
'കുട്ടികളിലേക്ക് ഇംഗ്ലീഷ് പഠന പരിപാടി എത്തിക്കുക എന്നതാണ് എന്റെ ബ്യൂട്ടി വിത്ത് എ പർപ്പസ്. അവസരങ്ങളുടെ വലിയ വാതിൽ ആ ഭാഷ അറിയുന്നതിലൂടെ അവർക്ക് മുന്നിൽ തുറക്കും. മിസ് വേൾഡ് മത്സരത്തിന്റെ ഭാഗമായ ബ്യൂട്ടി വിത് എ പർപസിലൂടെ എന്തുമാറ്റമാണ് വരുത്താൻ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് ജോഹെയ്റി മോള നൽകിയ ഉത്തരം ഇങ്ങനെയാണ്. ഒരുപക്ഷെ, ലോക സുന്ദരി കിരീടത്തിലേക്കുള്ള അവരുടെ ദൂരം കുറച്ച ഉത്തരം.
സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലൂടെ മിസ് വേൾഡ് വേദിയിൽ ശ്രദ്ധ നേടിയ മത്സരാർഥിയാണ് 24കാരിയായ ജോഹെയ്റി മോള. മോഡലിങ് കരിയറിന് പുറമേ വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ ജോഹെയ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട്. യുഎസ്എയിൽ നിന്നുള്ള കെനിഷ വാലൻസുവേലയെ പിന്തള്ളിയാണ് ജോഹെയ്റി ലോകസുന്ദരിപ്പട്ടത്തിന് അർഹയായത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ ലോകസുന്ദരിയാണ് ഇവർ. ഇതിന് മുൻപ് ഡോമനിക്കൻ റിപ്പബ്ലിക് ലോക സുന്ദരി കിരീട നേട്ടം സ്വന്തമാക്കിയത് 1982-ലാണ്.
മസ് വേൾഡ് ഓർഗനൈസേഷന്റെ റിപ്പോർട്ട് അനുസരിച്ച് സാന്റോ ഡോമിംഗോയിൽ നിന്നുള്ള മോഡലായ ജോഹെയ്റി മോല, ബിസിനസ്സ് മാനേജ്മെന്റിലും അഡ്മിനിസ്‌ട്രേഷനിലും ബിരുദം നേടിയിട്ടുണ്ട്. സാമൂഹിക ശാസ്ത്ര അധ്യാപികയായ ജോഹെയ്‌റി കുട്ടികളെയും യുവാക്കളെയും പിന്തുണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'വോയ്സസ് ഓഫ് ടുമോറോ' എന്ന സാമൂഹിക സംരംഭത്തിന് നേതൃത്വം നൽകുന്നു. കുട്ടികളുടെ ആത്മവിശ്വാസം വളർത്തിയെടുക്കാനും കഴിവുകൾ വികസിപ്പിക്കാനും ഭാവിയിലെ അവസരങ്ങളെയും ആഗോള വെല്ലുവിളികളെയും നേരിടാൻ തയ്യാറെടുക്കാനും അവരെ അവർ സഹായിക്കുന്നു.
'നമ്മുടെ കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം വളരെധികം കാര്യങ്ങൾ അർഹിക്കുന്നുണ്ട് എന്ന വിശ്വാസത്തിലാണ് ഈ പദ്ധതി അധിഷ്ഠിതമായിരിക്കുന്നത്. ഉൾപ്പെടുത്തലും ആത്മവിശ്വാസവും ഭാവിയിലേക്കുള്ള ശക്തമായ അടിത്തറയും കെട്ടിപ്പടുക്കുന്നതിനുള്ള അവസരങ്ങൾ അവർ അർഹിക്കുന്നു,' ജോഹെയ്‌റി പറയുന്നു. മുൻ ലോകസുന്ദരി ഒപാൽ സുചതയാണ് തന്റെ പിൻഗാമിയായ ജോഹെയ്‌റിയെ കിരീടം അണിയിച്ചത്.
നികിത പോർവാളിന്റെ യാത്ര ടോപ്പ് 40-ൽ അവസാനിച്ചു
ഫെമിന മിസ് ഇന്ത്യ 2024 കിരീടം സ്വന്തമാക്കിയ നികിത പോർവാൾ വലിയ പ്രതീക്ഷകളുമായാണ് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്തത്. മധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയായ നികിത, തന്റെ സാംസ്‌കാരിക പാരമ്പര്യവും സാമൂഹിക പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന പ്രകടനങ്ങളിലൂടെ മത്സരത്തിന്റെ പല ഘട്ടങ്ങളിലും ശ്രദ്ധ ആകർഷിച്ചിരുന്നു.
'ബ്യൂട്ടി വിത്ത് എ പർപ്പസ്' എന്ന വിഭാഗത്തിൽ വന്യജീവി സംരക്ഷണത്തെക്കുറിച്ച് നികിത അവതരിപ്പിച്ച പദ്ധതി വലിയ പ്രശംസ പിടിച്ചുപറ്റി. എങ്കിലും, മിസ് വേൾഡ് കിരീടം സ്വന്തമാക്കുന്ന എഴാമത്തെ ഇന്ത്യൻ സുന്ദരി എന്ന ഖ്യാതിയിലേക്ക് എത്താൻ നികിതയ്ക്ക് സാധിച്ചില്ല. മിസ് വേൾഡ് 2026-ൽ ഇന്ത്യയുടെ നികിത പോർവാൾ ആദ്യ 40-ൽ ഇടം നേടിയെങ്കിലും ആദ്യ 20-ലേക്ക് മുന്നേറുന്നതിൽ പരാജയപ്പെട്ടു.'നികിത, ലോകത്തിലെ ഏറ്റവും വലിയ വേദികളിലൊന്നിൽ നിങ്ങൾ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ചു. നിങ്ങൾ സമ്മാനിച്ച ഓരോ നിമിഷത്തിനും, സന്തോഷത്തിനും ഞങ്ങളെ മനോഹരമായി പ്രതിനിധീകരിച്ചതിനും നന്ദി. ഇന്ത്യ നിങ്ങളിൽ അഭിമാനിക്കുന്നു.' എന്ന കുറിപ്പോടെയാണ് മിസ് ഇന്ത്യ ഓർഗനൈസേഷൻ നികിതയ്ക്ക് ആശംസ അർപ്പിച്ചത്.
ഇന്ത്യയിൽ നിന്ന് അവസാനമായി മിസ് വേൾഡ് കിരീടം നേടിയത് 2017-ൽ മാനുഷി ചില്ലർ ആയിരുന്നു.
Content Highlights: Focuses on teaching English to children in vulnerable communities., Highlights English as a crucial tool that opens doors to new life opportunities., Emphasizes the power of communication for personal expression and achieving purpose.
Published: 06 Sept 2026, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented