നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ സിനിമയുടെ ട്രെയ്‌ലർ ഇറങ്ങിയതുമുതൽ ചിത്രത്തിലെ താരങ്ങളുടെ വസ്ത്രധാരണത്തെ ട്രോളിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. ചിത്രത്തിൽ സീതയായെത്തുന്ന സായ് പല്ലവിയുടെയും കൈകേയി ആയെത്തുന്ന ലാറ ദത്തയുടെയും ലുക്കിനെതിരായാണ് വ്യാപകമായി വിമർശനങ്ങൾ ഉയർന്നത്. ഇരുവരുടേയും വസ്ത്രങ്ങൾ ത്രേതായുഗത്തിലെ കഥയ്ക്ക് അനുയോജ്യമല്ലെന്നും മോഡേൺ ആണെന്നുമായിരുന്നു വിമർശനം. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമയിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിന് പിന്നിലെ സർഗാത്മകതയെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും സംസാരിക്കുകയാണ് മൂന്നുപതിറ്റാണ്ടായി ഈ രംഗത്ത് സജീവമായ മലയാളത്തിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ എസ്ബി സതീശൻ.

To advertise here,

 

രാമായണം സിനിമയുടെ ട്രെയ്‌ലർ ഇറങ്ങിയതുമുതൽ ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളെപ്പറ്റി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വിമർശനങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്

 

വിമർശനങ്ങളെ നോക്കിയിട്ട് കാര്യമില്ല. ശ്രീരാമനെയോ സീതയെയോ കണ്ട ആരെങ്കിലുമുണ്ടോ? ഇതൊക്കെ സാങ്കല്പികമാണ്. ഒരു സംവിധായകന്റെയും കോസ്റ്റ്യൂം ഡിസൈനറുടെയും സ്വാതന്ത്ര്യമാണ്. ആളുകളെ അക്കാലത്തെ കഥാപാത്രങ്ങളാണ് അവർ എന്ന് വിശ്വസിപ്പിക്കാൻ കഴിയുന്നതാണ് ഒരു കോസ്റ്റ്യൂം ഡിസൈനറുടെ വിജയം. ഗുരു എന്ന സിനിമയിൽ കാണുന്നത് ഞാനും സംവിധായകനും കൂടിച്ചേർന്നുണ്ടാക്കിയ ഒരു ലോകമാണ്. ദയ എന്ന ചിത്രത്തിലേക്ക് വരികയാണെങ്കിൽ കുറേ റഫറൻസ് എടുത്തുവച്ചാണ് അത് ചെയ്യുന്നത്. അത് നാം അതുവരെ കണ്ടിട്ടുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായിരുന്നില്ലേ? കിന്നരി തൊപ്പികളോ വളരെ തിളക്കമുള്ള ഒന്നുമായിരുന്നില്ല ആ ചിത്രത്തിലെ വസ്ത്രങ്ങൾ. ആ പ്രദേശത്തെ കാലാവസ്ഥ കൂടി കണക്കിലെടുത്താണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്.

ഒരു കോസ്റ്റ്യൂം ഡിസൈനർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അതാർക്കും ചോദ്യം ചെയ്യാനാവില്ല. കഥാപാത്രങ്ങൾ ആർക്കും കണ്ടിരിക്കാൻ പറ്റാത്ത രീതിയിലുളള വസ്ത്രധാരണത്തിലാണ് നിൽക്കുന്നതെങ്കിൽ അതെല്ലാം നോക്കാനുള്ളതാണ് സെൻസർ ബോർഡ്.

ബാഹുബലി എന്ന ചിത്രമെടുത്ത് നോക്കൂ. ഇത്രയും ഹിറ്റായി ഇന്ത്യയും കടന്ന് പുറത്തുപോയ പടമാണ്. അത് പക്ഷെ സാങ്കല്പികമല്ലേ. സംവിധായകന്റെ സാങ്കല്പികലോകമാണ് അത്. കോസ്റ്റ്യൂം ചെയ്ത ആളുടെയും. ഞാനും അങ്ങനെയാണ് ചെയ്യുന്നത്. ഞാനിപ്പോൾ ചെയ്യുന്ന അറ്റ്‌ലീയുടെ പടമായാലും മുത്തുരാജ് സംവിധാനം ചെയ്യുന്ന മന്ത്രയായാലും കോസ്റ്റ്യൂം ഡിസൈനറും സംവിധായകനും ചേർന്ന് കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കുകയാണ്.

