
ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ശാസ്ത്രീയ നൃത്തരൂപമായ കഥക്കിനെ മലയാളിക്ക് സുപരിചിതമാക്കുകയാണ് ശരണ്യ സഹസ്ര എന്ന കലാകാരി. കഥക്ക് എന്ന കലാരൂപത്തിന്റെ വളര്‍ച്ചക്കും പരിപോഷണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച പെണ്‍കുട്ടി. ഇരിങ്ങാലക്കുട വെള്ളാങ്കല്ലുര്‍ സ്വദേശിനി. ഇപ്പോള്‍ നൃത്തരാജനായ നടരാജന്റെ തട്ടകത്തില്‍ സാക്ഷാല്‍ തൃശ്ശിവപേരൂരില്‍ വടക്കുനാഥക്ഷേത്രത്തിന് അരികിലായി താമസിക്കുന്നു.
ശരണ്യയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഗുരുക്കന്‍മാരുടെ അനുഗ്രഹവും ദൈവനിയോഗവുമാണ് എന്നെ നടത്തുന്നത്. എന്റെ വഴി നിശ്ചയിക്കുന്നത് ഈശ്വരനാണ്.' അതെ, നൂറിലധികം കുട്ടികള്‍ മൂന്നിടങ്ങളിലായി കഥക്ക് നൃത്തം അഭ്യസിക്കുന്ന 'സഹസ്ര' എന്ന നൃത്തവിദ്യാലയത്തിന്റെ സാരഥികൂടിയായ ശരണ്യ ഇതു പറയുമ്പോള്‍ നാളിതുവരെ പിന്നിട്ട നൃത്തവഴികള്‍ അത് സാക്ഷ്യപ്പെടുത്തുന്നു.
മൂന്നാം വയസ്സില്‍ നൃത്തപഠനം ആരംഭിച്ച പെണ്‍കുട്ടി ആദ്യം ഭരതനാട്യവും പിന്നെ മോഹിനിയാട്ടവും പഠിച്ച് അതില്‍ കഴിവു തെളിയിച്ചു മുന്നേറുന്ന കാലഘട്ടത്തില്‍ അവിചാരിതമായി കഥക്ക് എന്ന നൃത്ത രൂപത്തിന്റെ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ഇടവന്നത് ഈ രംഗത്ത് മലയാളത്തില്‍ നിന്ന് വലിയൊരു കലാകാരിയുടെ തുടക്കമായി. ഉത്തരേന്ത്യയിലെ കഥക്കിന്റെ മഹാപ്രതിഭകള്‍ ഗുരുനാഥന്‍മാരായി എത്തുകകൂടി ചെയ്തതോടെ തന്റെ വഴിയും ലക്ഷ്യവും കഥക്കാണെന്നു തിരിച്ചറിഞ്ഞ കലാകാരി ഇന്ന് കേരളത്തില്‍ നിന്നുള്ള കഥക്ക് നൃത്തരംഗത്ത് പകരംവെക്കാനില്ലാത്ത പ്രതിഭാ വിശേഷമാണ്.ലോകഭൂപടത്തില്‍ കഥക്കിനെ അടയാളപ്പെടുത്തിയ ബിര്‍ജു മഹാരാജ്, ഉമാശര്‍മ്മ, ഗോപീകൃഷ്ണന്‍, കുമുദിനി ലാഖിയ, ദയയന്തി ജോഷി തുടങ്ങിയവരുടെ ശ്രേണിയിലാണ് ഇപ്പോള്‍ ശരണ്യ സഹസ്ര എത്തിനില്‍ക്കുന്നത്.
