്കുമെന്നാണ് കരുതുന്നത്.

ലോക ഫാഷൻ വേദിയിൽ ആഫ്രിക്കൻ ഫാഷൻ ചർച്ചയായിരിക്കുകയാണ്..

ആഫ്രിക്കൻ ഡിസൈനിനോടുള്ള മതിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, ഇനിയും കണ്ടെത്താൻ ഒരുപാടുണ്ട്. ആഫ്രിക്ക എന്നത് വെറുമൊരു പ്രചോദന ഉറവിടമല്ല; സ്വന്തം കഥകളും സാങ്കേതികതകളും കാഴ്ചപ്പാടുകളും ഉള്ള സ്രഷ്ടാക്കളാണ് ഞങ്ങൾ.

കരിയറിൽ ഒരിക്കലെങ്കിലും സ്വയം സംശയിച്ച നിമിഷമുണ്ടോ?

തീർച്ചയായും. സർവ്വകലാശാലയിൽ പോകാതെ സ്വയം ഫാഷൻ പഠിക്കുന്നതിനായി തീരുമാനമെടുത്തപ്പോൾ എനിക്ക് ഭയമുണ്ടായിരുന്നു. ഈ യാത്രയിൽ വിജയിക്കുമോ എന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു, പക്ഷെ പിന്നീട്, ഞാൻ എന്നെത്തന്നെ വിശ്വസിക്കാൻ തീരുമാനിച്ചു. ഉഗാണ്ടയിലെ സീഡ് ഫാഷൻ മത്സരത്തിൽ വിജയിച്ചത് എനിക്ക് വലിയൊരു വഴിത്തിരിവായിരുന്നു. അത് എനിക്ക് ആത്മവിശ്വാസം നൽകി. എന്റെ കഴിവ് ഉപയോഗിച്ച് എനിക്ക് എന്തെങ്കിലും ചെയ്യാനാകും എന്ന് എനിക്കുറപ്പായത് അപ്പോഴാണ്.

മുഷിറയുടെ മകൾ ഈ ഗൗണിനെക്കുറിച്ച് വന്ന വാർത്തകളെല്ലാം വായിക്കുന്ന ഒരു ദിവസമുണ്ടാകുമല്ലോ… അന്ന് അവൾ അമ്മയെക്കുറിച്ച് എന്ത് മനസ്സിലാക്കണമെന്നാണ് മുഷിറ ആഗ്രഹിക്കുന്നത്?

അമ്മ കഥകൾ പറയാൻ ഭയപ്പെട്ടിരുന്നില്ലെന്ന് അവൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് നമ്മുടെ സമൂഹം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കഥകൾ. സ്വന്തം കഥയെക്കുറിച്ച് സംസാരിക്കാനോ മറ്റൊരാളുടെ കഥയ്ക്ക് ശബ്ദം നൽകാനോ ഒരിക്കലും ഭയപ്പെടരുതെന്ന് അവൾ എന്നിലൂടെ അറിയണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മാതൃത്വം എന്നെ കൂടുതൽ അനുകമ്പയുള്ളവളാക്കി, എന്നാൽ അത് എന്നെ കൂടുതൽ നിശ്ചയദാർഢ്യമുള്ളവളാക്കുകയും ചെയ്തു. എന്റെ മകൾ ഭയമില്ലാതെ അവളുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്ന അമ്മയെ കണ്ടുവളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

ലെയേഴ്‌സ് ഓഫ് ലൈഫ് എന്നാണ് ഈ ഗൗണിന് താങ്കളിട്ട പേര്. മുഷിറയുടെ ജീവിതത്തിലെ ലോകം കാണാത്ത ലെയറുകൾ എന്തൊക്കെയാണ്?

ലോകം ഡിസൈനറെയാണ് കാണുന്നത്, എന്നാൽ അതിനു പിന്നിൽ സംശയങ്ങൾ തോന്നിയിട്ടുള്ള, റിസ്‌കെടുത്തിട്ടുള്ള, അമ്മയായി മാറിയിട്ടുള്ള, നിരന്തരം തന്നെത്തന്നെ വിശ്വസിക്കാൻ തീരുമാനിച്ച ഒരു സ്ത്രീയുണ്ട്. എന്നെ രൂപപ്പെടുത്തിയ പാളികൾ അവയാണ്.