രാമൻ, സീത മറ്റ് ദേവീ ദേവന്മാർ എന്നിവരെക്കുറിച്ചുള്ള ഒരു സങ്ക്‌ലപം നമുക്ക് ലഭിക്കുന്നത് കലണ്ടർ പെയിന്റിങ്ങുകളിൽ നിന്നും രാജാ രവിവർമയിൽ നിന്നും മറ്റുമാണ്, അവരുടെ ഒരു വ്യാഖ്യാനമാണ് അത്. അതുപോലെ സിനിമയിലേക്ക് വരുമ്പോൾ കോസ്റ്റ്യൂം ഡിസൈനറുടെ കാഴ്ചപ്പാടിലെ കഥാപാത്രങ്ങളെയല്ലേ നാം കാണുന്നത്?

തീർച്ചയായിട്ടും, ഞാൻ അങ്ങനെയാണ് ചെയ്യുക. ഞാൻ ഒരു രവിവർമ ഫാനാണ്. എന്റെ ഗുരുനാഥൻ രവിവർമയാണ്. അങ്ങനെ സങ്കല്പിച്ചുകൊണ്ടാണ് ഞാൻ കോസ്റ്റ്യൂം ഡിസൈൻ ചെയ്യാറുള്ളത്. പല സമയങ്ങളിലും അദ്ദേഹത്തിന്റ സ്‌കെച്ചുകളും ചില കളർ കോമ്പിനേഷനുകളും എന്റെ പടങ്ങളിൽ ഞാൻ സ്വീകരിക്കാറുമുണ്ട്. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ നോക്കിക്കൊണ്ട് ശ്രദ്ധിച്ച് നോക്കിയാൽ സൂചിമുന പോലുള്ള പെയിന്റിങ്ങ് ഡീറ്റെയിലിങ്ങുകൾ, കോമ്പിനേഷനുകൾ കാണാം. രവിവർമ പെയിന്റിങ്ങിലൂടെയല്ലേ നാം ദേവന്മാരുടെ രൂപങ്ങൾ കണ്ടത്. അതിനുമുമ്പും ഈ സങ്കല്പങ്ങളുണ്ട്. വടക്കുന്നാഥൻ ക്ഷേത്രത്തിൽ പോയി നോക്കൂ, പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയി നോക്കൂ. ഈ ക്ഷേത്രങ്ങളിലെ ശിലകളിൽ കൊത്തിവച്ചിരിക്കുന്നത് മറ്റുരൂപങ്ങളാണ്, അത് ആ ശില്പിയുടെ ഭാവനയാണ്. അതുപോലെയാണ് കോസ്റ്റ്യൂം ഡിസൈനറുടേതും. നമ്മുടെ ജോലി കോസ്റ്റ്യൂം എല്ലാം തയ്യാറാക്കി, ട്രയൽ സമയത്ത് സംവിധായകൻ ഓക്കേ പറഞ്ഞാൽ അതങ്ങ് തയ്യാറാക്കി വിടുക എന്നുള്ളതാണ്. അവർ ചെയ്തത് മോശമായി എന്ന് പറയേണ്ട കാര്യമേയില്ല. കാരണം ശ്രീരാമനെയും സീതയെയും കണ്ടവരില്ല, അതവരുടെ ഭാവനയാണ്.

ഒരു സ്‌ക്രിപ്റ്റ് കയ്യിലേക്ക് വരുമ്പോൾ കോസ്റ്റ്യൂം ഡിസൈനർക്ക് അയാളുടേതായ ഒരു സ്വാതന്ത്ര്യം ഉണ്ടായിരിക്കും അതുപോലെ ഡയറക്ടർക്ക് ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കും..അപ്പോൾ ഒരു കഥാപാത്രത്തിന് കോസ്റ്റ്യൂം നിശ്ചയിക്കുന്നതിന് പിന്നിലുള്ള ചിന്തകളും ചർച്ചകളും എങ്ങനെയാണ്?