മൂന്നാം വയസ്സില്‍ തുടങ്ങിയ പ്രയാണം
ജനിച്ചതും വളര്‍ന്നതും ദുബായിലായിരുന്നു. മൂന്നാം വയസ്സില്‍ അച്ഛനെന്നെ നൃത്തത്തിനു ചേര്‍ത്തു. സ്‌ക്കൂളില്‍ ചേര്‍ക്കുന്നതിനുമുമ്പേ എന്നെ നൃത്തത്തിനാണു ചേര്‍ത്തത്. അച്ഛന്‍ നല്ല പാട്ടുകാരനായിരുനു. വെള്ളാങ്കല്ലൂര്‍ ശങ്കര്‍ജി എന്നറിയപ്പെടുന്ന ശങ്കരനാരായണനായിരുന്നു അച്ഛന്‍. കലാമണ്ഡലം മാലതി ടീച്ചറായിരുന്നു ആദ്യ ഗുരു. പത്തു വയസ്സിനുള്ളില്‍ തന്നെ ദുബായില്‍ നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിരുന്നു. പന്ത്രണ്ടാം വയസിലാണ് നാട്ടിലെത്തുന്നത്. ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലും തൃശ്ശൂര്‍ കേരളവര്‍മയിലുമായിരുന്നു തുടര്‍പഠനം. ഇരിങ്ങാലക്കുടയില്‍ പ്രശസ്തമായ നടനകൈരളിയില്‍ മോഹിനിയാട്ട അധ്യാപിക നിര്‍മല പണിക്കരുടെ ശിഷ്യയായി പഠനം തുടര്‍ന്നു. ഒരു നര്‍ത്തകിയാകണമെന്നത് വലിയ മോഹമായിരുന്നു. അതിനാല്‍ തന്നെ പഠനത്തോടൊപ്പം കൊറിയോഗ്രാഫി, നൃത്തക്ലാസ്സ് എന്നിവയും നടത്തിയിരുന്നു. ഭരതനാട്യമായിരുന്നു ആദ്യം പഠിച്ചിരുന്നത്. നിര്‍മലപണിക്കരുടെ അടുത്തു ചെന്നപ്പോള്‍ അത് മോഹിനിയാട്ടമായി. അന്നൊന്നും ഒരിക്കലും കഥക്ക് നര്‍ത്തകിയാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.
കഥക്കിന്റെ വഴിയില്‍
ഡിഗ്രിക്കു പഠിക്കുമ്പോള്‍ പാര്‍ട്ട് ടൈം ആയിട്ട് ജോലി ചെയ്യുമ്പോഴാണ് ആ കമ്പനിയില്‍ തന്നെ ജോലി ചെയ്യുന്ന ജെസ്‌ലിനെ കണ്ടുമുട്ടുന്നത്. അത് പ്രണയമായി മാറുകയും 2013 ല്‍ അത് വിവാഹത്തിലെത്തുകയും ചെയ്തു. വീട്ടില്‍ അച്ഛന്‍ മാത്രമാണ് പിന്തുണച്ചത്. അമ്മയും സഹോദരന്‍മാരും അംഗീകരിച്ചിരുന്നില്ല. അതിനാല്‍ തന്നെ ജസ്‌ലിനോടൊപ്പം പേരേണ്ടി വന്നു. 2013 ല്‍ മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള പാര്‍വ്വതി ദത്തയുടെ നാലു ദിവസം നീളുന്ന ഒരു കഥക്ക് ശില്പശാല തൃശ്ശൂര്‍ സംഗീതനാടക അക്കാദമിയില്‍ നടന്നു. ജസ്‌ലിനാണ് അതില്‍ പങ്കെടുക്കണമെന്ന് പറഞ്ഞത്. ശില്പശാല കഴിഞ്ഞപ്പോള്‍ പാര്‍വ്വതി ദത്ത കഥക്ക് കൂടുതലായി പഠിക്കണമെന്നും അതിനായി ഔറംഗബാദിലേക്കു പോരാനും എന്നെ ക്ഷണിച്ചു. എന്നാല്‍ അതിനു സാധിച്ചില്ല. ജസ്‌ലിനോടൊപ്പം ദുബായിക്കു പോയി. അവിടെ വെച്ചു മകന്‍ ജനിച്ചു. എന്നാലും നൃത്തത്തെ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ദുബായിലെ തന്നെ ഒരു കേന്ദ്രത്തില്‍ കഥക്ക് പഠിപ്പിക്കുന്നുണ്ട് എന്ന് കണ്ടെത്തി അവിടെ ചെറിയ രീതിയില്‍ പരിശീലനം നടത്തിയിരുന്നു. പിന്നീട് 2016 ല്‍ തൃശ്ശൂരില്‍ തിരിച്ചെത്തി ചണ്ഡീഗഢ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രാചീന്‍ കലാകേന്ദ്രത്തിനു കീഴില്‍ കഥക്കില്‍ പ്രാരംഭിക്ക് ഭൂഷണ്‍ കോഴ്സിനു ചേര്‍ന്നു. രണ്ടു വ്രര്‍ഷം നീളുന്ന ജൂനിയര്‍ ഡിപ്ലോമ കോഴ്സാണിത്. മാസത്തില്‍ രണ്ടും മൂന്നും ദിവസം കല്‍ക്കട്ടയില്‍ നിന്ന് ഒരു അധ്യാപകന്‍ തൃശ്ശൂരില്‍ വന്ന് ക്ലാസെടുക്കുകയായിരുന്നു. അതിനു ശേഷം അതിന്റെ തന്നെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയായ ഭൂഷണു ചേര്‍ന്നു. മൂന്നു വര്‍ഷമാണ് ഇതിന്റെ കാലാവധി. ഇത് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് കോവിഡ് കാലമായത്. ഈ സമയം ഓണ്‍ലൈനായി യു.ജി.സി യുടെ കഥക്ക് കോഴ്സിനു ചേര്‍ന്നു. കല്‍ക്കട്ടാ യൂണിവേഴ്സിറ്റിയുടെ കീഴിലാണു പഠിച്ചത്.
വലിയ വഴിത്തിരിവ്
ഈ സമയത്താണ് ജീവിതത്തില്‍ തന്നെ വഴിത്തിരിവുണ്ടാക്കിയ സംഭവം ഉണ്ടായത്. 2019 ലാണത്. കഥക്കിന്റെ തന്നെ ഭാരതത്തിലെ ഏറ്റവും മികച്ച അധ്യാപിക എന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്വാശ്വതി സെന്നിന്റെ ക്ലാസ്സില്‍ പ്രവേശനം ലഭിച്ചു. കഥക്കിന്റെ ഇതിഹാസം സാക്ഷാല്‍ ബ്രിജു മഹാരാജിന്റെ അറ്റവും മുതിര്‍ന്ന ശിഷ്യകൂടിയാണ് ശ്വാശ്വതി സെന്‍. വലിയൊരു ഓഡിയേഷനു ശേഷമാണ് പ്രവേശനം ലഭിക്കുന്നത്. എന്റെ നൃത്തം. കൊറിയോഗ്രാഫി തുടങ്ങിയവയുടെ വീഡിയോ ഓഡിയേഷനുവേണ്ടി അയച്ചു കൊടുത്തിരുന്നു. ആദ്യമായാണ് ഒരു മലയാളിക്ക് അതിലേക്ക് പ്രവേശനം ലഭിക്കുന്നത്. എത്ര കാശു കൊടുത്താലും അതിലേക്കു പ്രവേശനം ലഭിക്കില്ല. നമ്മുടെ കഴിവു നോക്കി മാത്രമാണ് പ്രവേശനം നല്‍കുക. ഓണ്‍ലൈനായിട്ടായിരുന്നു ക്ലാസ്.