ഇന്ന് എല്ലാ സിനിമയിലും പ്രൊഡക്ഷൻ ഡിസൈനർ ഉണ്ട്. അദ്ദേഹമാണ് സംവിധായകന് വേണ്ടി കാര്യങ്ങൾ വ്യക്തമാക്കുന്നത്. ക്യാമറ മാൻ, പ്രൊഡക്ഷൻ ഡിസൈനർ, ആർട്ട് ഡയറക്ടർ, മേക്കപ്പ് മാൻ, കോസ്റ്റിയൂം ഡിസൈനർ എന്നിവരെല്ലാം ചേർന്നിരുന്നാണ് കോസ്റ്റിയൂമിനെ കുറിച്ചുള്ള പ്രാഥമിക ചർച്ച നടത്തുന്നത്. കോസ്റ്റ്യൂമിന്റെ പാറ്റേണുകളിൽ തീരുമാനമെടുക്കുന്നത് പ്രൊഡക്ഷൻ ഡിസൈനറും കോസ്റ്റ്യൂം ഡിസൈനറും കൂടിയാണ്. ബാക്ക്‌ഡ്രോപ്, ആക്‌സസറികൾ, ഷൂട്ട് പാലസിലാണോ, ബാക്ക്ഗ്രൗണ്ട് ഗ്രീനാണോ തുടങ്ങി ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യും. അവിടെ നിന്ന് ഒരു രൂപമുണ്ടാക്കിപ്പോയി ട്രയലിനുള്ള വസ്ത്രങ്ങളുമായി നമ്മളെത്തും. ഇപ്പോൾ ഷൂട്ടിന് ഒരു മൂന്നുനാല് മാസം മുൻപേ ട്രയൽ ഷൂട്ട് നടക്കും. ലൈറ്റിങ് ഉൾപ്പെടെ ചെക്ക് ചെയ്ത് അതിലെ കളറിൽ മാറ്റം വരുത്തണോ, പാറ്റേണിൽ മാറ്റം വരുത്തണോ, ക്രൗണിന്റെ വലിപ്പം കൂട്ടണോ, കുറയ്ക്കണോ എന്നൊക്കെ ചർച്ച ചെയ്യും ആവശ്യമെങ്കിൽ മാറ്റും. സംവിധായകന് അതിഷ്ടമായാൽ ഓക്കേയാകും. പ്രേംനസീർ സാർ അഭിനയിച്ച ശ്രീരാമപട്ടാഭിഷേകം പോലെ ഒരു സിനിമ ഇപ്പോൾ ചെയ്യണം എന്നുവിചാരിച്ചാൽ നടക്കില്ല. കാലം മാറി വരികയാണ്. ക്രിയേഷൻ മാറി വരുന്നു. അതിന് അനുസരിച്ച് എല്ലാവരുടെയും രൂപം മാറും. അതിലൊക്കെ വ്യത്യാസമുണ്ടാകും. ഇപ്പോൾ രാമൻ പ്രത്യക്ഷപ്പെടുന്നത് മസിലൊക്കെ ആയിട്ടാണ്. രാവണനും രാമനും എല്ലാം മാറി. ഇന്നത്തെ ആളുകൾക്ക അങ്ങനെ കാണാനാണ് ഇഷ്ടം.

പിരീഡ് സിനിമകൾ ചെയ്യുമ്പോൾ എത്രത്തോളം ഗവേഷണത്തിന്റെ ആവശ്യമുണ്ട്?

നന്നായി ചെയ്യുന്നുണ്ട്. ദയ ചെയ്യുമ്പോൾ കുറച്ച് പാടുപെട്ടു. ഇന്നൊന്നും അത്ര എഫർട്ട് വേണ്ടി വരാറില്ല. കാരണം അതിന്റെ സ്‌ക്രിപ്റ്റ് എംടി സാറും സംവിധായകൻ ക്യാമറമാൻ വേണുവുമാണ്. വേണുസാർ സിനിമയുടെ ഒരു പുസ്തകം പോലെയാണ്. സത്യത്തിൽ വലിയ ഭാഗ്യമുള്ള ഒരാളാണ് ഞാൻ. എന്റെ ആദ്യപടം അടൂർ ഗോപാലകൃഷ്ണന്റെ കൂടെയാണ്. അതിനുശേഷം രാജീവ് അഞ്ചലുമായി അടുത്തപടം, അതുകഴിഞ്ഞ് ദയ. രാജീവ് അഞ്ചൽ എന്നൊക്കെ പറഞ്ഞാൽ സിനിമയുടെ വേറൊരു ലൈനാണ്. കളർസ്‌കീമിന്റെയും മറ്റും കാര്യത്തിൽ വളരെ വ്യത്യസ്തനാണ്. അടൂർ സാറിന്റെ സ്‌ക്രിപറ്റിന്റെ കാര്യം പറയേണ്ടല്ലോ. നാച്ചുറാലിറ്റിയും രീതിയും. വേണുസാറും അതുപോലെ തന്നെ. എംടി സാറിന്റെ സ്‌ക്രിപ്റ്റ് വായിക്കുമ്പോഴേക്കും ഒരു ചെറിയ ബുദ്ധിയുള്ളവന് പോലും മനസ്സിലാകും അതുപോലെയാണ് കാര്യങ്ങൾ എഴുതിവയ്ക്കുക. ഡ്രസിലെ ഒരു ചെറിയ ചുളിവ് പോലും സ്‌ക്രിപ്റ്റിൽ കാണും. ഒരു വട്ടം സ്‌ക്രിപ്റ്റ് വായിച്ച് അതിന്റെ ടോട്ടാലിറ്റി മനസ്സിലാക്കിക്കഴിഞ്ഞ് കോസ്റ്റ്യൂം ഡിസൈനറായിട്ട് ആ സ്‌ക്രിപ്റ്റ് വായിച്ചുകഴിഞ്ഞാൽ കഥാപാത്രത്തെ പൂർണമായും മനസ്സിലാക്കാൻ സാധിക്കും.