കഥക്ക് പഠനത്തിന്റെ തുടക്കത്തിലൊക്കെ ഞാന്‍ പഠിച്ചിരുന്ന ഭരതനാട്യത്തിന്റേയും മോഹിനിയാട്ടത്തിന്റേയുമൊക്കെ കലര്‍പ്പു കടന്നു വന്നിരുന്നു. അത് പൂര്‍ണമായും കളയുക എന്നതായിരുന്നു ആദ്യം ചെയ്തത്. അതിനാല്‍ അത്തരം നൃത്തങ്ങള്‍ കാണുന്നതു തന്നെ നിര്‍ത്തി. ചിന്തപോലും അതിലേക്കു പോകാതിരിക്കാന്‍ മനസിനെ പൂര്‍ണമായും കഥക്കിലേക്കു പാകപ്പെടുത്തി.
കഥക്കിലേക്കു തിരിയാന്‍ ഒരു കാരണം കൂടിയുണ്ടായിരുന്നു. നൃത്തപഠനത്തിനിടക്ക് കാല്‍മുട്ടിനുണ്ടായ വേദന വലിയ പ്രശ്നമായിരുന്നു. അരമണ്ഡലത്തിലൊക്കെ ഇരിക്കുക വലിയ പ്രശ്നമായിരുന്നു. നൃത്തം തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിവന്നു. ഓപ്പറേഷന്‍ വേണമെന്നു പറഞ്ഞു. എന്നാല്‍ ഓപ്പറേഷന്‍ ചെയ്താല്‍ നൃത്തം സുഗമമായി ചെയ്യാന്‍ ആവില്ല. വലിയ വിശ്രമം ആവശ്യമായി വരും. അതിനാല്‍ അത്തരം ഒരു നീക്കത്തിന് ഞാന്‍ തയ്യാറായിരുന്നില്ല. അന്നു ഞാന്‍ തിരിച്ചറിഞ്ഞു, ഇനി എനിക്ക് നൃത്ത ഇനത്തില്‍ ചെയ്യാന്‍ പറ്റുക കഥക്ക് മാത്രമാണെന്ന്. കാരണം കഥക്കില്‍ ശരീരഭാഷ എപ്പോഴും നേര്‍രേഖയിലായിരിക്കും. മുട്ടു മടക്കേണ്ട കാര്യം വരുന്നില്ല. ഇതിനിടയില്‍ മകള്‍ ജനിച്ചു. എന്നാല്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒമ്പതു മാസവും ഞാന്‍ ക്ലാസെടുത്തു.
ശ്വാശ്വതി സെന്നിന്റെ കീഴിലുള്ള പഠനം ഞാന്‍ ഇപ്പോഴും തുടരുന്നുണ്ട്. നാലു വര്‍ഷം പിന്നിട്ടു. ചെന്നെയിലും ഡല്‍ഹിയിലും ഒക്കെ പോയി നേരിട്ടു കണ്ടു. ഗുരു ശിഷ്യ പരമ്പരയിലാണ് പഠനം. ഗുരുജി ഡോ.പുരു ദധീജ് ആയിരുന്നു ഗുരു. ഇദ്ദേഹം ബ്രിജു മഹാരാജിന്റെ സമകാലികനാണ്.

സഹസ്രയിലേക്കുള്ള വരവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമക്ക് പഠിക്കുമ്പോള്‍ 2018-ലാണ് തൃശ്ശൂരില്‍ മുന്നു കുട്ടികളെ വെച്ച് സഹസ്ര എന്ന സ്ഥാപനം തുടങ്ങുന്നത്. ഇന്ന് തൃശ്ശൂര്‍, ഇരിങ്ങാലക്കുട, കോഴിക്കോട് എന്നീ സ്ഥലങ്ങളിലായി നൂറിലധികം കുട്ടികള്‍ സഹസ്രയില്‍ പഠിക്കുന്നുണ്ട്. 2020-ല്‍ ഇരിങ്ങാലക്കുടയില്‍ കഥക്കിന്റെ ലൈവ് ഷോ നടത്തി. കഥക്കിലെ ലക്നൗ ശൈലി (ഖരാന) യാണ് ഞാന്‍ പിന്തുടരുന്നത്. അത് കൂടുതലായും ക്ഷേത്ര പാരമ്പര്യം നിലനിര്‍ത്തിയാണ് ചെയ്യുന്നത്. മുഗര്‍ രാജാക്കന്‍മാരുടെ വരവോടെ കഥക്കില്‍ ധാരാളം കലര്‍പ്പുണ്ടായിട്ടുണ്ട്. എന്നാല്‍ അതിനു മുമ്പ് ഉണ്ടായിരുന്ന കഥക്കിന്റെ പ്രാചീന രീതിയാണ് ഗുരു-ശിഷ്യ പരമ്പര രീതിയില്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ കഥക്കിലെ എല്ലാ രീതിയും നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അതില്‍ നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. രണ്ടു ശൈലികളും ഞാന്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.