രാമായണം പോലുള്ള ഒരു പിരീഡ് സിനിമ എടുക്കുകയാണെങ്കിൽ അതിന്റെ പല നരേറ്റീവുകൾ നമ്മൾ സിനിമയായി കണ്ടിട്ടുണ്ട്, ചിത്രകഥകളായും സീരിയലായും എല്ലാം കണ്ടിട്ടുണ്ട്. അപ്പോൾ മനസ്സിൽ പതിഞ്ഞുപോയ ചില സങ്കല്പം ഈ കഥാപാത്രങ്ങളുടെ രൂപവുമായി ബന്ധപ്പെട്ട് മനസ്സിലുണ്ടായിരിക്കുമല്ലോ? അത് കോസ്റ്റ്യൂം ഡിസൈനർക്ക് ഒരു ഭാരമോ വെല്ലുവിളിയോ ആകാറുണ്ടോ?

അവിടെയാണ് സാങ്കല്പിക സ്വാതന്ത്ര്യമുള്ളത്. പഴയകാല പെയിന്റിങ്ങുകളിലൂടെ കണ്ടിട്ടുള്ള രാമനും സീതയും രാവണനും മനസ്സിലുണ്ടാകും അതിന്റെ ബേസ് വേണം. അതല്ലെങ്കിൽ ഇന്ന കഥാപാത്രമാണ് ഇത് എന്ന്പറഞ്ഞെടുക്കാൻ വല്ലാത്ത അധ്വാനം ആവശ്യം വരും. പണ്ടുകാലത്ത് പത്തുതല വച്ചാണ് രാവണനെ കാണിച്ചിരുന്നത്. എന്നാൽ ഇന്ന് അതിന്റെ ആവശ്യമില്ല. അയാളുടെ വാക്കുകളിലൂടെയും ബാക്ക് ഡ്രോപ്പിലൂടെയും ജനത്തിന് അത് മനസ്സിലാകുന്ന രീതിയാണ് ചെയ്യാറുള്ളത്.

സംവിധായകനുമായി ഇരിക്കുമ്പോൾ നമുക്ക് ഇങ്ങനെ ചെയ്താലോ എന്നുള്ള ചർച്ചകൾ ഞാൻ നടത്താറുണ്ട്. മറ്റുള്ള സിനിമകളിൽ ഈ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നമുക്കത് മാറ്റി ചെയ്താലോ എന്നെല്ലാം പറയാറുണ്ട്. അപ്പോൾ ചെയ്തുനോക്കാൻ പറയും, ചെയ്യും. ആ കഥാപാത്രമായി ചെയ്യുന്ന ആൾ കഥാപാത്രത്തിന്റെ മാനറിസം കൂടെ കോസ്റ്റ്യൂമിൽ അപ്ലൈ ചെയ്യുമ്പോഴാണ് സംവിധായകനും ക്യാമറമാനും പ്രൊഡക്ഷൻ ഡിസൈനറും അത് ഓക്കേയാണ് എന്നുപറയുക.

ഇനി ഇതെല്ലാം ഓക്കേയായാലും ആളുകളുടെ മനസ്സിൽ അത് കയറണമെങ്കിൽ സ്‌ക്രിപ്റ്റ് സൂപ്പർ ആയിരിക്കണം. സൂപ്പർ സംവിധായകനായിരിക്കണം. പടം ആളുകൾ കാണണം. അപ്പോൾ പണ്ടത്തെ സിനിമ മറന്ന് പുതിയ സിനിമയെ ഓർക്കും. അതുകൊണ്ടാണ് പാലാട്ട് കുഞ്ഞിക്കണ്ണനിൽ മോശമായിരുന്ന ചന്തു വടക്കൻ വീരഗാഥയിലൂടെ നല്ലവനായത്. അത് എംടിസാറിന്റെ സ്‌ക്രിപ്റ്റിന്റെ ബലം കൊണ്ടാണ്. അത് പ്രധാനമാണ്. കഥാപാത്രം നന്നായാലേ ആളുകളുടെ മനസ്സിൽ ആ രൂപം കയറൂ.

രാജമാണിക്യം പടം ഹിറ്റായതിനാലാണ് ആ കഥാപാത്രം അങ്ങനെ നിൽക്കുന്നത്. കളർ ജുബ്ബയും മുണ്ടും ഉടുത്താൽ രാജമാണിക്യം ആയി. പടം ഫ്‌ളോപ്പായാൽ ആരും അതോർക്കുകയില്ല. കോട്ടയം കുഞ്ഞച്ചനെ നോക്കൂ. വെളുത്ത മുണ്ടും ജുബ്ബയും എത്രയോ പടത്തിലുണ്ട്. പക്ഷെ കുഞ്ഞച്ചനെന്നു പറയുമ്പോൾ മനസ്സിൽ വരുന്ന രൂപം വെള്ള ജുബ്ബയും മുണ്ടും കസവുകൊണ്ടുള്ള തലയിൽ കെട്ടുമാണ്.

കോസ്റ്റ്യൂം ഡിസൈനിൽ സ്വാധീനിച്ച ചിത്രങ്ങളുണ്ടോ?

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമ വടക്കൻ വീരഗാഥയായിരുന്നു. വളരെയധികം ഇമേജിൻ ചെയ്താണ് അതിന്റെ കോസ്റ്റ്യൂം ഡിസൈനെല്ലാം ചെയ്തിരിക്കുന്നത്. കളരിപ്പയറ്റിന് പോകുന്ന ഉണ്ണിയാർച്ച ഇത്രയും ആഭരണങ്ങളിട്ട് നിൽക്കുമോ? അവര് കഴുത്തുമുറിയുന്ന പാലക്ക മാല ഇട്ടിട്ട് നിൽക്കില്ല. ആർട്ട് ഡയറക്ടർ കൃഷ്ണമൂർത്തി സാറിന് കോസ്റ്റ്യൂമിന് നാഷണൽ അവാർഡ് കിട്ടിയ പടമാണ് അത്. അതാണ് പറയുന്നത് നാം അതിൽ കണ്ടത് കോസ്റ്റ്യൂം ഡിസൈനറുടെ ഒരു ലോകമാണ്. ചരിത്ര പശ്ചാത്തലത്തിനൊപ്പം ഒരു സിനിമാറ്റിക് വിഷ്വലൈസേഷനും കോസ്റ്റ്യൂമിലൂടെ ആ കഥാപാത്രത്തിന് നൽകുന്നുണ്ട്. രാവിലെയും വൈകുന്നേരവും കളരിയിൽ ഇറങ്ങി മെയ്യാഭ്യാസം ചെയ്യുന്ന ഉണ്ണിയാർച്ചയെപ്പോലെ ഒരു കഥാപാത്രം ഒരിക്കലും ഇത്രയേറെ ആഭരണങ്ങളണിഞ്ഞ് നിൽക്കില്ല. അത് ആ കഥാപാത്രത്തിന് നൽകിയ സിനിമാറ്റിക് വേർഷനാണ്. നാടകത്തിനായാലും സിനിമയ്ക്കായാലും അതിന് വേണ്ടിയാണ് നമ്മളെ വയ്ക്കുന്നത്. അതല്ലെങ്കിൽ എന്തെങ്കിലും ഒരു വസ്ത്രമണിയിച്ച് ഉണ്ണിയാർച്ചയെ വിട്ടാൽ പോരേ.

ഒരു കാഥാപാത്രത്തിന്റെ രൂപവത്ക്കരണത്തിൽ കോസ്റ്റ്യൂമിന് ഉള്ള പ്രാധാന്യമെന്താണ്?