അപ്പൂപ്പന്റെ പേര് സഹസ്രാക്ഷന്‍ എന്നതില്‍ നിന്നാണ് തന്റെ സ്ഥാപനത്തിന് സഹസ്ര എന്ന പേരിട്ടത്. രാമായണത്തില്‍ ലവകുശന്‍മാരാണ് ആദ്യമായി ഗ്രാമഗ്രാമാന്തരങ്ങളില്‍ നടന്ന് കഥപറയുന്ന സമ്പ്രദായം തുടങ്ങിയത്. വാത്മീകിയുടെ രാമായണ കഥയാണ് ഇവര്‍ പറഞ്ഞത്. ഒരുപക്ഷെ കഥക്കിന്റെയൊക്കെ ആദി രൂപങ്ങള്‍ ഉണ്ടായത് ഇതില്‍ നിന്നാവാം എന്നു കരുതുന്നു.
കഥക്കിനു ശരണ്യയുടെ സംഭാവന
കേരളത്തില്‍ നിന്നു നിരവധി കഥക്ക് നര്‍ത്തകരെ സൃഷ്ടിക്കാന്‍ എനിക്കു കഴിഞ്ഞു. മാത്രമല്ല ശാശ്വതി സെന്‍, ഗുരുജി തുടങ്ങിയവരെയൊക്കെ മലയാളത്തിന്റെ മണ്ണില്‍ കൊണ്ടുവന്ന് കഥക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്‍പ്പെടെ കഥക്ക് നൃത്തം അവതരിപ്പിച്ചു. കൂടാതെ 2021 ല്‍ കഥക്കിന്റെ മാത്രമായി ഒരു അവതരണം നടത്തി. നൃത്തപ്രിയ എന്ന പേരില്‍ രണ്ടു മണിക്കൂര്‍ മീണ്ടു നില്‍ക്കുന്ന ആ പരിപാടിയില്‍ സഹസ്രയിലെ അഞ്ച് കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ഓരോന്നും വിശദീകരിച്ചാണ് അവതരിപ്പിച്ചത്. അഞ്ചു ലക്ഷം രൂപയോളം ചിലവഴിച്ചാണ് നൃത്തപ്രിയ അവതരിപ്പിച്ചത്. കഥക്ക് എന്താണെന്ന് അറിയിക്കുകയായിരുന്നു ലക്ഷ്യം. ഗുരുജിയുടെ ശിവതാണ്ഡവ സ്തുതിയായിരുന്നു അവതരണത്തിലെ പ്രധാനം.