ഭയങ്കര പ്രാധാന്യമുണ്ട്. ഉദാഹരണത്തിന് നിങ്ങൾ ഒരു ചുരിദാർ ഇട്ടുവരുന്ന ആളാണെങ്കിൽ ഒരു ദിവസം കസവ് ചുറ്റി മുല്ലപ്പൂ വച്ചുവന്നാൽ എന്താണ് സ്‌പെഷ്യൽ എന്ന് എല്ലാവരും ചോദിക്കും അല്ലേ? അതുപോലെ സാധാരണ ചുരിദാർ ഇട്ട് വന്ന പെൺകുട്ടി അതിന് മുകളിൽ ഒരു കോട്ടിട്ടാൽ നഴ്‌സായി. അവിടെ ആരോടും നഴ്‌സാണെന്ന് പറയുകയോ, ഇൻട്രോഡ്യൂസ് ചെയ്യുകയോ വേണ്ട. കോസ്റ്റ്യൂമിലൂടെ മനസ്സിലാകും. അതാണ് ലളിതമായി പറഞ്ഞാൽ കോസ്റ്റ്യൂമിന്റെ കഴിവ്.

സിനിമകളാണ് വസ്ത്രധാരണത്തിൽ ട്രെൻഡ് സെറ്റുചെയ്യാറുള്ളത്. ഒരു ട്രെൻഡ് സെറ്റ് ചെയ്യാനായി മനഃപൂർവം ശ്രമിക്കാറണ്ടോ?

ഞാനങ്ങനെ പ്രതീക്ഷ വച്ചിട്ടല്ല സിനിമ ചെയ്യാറുള്ളത്. ആ സിനിമയുടെ സന്ദർഭം, കഥാപാത്രത്തിന് എങ്ങനെ മാച്ച് ആകുന്നു എന്ന് നോക്കി മാത്രമാണ് കോസ്റ്റ്യൂം ചെയ്യാറുള്ളത്. ഇപ്പോൾ ഉസ്താദ് മുണ്ട്, ചോക്ലേറ്റ് സാരി എന്നെല്ലാം പറഞ്ഞ് ഞാൻ ചെയ്ത കോസ്റ്റ്യൂമുകൾ ട്രെൻഡ് ആയിരുന്നു. ചോക്ലേറ്റ് സാരി അതിനുമുൻപ് ശാരദാമ്മ ഉടുത്തിട്ടുള്ളതാണ്. അത് മനസ്സിൽവച്ച് ചെയ്യുന്നതല്ല. നേരത്തേ പറഞ്ഞതുപോലെ സിനിമ ഹിറ്റാകുമ്പോൾ പാട്ട് ഹിറ്റാകുമ്പോൾ ആളുകൾ അത് സ്വീകരിക്കുന്നതാണ്.

നൂറുകണക്കിന് സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുള്ള വ്യക്തിയാണ്. ആദ്യകാലത്തെ വച്ച് എന്തുമാറ്റങ്ങളാണ് ഈ രംഗത്ത് വന്നിട്ടുള്ളത്?

ഇപ്പോൾ കോസ്റ്റ്യൂം ഫോണിൽ പർച്ചേസ് ചെയ്യാം. വന്നുകഴിഞ്ഞാൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ തിരിച്ചയയ്ക്കാം. പണ്ട് ആർട്ടിസ്റ്റുകൾ വലിയ ആളുകളായിരുന്നു. ഇവർക്ക് ടീഷർട്ട് എടുക്കണമെങ്കിൽ ബെംഗളുരുവിൽ പോകണം. ചെന്നൈയിലെ ചില കടകളിൽ ചിലപ്പോൾ കിട്ടും. അല്ലെങ്കിൽ ബോംബെയിൽ പോകണം. അത് ഭാരിച്ച ജോലിയായിരുന്നു. കാരണം സെലക്ട് ചെയ്തുകൊണ്ടുവരുന്നത് ആർട്ടിസ്റ്റിനും സംവിധായകനും ഇഷ്ടപ്പെടണം. അന്ന് ഒരു കോസ്റ്റ്യൂം ഹണ്ടിങ് ആണ്. ഇന്ന് പാലാരിവട്ടത്തുനിന്നും തമ്മനത്തുനിന്നും ഡ്രസ് കിട്ടും. അതുകൊണ്ടാണ് കഴിഞ്ഞ 10 വർഷമായി ഞാൻ കമേഴ്ഷ്യൽ സിനിമകൾ അധികം ചെയ്യാറില്ല. അതിൽ ഒരു ത്രില്ലില്ല.