2022 ല്‍ സഹസ്രയില്‍ പഠിക്കുന്ന 25 കുട്ടികളെ ഉള്‍പ്പെടുത്തി തൃശ്ശൂരില്‍ കഥക്ക് ഫെസ്റ്റിവല്‍ നടത്തി. വലിയ ജനപങ്കാളിത്തമായിരുന്നു അതിലുണ്ടായത്. ആ വര്‍ഷം തന്നെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വന്ദേഹം രാമാനുജം എന്ന പേരില്‍ ഗുരുജിയെകൂടി ഉള്‍പ്പെടുത്തി വടക്കേ ഇന്ത്യയില്‍ നിന്ന് 15 നര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി കഥക്ക് അവതരിപ്പിച്ചു. 2022 ല്‍ തന്നെ ഗുരുവായൂരില്‍ 11 കുട്ടികളുടെ അരങ്ങേറ്റം ഗുരുവായൂരില്‍ നടത്തി. കൂടാതെ ഗുരുജിയെകൂടി ഉള്‍പ്പെടുത്തി സംഗീത നാടക അക്കാദമിയില്‍ കഥക്കിന്റെ ശില്പശാല നടത്തി. അതിനുശേഷമാണ് 2023 ല്‍ തൃശ്ശൂര്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ കഥക്ക് അവതരിപ്പിച്ചത്. കൂടാതെ 10 കഥക്ക് ശില്പശാലകള്‍ നടത്തി. അത് പത്ത് രീതികളായിരുന്നു. തൃശ്ശൂര്‍ കിഴക്കേകോട്ടയില്‍ പല കലകള്‍ പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കഥക്ക് പഠിപ്പിക്കുന്നുണ്ട്.

മറക്കാനാവാത്ത അനുഭവം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നില്‍ കഥക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഒരു അനുഭവമായിരുന്നു. 2023 ല്‍ എനിക്കു കിട്ടിയ ഒരു സൗഭാഗ്യമായിരുന്നു അത്. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിലായിരുന്നു അത്. ന്യൂഡല്‍ഹിയിലെ പ്രകൃതി മൈതാനിയിലെ ഭാരത് മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു അത്. ഞാനും എന്റെ ശിഷ്യരും കൂടിയാണ് കഥക്ക് അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ മുന്നില്‍ ഒരു മലയാളി കഥക്ക് അവതരിപ്പിച്ചത് ഒരു പക്ഷെ ഞാനായിരിക്കും. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ഗ്രൂപ്പില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കഥക്കിന്റെ കൊറിയോഗ്രഫി ചെയ്യുന്നുണ്ട്.
ഈ വര്‍ഷം നടന്ന അമ്പതാമത് ഖജുരാവോ ഫെസ്റ്റിവലില്‍ കഥക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു മറക്കാനാവാത്ത അനുഭവം. അവിടെ കഥക്ക് അവതരിപ്പിച്ച കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ആളായിരുന്നു ഞാന്‍. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷമാണ് ഖജുരാവോ ഫെസ്റ്റിവല്‍.
കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, തുള്ളല്‍ തുടങ്ങി ഏറ്റവും കൂടുതല്‍ കലകളുടെ കേന്ദ്രമായ ദക്ഷിണേന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് ഉത്തരേന്ത്യന്‍ കലയായ കഥക്കിനെ അതിന്റെ ശുദ്ധതയില്‍ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും സ്വന്തം ജീവിതം ഉഴിഞ്ഞു വച്ച കലാകാരിയാണ് ശരണ്യ സഹസ്ര. അവതിപ്പിച്ചുകൊണ്ടു തന്നെ പ്രചാരം നല്‍കുക എന്നതാണ് തന്റെ രീതിയെന്നും ശരണ്യ തന്റെ ലക്ഷ്യം പറഞ്ഞുവെക്കുന്നു.
കഥക്ക്: അല്പം ചരിത്രം
കഥ എന്ന വാക്കില്‍ നിന്നാണ് കഥക് എന്ന പേര് ഉരുത്തിരിഞ്ഞു വന്നതെന്നാണ് പറയപ്പെടുന്നത്. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും പുരാതനകാലം മുതല്‍ നിലവിലുണ്ടായിരുന്ന ഈ കലാരൂപത്തില്‍ പ്രധാനമായും ഒരു കാലത്ത് ശ്രീകൃഷ്ണകഥകളാണ് അവതരിപ്പിച്ചിരുന്നത്. കൈമുദ്രകള്‍ കൊണ്ടും പാട്ടുകള്‍ പാടിയുമാണ് കഥകള്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരത്തോടൊപ്പം കഥക് ഒരു വ്യത്യസ്തമായ നൃത്തരൂപമായി വികാസം പ്രാപിക്കുകയായിരുന്നു എന്നാണ് പരിണാമവഴികള്‍ സാക്ഷ്യപ്പെടുത്തുന്നത്. മുഗള്‍ ചക്രവര്‍ത്തിമാരുടെ കീഴില്‍ കഥക് അവരുടെ സഭകളില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന കാലയളവിലാണ് ഈ നൃത്തരൂപം ഇന്നത്തെ രൂപത്തിലേക്ക് പരിണമിച്ചതെന്നു പറയപ്പെടുന്നു.
കഥക്കിന് ഇന്നു പ്രഖ്യാതങ്ങളായ പല ശൈലികള്‍ (ഖരാനകള്‍) ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ലഖ്‌നൗ ഖരാനയും ജയ്പുര്‍ ഖരാനയും ആണ്. ഇന്നു രാജസ്ഥാന്‍, ബനാറീസ് ഖരാനകളും പ്രസിദ്ധങ്ങളായി തീര്‍ന്നിട്ടുണ്ട്. ജയ്പുര്‍ ഖരാന ശിവഭക്തിയില്‍ നിന്നു രൂപം കൊണ്ടതാണ്. ശിവനൃത്തം അഭ്യസിച്ച ഭാനുജിയാണ് ഈ ഖരാനക്ക് രൂപം കൊടുത്തത്. അദ്ദേഹത്തിന്റെ പുത്രന്മാരും പൗത്രനായ ഗിന്താജിയുമാണ് ജയ്പൂര്‍ ഖരാനയെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയത്. അതോടുകൂടി കഥകില്‍ ശ്രീകൃഷ്ണന്റെ ലാസ്യനൃത്തവും, ശിവന്റെ താണ്ഡവനൃത്തവും കൂടി സമ്മേളിച്ചു.
വേദിയില്‍ നര്‍ത്തകര്‍ പ്രവേശിക്കുന്നത് ''ആമദ്''(വന്ദനം) എന്ന ചടങ്ങോടെയാണ്. ഒരു കൈ ഉയര്‍ത്തിയും മറ്റേ കൈ അരയില്‍ വച്ചും, കണ്ണുകള്‍ ഇരുഭാഗത്തേക്കു ചലിപ്പിച്ചും, പുരികങ്ങള്‍ മാറി മാറി ഉയര്‍ത്തിയും, താഴ്ത്തിയും, കഴുത്തുവെട്ടിച്ചും ഉള്ളനില കഥകിന്റെ പ്രത്യേകതയാണ്. സമത്തില്‍ നിന്ന് ദ്രുതത്തിലേയ്ക്കും, അതിദ്രുതത്തിലേയ്ക്കും ഉള്ള താളസംക്രമണം അകൃത്രിമമാക്കുന്നതിലാണ് കഥക് നര്‍ത്തകരുടെ സാമര്‍ത്ഥ്യം. കണങ്കാലിന്റെ അയത്നലളിതമായ ഭ്രമണം(ചുറ്റല്‍) കഥകിന്റെ സവിശേഷതയാണ്.
ഭരതനാട്യത്തെപ്പോലെ വര്‍ണശബളമല്ല കഥകിന്റെ വേഷം. ഇറക്കമുള്ള കമ്മീസും അരക്കെട്ടു വസ്ത്രവും ധരിച്ച് ഓരോ കാലിലും നൂറ്റിപ്പത്ത് ചിലങ്കകള്‍ ഉറപ്പുള്ള ചരടില്‍ കോര്‍ത്തുകെട്ടുകയാണ് പതിവ്.
Content Highlights: Kerala`s Sharanya Sahasra, a Kathak exponent, is popularizing the North Indian classical dance form
Published: 20 Jan 2025, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented